by Midhun HP News | Jan 28, 2025 | Latest News, ദേശീയ വാർത്ത
കോയമ്പത്തൂർ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
ഞായറാഴ്ച രാത്രി മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തേക്ക് കാട്ടാന എത്തുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.സമീപത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.
സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു.ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.
by Midhun HP News | Jan 28, 2025 | Latest News, കായികം
ഡെറാഡൂൺ: 38ാമത് ദേശീയ ഗെയിംസിനു ഇന്ന് ഉത്താരഖണ്ഡിലെ ഡെറാഡൂണിൽ തുടക്കമാകും. 28 സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ, സർവീസസ് ബോർഡുകളിൽ നിന്നുമായി 10000ത്തിനു മുകളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കും. 11 വേദികളിലായി 43 മത്സര ഇനങ്ങൾ അരങ്ങേറും.
ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണി മുതലാണ് ഉദ്ഘാടന ചടങ്ങുകൾ.
കേരളം
കേരളത്തിൽ നിന്നു 29 ഇനങ്ങളിൽ മത്സരിക്കാനായി 437 താരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിൽ ബാസ്ക്കറ്റ് ബോൾ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തും.
മൗലി
ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഹിമലായൻ മൊണാലാണ് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി കൂടിയാണിത്. ഈ പക്ഷിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭാഗ്യ ചിഹ്നത്തിന്റെ പേര് മൗലി എന്നാണ്. ഉന്നതങ്ങളിലേക്ക് എന്നാണ് ഗെയിംസിന്റെ ആപ്തവാക്യം.
ഹരിതമയം
ഇലക്ട്രോണിക് മാലിന്യം ഉപയോഗിച്ചു നിർമിച്ച മെഡലുകളാണ് ഇത്തവണ കായിക താരങ്ങൾക്ക് സമ്മാനിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പഴയ ലോഹങ്ങൾ എന്നിവ ഉപയോഗിച്ചു നിർമിച്ച നിശ്ചല മാതൃകകൾ മത്സര വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗരോർജ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. മത്സരാർഥികളുടേയും, ഓഫീഷ്യൽസിന്റേയും യാത്രയ്ക്ക് ഇലക്ട്രിക്ക് ബസുകളായിരിക്കും. ഇത്തരത്തിൽ അടിമുടി ഹരിത മയമാണ് ഗെയിംസ്.
by Midhun HP News | Jan 28, 2025 | Latest News
എസ്എഫ്ഐ 35 മത് സംസ്ഥാന സമ്മേളനം 18 മുതൽ 21 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്.
സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ ഉടനീളം നടക്കുന്നത്.
ആറ്റിങ്ങൽ ഏരിയയിലെ എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, പൊതുസ്ഥലങ്ങൾ വൃത്തിയാക്കി മരം വെച്ചുപിടിപ്പിക്കൽ, പ്രധാന കേന്ദ്രങ്ങളിൽ ചുവരെഴുത്ത് തുടങ്ങി നിരവധി പരിപാടികളാണ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ചുവരെഴുത്തുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജംഗ്ഷനിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രധാന കേന്ദ്രങ്ങളിൽ ചുവരെഴുത്തുകൾ ആരംഭിച്ചു.
ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മിഥുൻ, ശിവ, ആദിത്യൻ, ആഷിക്, അഭിഷേക് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻ്റ് ടൗൺ യു.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള കെ. എസ് അനിൽകുമാർ മെമ്മോറിയൽ മെഗാ പത്ര ക്വിസ് സംഘടിപ്പിച്ചു. എൽ .പി വിഭാഗത്തിൽ ഗവ. യുപിഎസ് നെല്ലനാടിലെ തീർത്ഥ. എസ്, അനന്യ എസ് .എ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഗവൺമെൻ്റ് എൽപിഎസ് മടവൂരിലെ റംസാൻ .എസ്, അർജുൻ.ബി എന്നീ കുട്ടികൾ രണ്ടാം സ്ഥാനവും ഗവൺമെൻറ് യുപിഎസ് പാലവിളയിലെ ശ്രീനന്ദ.എസ്, അഗ്നിവേഷ് എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗം ഒന്നാം സ്ഥാനം ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ അഭിനവ് ശേഖറും ട്രിക്കെ ലെജന്റും കരസ്ഥമാക്കി. ഗവൺമെൻറ് ടൗൺ യുപിഎസ് കിളിമാനൂരിലെ റിഹാൻ .എസ് .സിബിയും നന്ദകൃഷ്ണ ആർ.എസും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ സ്കൂളിലെ ദേവിക മനോജും അർപ്പിത വിനോദും മൂന്നാം സ്ഥാനവും നേടി. പി ടി എ പ്രസിഡൻറ് ആശ .എസ് എസ് അധ്യക്ഷയായ സമാപനയോഗത്തിൽ ഹെഡ്മാസ്റ്റർ അജികുമാർ സ്വാഗതം ആശംസിച്ചു. വിജയികൾക്ക് ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി സജി ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. പത്ര ക്വിസ് കൺവീനർ ശ്രീമതി.ആശ മോളി പരിപാടിക്ക് നന്ദി അറിയിച്ചു.
Recent Comments