വിഐപി പാസ്സുകള്‍ റദ്ദാക്കി; മഹാ കുംഭമേളയില്‍ അടിമുടി മാറ്റങ്ങള്‍

വിഐപി പാസ്സുകള്‍ റദ്ദാക്കി; മഹാ കുംഭമേളയില്‍ അടിമുടി മാറ്റങ്ങള്‍

ലഖ്‌നോ: മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ പ്രയാഗ് രാജില്‍ കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് കൊണ്ടുവന്നത്.

മഹാകുംഭ മേള നടക്കുന്ന ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടില്ല. അതുപോലെ വി.വി.ഐ.പി പാസുകളും റദ്ദാക്കിയിട്ടുണ്ട്. അയല്‍ജില്ലകളില്‍ നിന്ന് പ്രയാഗ് രാജിലേക്കുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തിയിടണം. ഫെബ്രുവരി നാല് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പ്രയാഗ് രാജിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ അതിഷി ഗോയലും ഭാനു ഗോസ്വാമിയും ഉടന്‍ എത്തും.

2019ലെ അര്‍ധ കുംഭമേള നടത്തിയത് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. അന്ന് ഭാനു ഗോസ്വാമി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും കുംഭമേള അതോറിറ്റി വൈസ് ചെയര്‍മാനുമായിരുന്നു. അതിഷി അലഹബാദ് കമീഷണറും. ഇവരെ കൂടാതെ സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയും കുംഭമേള നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.

ദുരന്തത്തിന് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ യു.പി മുഖ്യമന്ത്രി ആദിത്യ നാഥ് യോഗി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കുംഭമേള ദുരന്തത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് ദുരന്തം. സന്യാസിമാര്‍ക്കൊപ്പമുള്ള ഗംഗാ സ്‌നാനത്തിന് ഭക്തര്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

മൗനി അമാവാസി ദിനമായതിനാല്‍ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്‌നാനത്തിനെത്തിയത്. ഭക്തര്‍ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവര്‍ക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. ഇവരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്.അപകടത്തില്‍പെട്ടവരെ സ്ട്രച്ചറുകളിലും ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ നടത്തുന്ന അമൃതസ്‌നാനം മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. ദുരന്തത്തിന് പിന്നാലെ നിര്‍ത്തിവെച്ച സ്‌നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു. ആചാരമനുസരിച്ച് മൂന്ന് സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിലാണ് ഭക്തര്‍ സ്‌നാനം നടത്തുന്നത്.

സന്യാസി, ബൈരാഗി, ഉദസീന്‍ എന്നീ മൂന്ന് സന്യാസി സമൂഹങ്ങളില്‍പെട്ടവരുടെ നേതൃത്വത്തിലാണ് പുണ്യസ്‌നാനം. 12 വര്‍ഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജില്‍ 9-10 കോടി ഭക്തര്‍ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിൻ്റെ 30-ാമത് വാർഷികവും കുടുംബ സംഗമവും നടന്നു

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിൻ്റെ 30-ാമത് വാർഷികവും കുടുംബ സംഗമവും നടന്നു

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ചിൻ്റെ 30-ാമത് വാർഷികവും കുടുംബ സംഗമവും റിപ്പബ്ളിക്ക് ദിനമായ ജനുവരി 26-ന് കൊട്ടിയോടുള്ള വിമുക്തഭട ഭവനിൽ വച്ച് സമുചിതമായി ആഘോഷിച്ചു. സമ്മേളന ഉദ്ഘാടനം വാർഡ് കൗൺസിലർ ആർ രാജുവും, കുടുംബസംഗമം ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്തും നിർവ്വഹിച്ചു.

ബ്രാഞ്ച് പ്രസിഡൻ്റ് സനൽകുമാർ, സെക്രട്ടറി തങ്കപ്പൻ പിള്ള, ട്രഷറർ വിജയകുമാർ, സെക്രട്ടറി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജയകുമാർ, മഹിളാ വിംഗ് ഭാരവാഹികൾ സന്നിഹിതരായിരുന്നു. ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ടിപി അംബിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ആലംകോട് ആസാദ് ചന്ദ്രൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപാ രവി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരിയകാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രും കോടതി അറസ്റ്റ് താല്‍കാലികമായി തടഞ്ഞതോടെയാണ് ഇയാള്‍ പൊലീസിനു മുന്നില്‍ ഹാജരായത്. ഹൈകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെ പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പിന്നാലൊയണ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.

കുടുംബ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട ജയചന്ദ്രന്‍ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഇയാള്‍ക്കെതിരെ പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേനെയാണ് പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കോട്ടയം സ്വദേശിയായ ജയചന്ദ്രന്‍ ഏറെക്കാലമായി കോഴിക്കോട് മാങ്കാവിലെ ഏള്ളുവളപ്പില്‍ വീട്ടിലാണ് താമസം. നിരവധി സിനിമകളിലും സീരിയലുകളിലും ഷോകളിലും ഹാസ്യ കഥാപാത്രമായാണ് ജയചന്ദ്രന്‍ വേഷമിട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു; പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു; പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ടു ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്.

വനിതാ ജനറല്‍ സംവരണമാണ് പ്രസിഡന്റ് പദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ഇന്നലെ തെരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ലീഗിന് നിലവില്‍ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയില്‍ നിന്നു വിജയിച്ചു വന്ന ഹസീന ശിഹാബിനെ ആയിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നം രമ്യതയിലെത്തിച്ചത്.

ലക്ഷ്മി ആലക്കാമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ബെന്നി ചെറിയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് വോട്ടു ചെയ്തു. പി വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് യുഡിഎഫിന് വോട്ടുചെയ്തതെന്ന് ബെന്നി ചെറിയാന്‍ പറഞ്ഞു. ഇടതുമുന്നണി വിട്ട ബെന്നി ചെറിയാൻ അടുത്തിടെയാണ് പി വി അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.

ഇതോടെ തൃണമൂൽ കോൺ​ഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. ജെഡിഎസ് അംഗമായിരുന്ന ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എൽഡിഎഫിനു നഷ്ടമായത്.