by Midhun HP News | Jan 27, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 60,320 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. കഴിഞ്ഞ ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. അടുത്തദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണവിലയുടെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില ഇന്ന് താഴ്ന്നത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 27, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.
കടുവയെ പിടികൂടാനുള്ള സ്പെഷൻ ഓപ്പറേഷൻ കണക്കിലെടുത്ത് പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ എർപ്പെടുത്തിയിരുന്നു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.
by Midhun HP News | Jan 26, 2025 | Latest News, കേരളം
കോഴിക്കോട്: പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നെത്തിയ 26 അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കടലില്‍ ഇറങ്ങിയത്. തിരയില്‍ അകപ്പെട്ട മൂന്ന് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കടലില്‍ തിരച്ചിലിനിടെ ഫൈസലിനെയാണ് അവസാനം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
by Midhun HP News | Jan 26, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
നരഭോജി കടുവ രാധയെ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ പുറത്തിറങ്ങരുത്. കടകള്‍ അടച്ചിടണം. സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മന്ത്രി എ കെ ശശീന്ദ്രനെതിരെ പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം
കടുവാ ഭീതി നിലനില്‍ക്കുന്നതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട്ടില്‍ എത്തിയപ്പോഴാണ് വനംമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രി ഗോ ബാക്ക് എന്ന പ്രതിഷേധവും കൂക്കിവിളികളും ഉയര്‍ന്നു. പ്രതിഷേധക്കാരെ മറികടന്ന് മന്ത്രി രാധയുടെ വീട്ടിലെത്തി.
പൊലീസുകാര്‍ വലയം തീര്‍ത്ത് മന്ത്രിയെ രാധയുടെ വീട്ടിലെത്തിക്കുകയായിരുന്നു. രാധയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചു. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ കാട്ടില്‍ കയറിയപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്.
പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. പിലാക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ മറികടന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി ആശ്രിത നിയമനത്തിനുള്ള ഉത്തരവ് മകന് കൈമാറി. വനംവകുപ്പിലാണ് താല്‍ക്കാലിക ജോലി. ഉത്തരവ് രാധയുടെ മകന് കൈമാറി. അഞ്ചുലക്ഷം രൂപയും മന്ത്രി നല്‍കിയതായി രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ പറഞ്ഞു. കുടുബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വനംമന്ത്രി മടങ്ങുകയും ചെയ്തു. വന്യജീവി ആക്രമണത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അതിനിടെ, പഞ്ചാരക്കൊല്ലിയിലെ രാധ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
by Midhun HP News | Jan 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ആദിത്യ സര്‍വാട്ടെയുടെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം മത്സരത്തില്‍ നിന്ന് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി.
ഒരു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്.
സ്‌കോര്‍ 121ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ജലജ് സക്‌സേന പുറത്തായി. തുടര്‍ന്നെത്തിയ ആദിത്യ സര്‍വാടെയും അസറുദ്ദീനും ചേര്‍ന്നുള്ള 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. മുഹമ്മദ് അസറുദ്ദീന്‍ 68 റണ്‍സെടുത്ത് പുറത്തായി. മത്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റണ്‍സെടുത്ത ആദിത്യ സര്‍വാട്ടെയും പുറത്തായത് കേരള ക്യാമ്പില്‍ ആശങ്ക പടര്‍ത്തി.
എന്നാല്‍ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളില്‍ നിന്ന് 26 റണ്‍സും നിധീഷ് 35 പന്തുകള്‍ നേരിട്ട് നാല് റണ്‍സുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ സിങ്ങും കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദിത്യ സര്‍വാട്ടെയാണ് മാന്‍ ഓഫ് ദി മാച്ച്. സമനില നേടാനായതോടെ സി ഗ്രൂപ്പില്‍ കര്‍ണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
Recent Comments