മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബിഗ് എംസ് ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ പേട്രിയറ്റിനായി കാത്തിരുന്നത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടെന്നും ആ പ്രതീക്ഷകള്‍ക്ക് ആഴം കൂട്ടി.

ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയാണ് പേട്രിയറ്റ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ മുതല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വരെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവും മേക്കിങും കയ്യടി നേടുന്നത് പോലെ തന്നെ മമ്മൂട്ടിയുടെ ഷോ ആണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.

ആദ്യ പകുതിയ്ക്കും ഇന്റര്‍വെല്‍ ബ്ലോക്കിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയും പ്രതീക്ഷിച്ചത് ആവേശം നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന സാങ്കേതിക മികവ് ചിത്രത്തിനുണ്ടെന്നും ആരാധകര്‍ പറയുന്നു. അതേസമയം ചില വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്.

മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോയില്‍ നിന്നും പ്രതീക്ഷിച്ച അത്ര ഉയരാന്‍ ചിത്രത്തിനായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ‘കിടിലന്‍ ഫസ്റ്റ് ഹാഫ് തന്ന് എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ തന്ന് ഒന്നുമല്ലാതെയാക്കിയ സെക്കന്റ് ഹാഫ്, ക്ലൈമാക്‌സിനോട് അടുക്കും തോറും തെലുങ്ക് പടം ഫീല്‍. ഏട്ടനും ഇക്കയും ഒരുമിച്ചുള്ള സീന്‍സൊക്കെ ചുമ്മാ തീ. മൊത്തത്തില്‍ ആവറേജ് എക്‌സ്പീരിയന്‍സ്.’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

ഒരുപാട് പ്രതീക്ഷയോടെയാണ് പടത്തിനു കേറിയത്. പക്ഷെ എന്തോ ഒരു മിസിങ് ഉള്ള പടം. ഏട്ടന്‍ ഉണ്ടായിരുന്ന സീന്‍സ് ഒഴിച്ചാല്‍ എടുത്ത് പറയാന്‍ മാത്രം സെക്കന്റ് ഹാഫില്‍ ഒന്നും തോന്നിയില്ല. പക്ഷെ ഫസ്റ്റ് ഹാഫ് ഒരേ പൊളി. എനിക്ക് ശരിക്കും വര്‍ക്കായി. ഇക്ക ഏട്ടന്‍ കോമ്പോ സീന്‍സ് ഒക്കെ കൊള്ളാം. മാസ് പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആയിരിക്കും ലഭിക്കുക.. Remember it’s a Mahesh Narayanan Film എന്നാണ് മറ്റൊരു പ്രതികരണം.

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സാരമായി പരിക്കേറ്റ ഒന്നാം പാപ്പന്‍ അമല്‍ ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഇന്നലെ ആന ക്ഷേത്രവളപ്പില്‍ വച്ച് വിരണ്ടിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര സമീപത്തെ വളപ്പില്‍ ആനയെ തളയ്ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.

തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞിട്ട ശേഷം രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്. 2006ലും കുടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ ചവിട്ടിക്കൊന്നിരുന്നു.

ഇന്ന് സംസ്ഥാനത്ത് ആന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

യൂത്ത് ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. മലപ്പുറം, തിരൂരങ്ങാടി എന്നീ രണ്ട് ജില്ലകള്‍ രൂപികരിക്കണമെന്ന് പ്രമേയിത്തില്‍ പറയുന്നു. തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നിലവില്‍ മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജിക്കണമെന്ന യൂത്ത ലീഗിന്റെ ആവശ്യം. നേരത്തെ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. തിരൂര്‍, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘനടകളുടെ ആവശ്യം.

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വെളളാണിക്കല്‍ പാറയിലാണ് സംഭവം. രണ്ടുപേരുടെയും ഓരോ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആര്യനാട് സ്വദേശികളായ ഷിബിൻ, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.

മുഖ്യമന്ത്രി സഭയില്‍ മദ്യപിച്ചെത്തി?; വൈദ്യപരിശോധന വേണം; പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

മുഖ്യമന്ത്രി സഭയില്‍ മദ്യപിച്ചെത്തി?; വൈദ്യപരിശോധന വേണം; പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ സഭയുടെ നടുത്തളത്തില്‍ ഏറ്റുമുട്ടിയതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍, മന്നിനെ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ സഭ നിര്‍ത്തിവെച്ചു.

മന്നിന്റെ ‘പെരുമാറ്റത്തില്‍’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപിയും മുഖ്യമന്ത്രിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചു.

അടുത്തിടെ ആം ആദ്മി പാര്‍ട്ടി വിട്ട ബിജെപി എംപി സ്വാതി മലിവാളും മന്‍ സഭയെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. ഭഗവന്ത് മന്‍ ‘മദ്യപരിശോധനയ്ക്ക്’ വിധേയനാകണമെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഇന്ന് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ‘ജനാധിപത്യത്തിന്റെ ശ്രീകോവിലായ’ പഞ്ചാബ് നിയമസഭയില്‍ മദ്യപിച്ചെത്തിയതായി ആരോപിക്കപ്പെടുന്നു. ഈ മനുഷ്യന്‍ ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും മദ്യപിച്ച് പോകുന്നു, ലോക്‌സഭയിലും സര്‍ക്കാര്‍ യോഗങ്ങളിലും മദ്യപിച്ചാണ് എത്തിയിരുന്നത്. വിദേശത്ത് വെച്ച് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സാഹചര്യം വരെയുണ്ടായി,’ മലിവാള്‍ പറഞ്ഞു.’തെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് തന്റെ അമ്മയുടെ തലയില്‍ തൊട്ട് അദ്ദേഹം സത്യം ചെയ്തതാണ്. പഞ്ചാബ് പോലുള്ള അതീവ ജാഗ്രത വേണ്ട ഒരു അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രി എപ്പോഴും ലഹരിയിലാണെന്നും മദ്യപിച്ച് ഫയലുകളില്‍ ഒപ്പിടുന്നുവെന്നും പറയുന്നത് ലജ്ജാകരമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.