‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. ഇത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.

0.5 ശതമാനം മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വില്‍പ്പന നികുതിയും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ളതിനു 175 ശതമാനം വില്‍പ്പന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തിയത്. ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വില്‍പ്പനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിര്‍ദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയ കരടിന്റെ പകര്‍പ്പ് ഇന്നുതന്നെ എംഎല്‍എമാര്‍ക്കു ലഭിക്കും.

ബില്‍ പാസായാലും വില്‍പ്പനക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയില്‍ എത്തിക്കണമെങ്കില്‍ എക്‌സൈസിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നു മദ്യനയത്തില്‍ യുഡിഎഫ് തീരുമാനിക്കുമെന്നും വില്‍ക്കുന്നുണ്ടെങ്കില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതു തന്നെയാകും നികുതി ഘടനയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ബജറ്റ് പ്രഖ്യാപനം മദ്യക്കമ്പനികള്‍ക്കു വേണ്ടിയാണെന്ന് ആരോപിച്ച പ്രതിപക്ഷം, നികുതി കുറച്ച നടപടി ധനബില്ലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണു സര്‍ക്കാര്‍ നടപടി. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിഭാഗം മദ്യത്തിന് നികുതി നിശ്ചയിക്കാതിരുന്നതിനാല്‍ നികുതിഘടന നിശ്ചയിക്കുക മാത്രമാണു ചെയ്തതെന്നാണു യുഡിഎഫ് സര്‍ക്കാര്‍ നിലപാട്.

പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഞായറാഴ്ച 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക.

രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷനാകും.

22,288 ബൂത്താണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. യാത്രാവേളയില്‍ തുള്ളിമരുന്ന് നല്‍കാന്‍ 539 ട്രാന്‍സിറ്റ് ബൂത്ത്, 283 മൊബൈല്‍ ബൂത്ത്, ഒമ്പത് ഉത്സവ/മേള ബൂത്ത് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് 29നും 30നും വീടുകളിലെത്തി തുളളിമരുന്ന് നല്‍കും.

‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും കൈകൂപ്പി കരഞ്ഞപേക്ഷിച്ചും നടി രാധിക ശരത്കുമാർ. പൊതുദർശനത്തിന് വെച്ചിരുന്ന ഭാഗ്യരാജിന്റെ ഭൗതികദേഹത്തിന്റെ ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ സങ്കടങ്ങളും ക്ലോസ് അപ്പിൽ പകർത്താൻ ശ്രമിച്ച കാമറകൾക്ക് നേരെയാണ് രാധിക രൂക്ഷമായി പ്രതികരിച്ചത്.

അല്പം സ്വകാര്യത തന്നു കൂടേയെന്ന് അവർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. വൈകാരികമായാണ് രാധിക മൊബൈൽ കാമറയുമായെത്തിയവരോട് പ്രതികരിച്ചത്. “നിങ്ങൾക്ക് ആളുകളുടെ കണ്ണീരാണോ വേണ്ടത്?” എന്ന് ചോദിച്ചു കൊണ്ടാണ് കാമറകളുമായി എത്തിയവരോട് രാധിക ചോദിച്ചത്.

ഈ സമയത്ത് ദുഃഖിതരായ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് നടി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. “ഞാൻ കൈ കൂപ്പി അപേക്ഷിക്കുന്നു… ദയവായി ടിആർപികൾക്ക് പിന്നാലെ പോകരുത്. സിനിമയാണ് ഞങ്ങളുടെ തൊഴിൽ. ഞങ്ങളുടെ സിനിമകളിലൂടെ ഞങ്ങൾ നിങ്ങളെ രസിപ്പിക്കുന്നുണ്ട്. ദയവായി കുടുംബത്തിന് കുറച്ച് സ്വകാര്യത നൽകൂ.”- രാധിക പറഞ്ഞു.

