ടീം ഇന്ത്യ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ട്! അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

ടീം ഇന്ത്യ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ട്! അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

മുംബൈ: ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ പാകിസ്ഥാന്റെ പേരില്ലെന്ന വിവാദത്തിൽ വ്യക്തത വരുത്തി ബിസിസിഐ. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് ജേഴ്സിയിൽ നിന്നു നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി.

ടൂർണമെന്റ് ജേഴ്സി സംബന്ധിച്ചു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു ഡ്രസ് കോഡ് മാനദണ്ഡമുണ്ട്. ഈ നിയമം ഇന്ത്യൻ ടീം പാലിക്കുമെന്നു ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ടീം ജേഴ്സിയിൽ ഉപയോ​ഗിക്കേണ്ട ചാംപ്യൻസ് ട്രോഫി ലോ​ഗോയിൽ പാകിസ്ഥാന്റെ പേരുണ്ട്. ഇതാണ് ഇന്ത്യ നീക്കം ചെയ്യുമെന്ന തരത്തിൽ പ്രചരിച്ചത്. ടൂർണമെന്റിനു മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പോകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ബിസിസിഐ.

ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി പോരാട്ടങ്ങൾ. ഫെബ്രുവരി 16, 17 തീയതികളിലായി ഫോട്ടോ ഷൂട്ട്, പത്രസമ്മേളനം എന്നിവ നടക്കും. ഇതിൽ രോഹിത് പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നു ബിസിസിഐ കൂട്ടിച്ചേർത്തു.

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടി, കൂടെ വരാത്തത് പകയായി; പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടി, കൂടെ വരാത്തത് പകയായി; പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണ്‍സനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആതിരയും പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പുമായി ഒരുവര്‍ഷക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു.
ആതിരയുടെ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇയാള്‍ പണം തട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി ആതിരയും ഭര്‍ത്താവ് രാജിവും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതിനു പിന്നാലെ സുഹൃത്തുമായുള്ള ബന്ധത്തില്‍ നിന്നും ആതിര പിന്‍വലിഞ്ഞിരുന്നു.

സംഭവദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ജോണ്‍സണ്‍ ആതിരയുടെ വീട്ടിലെത്തിയത്. പ്രതിക്ക് യുവതി ചായ നല്‍കി. പിന്നീട് എന്തോ പറഞ്ഞ് അവര്‍ തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രതി തന്നെ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വച്ച ശേഷം ട്രെയിൻ കയറി പ്രതി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെയാണ് ചൊവ്വാഴ്ച പകൽ വീട്ടിൽ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്.

19 പന്തില്‍ 3 റണ്‍സ്, ഔട്ട്! രഞ്ജിയിലും ബാറ്റിങില്‍ പരാജയപ്പെട്ട് രോഹിത് ശര്‍മ

19 പന്തില്‍ 3 റണ്‍സ്, ഔട്ട്! രഞ്ജിയിലും ബാറ്റിങില്‍ പരാജയപ്പെട്ട് രോഹിത് ശര്‍മ

മുംബൈ: രഞ്ജി കളിച്ച് റെഡ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോഹത്തിനു തിരിച്ചടി. ജമ്മു കശ്മീരിനെതിരായ പോരാട്ടത്തില്‍ 19 പന്തുകള്‍ നേരിട്ട് രോഹിത് വെറും 3 റണ്‍സുമായി മടങ്ങി.

9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് വീണ്ടും രഞ്ജി കളിക്കാനിറങ്ങിയത്. എന്നാല്‍ അതിവേഗം തന്നെ ആ ഇന്നിങ്‌സ് അവസാനിച്ചു. ജമ്മുവിനെതിരെ മുംബൈ പതറുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങുന്നു. 11 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറുമാണ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്ന അവസാന കൂട്ടുകെട്ട്.

മറ്റൊരു ഇന്ത്യന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളിനും തിളങ്ങാനായില്ല. താരം 4 റണ്‍സുമായി പുറത്തായി. അജിന്‍ക്യ രഹാനെയ്ക്കും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. താരം 12 റണ്‍സുമായി പുറത്ത്.

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി.
പ്രധാനമന്ത്രിയുടെ മൻ കി ബത് ക്വിസ് മത്സരത്തിൽ വിജയം നേടി. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പരേഡിൽ അതിഥി ആയി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ആറ്റിങ്ങൽ ഗവ:മോഡൽ എച്ച് എസ് എസ്സിലെ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് നിരഞ്ജന. ഡൽഹിയിലേക്ക് പുറപ്പെടുന്ന നിരഞ്ജനക്ക് സ്കൂളിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ പിടിയില്‍

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ 45കാരന്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചു. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഗുരു മൂര്‍ത്തി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത് എന്നും പൊലീസ് പറയുന്നു.ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ഭര്‍ത്താവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഗുരു മൂര്‍ത്തി കുളിമുറിയില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തുടര്‍ന്ന് അസ്ഥികള്‍ വേര്‍പെടുത്തി. മൂന്ന് ദിവസത്തിനിടെ മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി മൃതദേഹ ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ തള്ളിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവര്‍ക്കുമായി രണ്ട് കുട്ടികള്‍ ഉണ്ട്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല.പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.