by Midhun HP News | Jan 28, 2025 | Latest News
തിരുവനന്തപുരം: ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തതായും മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മതിയായ ലൈസന്‍സുകളോ കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jan 28, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി അദ്ദേഹവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണ് മോദി ഫോണിൽ വിളിച്ചത്.
മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കുമെന്നു ഫോൺ സംഭാഷണത്തിനു പിന്നാലെ ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയുമായി അമേരിക്കയ്ക്കു ഊഷ്മള ബന്ധമാണുള്ളത്. മോദിയുമായി ദീർഘ നേരം സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഒന്നിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും നടത്തിയ സംസാരത്തിൽ വിഷയമായതായും സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ 7നാണ് അവസാനമായി ഇരുവരും ഫോണിൽ സംസാരിച്ചത്. ഈ മാസം 20നാണ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ സംബന്ധിച്ചത്.
by Midhun HP News | Jan 28, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റു. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.100 പൊലീസുകാരെ ഉപയോഗിച്ച് നെല്ലിയാമ്പതി മല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.
പ്രതിക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തിലാണ് ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
by Midhun HP News | Jan 28, 2025 | Latest News, കേരളം
കൊച്ചി: നടി ഹണി റോസ് നല്‍കിയ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നും പൊലീസ് നടിയെ അറിയിച്ചിരുന്നു. നടിക്ക് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു.
ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. ഹണിക്കെതിരായ പരാമര്‍ശങ്ങളില്‍ തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ‘ദിശ’ എന്ന സംഘടന നല്‍കിയ പരാതിയിലായിരുന്നു നടപടി.
Recent Comments