by Midhun HP News | May 1, 2026 | Latest News, കേരളം
കൊച്ചി: ഡിജോ കാപ്പന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. കാപ്പന്‍ ചേട്ടന്‍ പോയി, എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നാണ് ഉമ തോമസിന്റെ കുറിപ്പ്. ജീവിതത്തിലുടനീളം പിടിയ്ക്ക് തുണയായിരുന്നയാളാണ് ഡിജോ കാപ്പനെന്നും ഉമ തോമസ് പറയുന്നു. ആ വാക്കുകളിലേക്ക്:
കാപ്പന്‍ ചേട്ടന്‍ പോയി. എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലര്‍ച്ചെ കാപ്പന്‍ ചേട്ടന്‍. ചെരിപ്പ് ആക്‌സിലേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യന്‍ തളര്‍ന്നു കിടന്നത്.
ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാള്‍. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പന്‍ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.പി ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു. നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക..
പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.
1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.


by Midhun HP News | May 1, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘വരവ് ‘.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
” എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയിൽ ആയിരിക്കും നമ്മൾ ആദ്യം വീഴുക.. ശത്രു ആ കുഴിയിൽ ഇട്ട് നമ്മളെ വെട്ടി നുറുക്കും ” ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്…
ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു. സുകന്യയും അർജുൻ അശോകനും ജോജു ജോർജ്ജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചു”വരവ്”ആണെന്നുകൂടി ഓർമിപ്പിക്കുന്നു. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും ജോജുവിനൊപ്പം കട്ടക്കുണ്ട്.
വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം . പരോളിൽ ഇറങ്ങിയ പോളച്ചന്റെ കിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും. “ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ ” എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം… പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ “വരവ് “നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്:u യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.
പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ് ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.


by Midhun HP News | May 1, 2026 | Latest News, കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു താമസിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ ജിജിയുടെ ചികിത്സക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു വീട്ടില്‍ നിന്നും പോയതെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന വിവരം. മൂത്ത മകന്‍ റെജിയുടെ പരാതിയില്‍ മാര്‍ച്ച് ഒന്‍പതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കാര്യമായ അന്വേഷണമാണ് നടത്തിയത്.
നെടുങ്കണ്ടത്തെത്തിയ മാത്യു ബസില്‍ കയറിപ്പോകുന്നത് കണ്ടതായും വിവരം ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവെക്കുകയായിരുന്നു. മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയും ഇളയ മകന്‍ സജി കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചതോടെ കേസില്‍ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി റിമാന്‍ഡില്‍ കഴിയുന്ന സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.


by Midhun HP News | May 1, 2026 | Latest News, കേരളം
തൃശൂര്‍: പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി വ്യക്തമായ മറുപടി നല്‍കിയില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.
ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.


by Midhun HP News | May 1, 2026 | Latest News, കേരളം
കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ് പരിഭ്രാന്ത്രി സൃഷ്ടിച്ച ആനയെ മയക്കു വെടിവെച്ചു തളച്ചു. വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് സാരമായി പരിക്കേറ്റിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് വിഷ്ണു മരിച്ചത്.
തുടർന്ന് സമീപത്തുണ്ടായിരുന്ന കാർ, പിക്കപ്പ് വാൻ, സ്കൂട്ടർ തുടങ്ങി നിരവധി വാഹനങ്ങൾ ആന തകർത്തു. മണിക്കൂറുകളോളമാണ് ആന പരിഭ്രാന്തി പരത്തിയത്. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Recent Comments