ഇതിനിടയിലൂടെ വിഡിയോ എടുക്കരുതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നതും കേൾക്കാം. ശനിയാഴ്ചയാണ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.അടുത്തിടെ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ മൊബൈൽ കാമറയുമായെത്തിയവരോട് അദ്ദേഹത്തിന്റെ മകൻ ചന്തു സലിംകുമാറും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സംഭവം കേരളത്തിൽ വലിയതോതിൽ ചർച്ചയായി മാറിയിരുന്നു.

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

തൃശൂര്‍: വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഉത്തരേന്ത്യന്‍ തൊഴിലാളിയായ ദില്‍വാര്‍ അലിക്കാണ് പരിക്കേറ്റത്. അപ്പര്‍ പരലൈ എസ്റ്റേറ്റില്‍ തേയിലച്ചെടികള്‍ക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഈ സമയം അഞ്ച് തൊഴിലാളികളാണ് ജോലിയില്‍ ഉണ്ടായിരുന്നത്.

തോട്ടത്തില്‍ ഒളിച്ചിരുന്ന കരടി ദില്‍വാര്‍ അലിയെ ആക്രമിക്കുകയായിരുന്നു. തലയില്‍ പരിക്കേറ്റ് തൊഴിലാളിയുടെ നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ച് കരടിയെ വനമേഖലയിലേക്ക് ഓടിച്ചുവിട്ടു. പരിക്കേറ്റ ദില്‍വാര്‍ അലിയെ ആദ്യം വാല്‍പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാല്‍പാറയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വര്‍ധിച്ചതായി വനംവകുപ്പ് അറിയിച്ചു. വാട്ടര്‍ഫോള്‍, കവര്‍കല്‍, റോട്ടിക്കട, അയ്യര്‍പാടി തുടങ്ങിയ മേഖലകളില്‍ കരടികളുടെ സാന്നിധ്യം കൂടുതലായതിനാല്‍ തേയിലത്തോട്ട തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരടി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

യുഎഇ വിടാൻ താൽപര്യമില്ല !, 94 ശതമാനം പ്രവാസികളും ഹാപ്പി; കാരണമിതാണ്

യുഎഇ വിടാൻ താൽപര്യമില്ല !, 94 ശതമാനം പ്രവാസികളും ഹാപ്പി; കാരണമിതാണ്

ദുബൈ: യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ 94 ശതമാനം പേരും ഭാവിയിലും രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ റിപ്പോർട്ട്. മികച്ച ജീവിതനിലവാരം, തൊഴിൽ അവസരങ്ങൾ, സുരക്ഷ എന്നിവയാണ് യുഎഇയിൽ തുടരാനുള്ള പ്രധാന കാരണങ്ങളായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്.

ആർസെറ്റ് ഗ്ലോബലും (ARCET Global) ക്വസ്റ്റൻ പ്രൊയും ചേർന്ന് നടത്തിയ ‘യുഎഇ എക്സ്പാറ്റ് മോണിറ്റർ’ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം പേർ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ അവസരങ്ങൾ യുഎഇ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു.

പ്രവാസികൾ യുഎഇയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം നികുതിയില്ലാത്ത വരുമാനമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരുടെ അഭിപ്രായത്തിൽ, മികച്ച ജീവിതനിലവാരവും തൊഴിൽ അവസരങ്ങളുമാണ് യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം. സുരക്ഷയും കുറഞ്ഞ കുറ്റകൃത്യനിരക്കുമാണ് യുഎഇയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് 87 ശതമാനം പേരും അഭിപ്രായപ്പെട്ടു.നികുതിയില്ലാത്ത വരുമാനമാണ് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയത് 81 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം പേരും യുഎഇയെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യമെന്നാണ് വിലയിരുത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നവീകരണവും വികസനവും കൂടുതൽ വേഗത്തിലാകുമെന്ന് 87 ശതമാനം പേരും പ്രതീക്ഷ പ്രകടിപ്പിച്ചു.

2026 ഏപ്രിൽ, മേയ് മാസങ്ങളിലായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി താമസിക്കുന്ന 18 വയസിന് മുകളിലുള്ള 708 പ്രവാസികളിലാണ് സർവേ നടത്തിയത്.