കുടിവെള്ളം കിട്ടാക്കനി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

കുടിവെള്ളം കിട്ടാക്കനി വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ആറ്റിങ്ങൽ: കുടിവെള്ളം കിട്ടാക്കനി ആയതിനെ തുടർന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോരാണി പുകയിലത്തോപ്പ് കോളനിയിൽ കഴിഞ്ഞ ഒരു മാസമായി പൈപ്പ് വെള്ളം ലഭ്യമാക്കാത്തതിനെ തുടർന്നാണ് വാട്ടർ അതോറിറ്റി എ ഈ യെ ഉപരോധിച്ചത്.. ദേശീയ കായികവേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. ദേശീയ കായിക വേദി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു കുറക്കട അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ് കെ സുജി ഉപരോധസമരം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലാൽ കോരാണി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ പനയത്ര ഷരീഫ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിഖിൽ കോരാണി കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ഊരൂ പൊയ്ക ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് മുതിർന്ന കോൺഗ്രസ് നേതാവ് രത്നാകരൻ, സേവാദൾ മണ്ഡലം ഭാരവാഹി സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു അടിയന്തരമായി സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന എ ഈ യുടെ ഉറപ്പിന്മേൽ സമരം അവസാനിച്ചു.

‘കാണാന്‍ ആഗ്രഹിച്ച നേതാവ്’; വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

‘കാണാന്‍ ആഗ്രഹിച്ച നേതാവ്’; വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്തെ വി എസിന്റെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. രാവിലെ പത്തുമണിയോടെ എത്തിയ ഗവര്‍ണര്‍, 20 മിനിറ്റോളം വി എസിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

കോളജ് പഠനകാലം മുതല്‍ താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ മുതല്‍ വിഎസിനെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു. ഭാഗ്യവശാല്‍ വിഎസിനെയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യം മൂലം വിശ്രമിക്കുന്ന അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. വിഎസ് ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ആര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി

കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി

ചാലക്കുടി: കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പൊലീസ്. ആലുവ തായിക്കാട്ടുകര മാന്ത്രിക്കല്‍ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) ആണ് പൊലീസിന്റെ പിടിയിലായത്.

2020ല്‍ മീന്‍വണ്ടിയില്‍ കടത്തിയ 140 കിലോ കഞ്ചാവ് കടത്തിയ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്ത് വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് ഇയാള്‍ പരോളില്‍ ഇറങ്ങി ഒളിവില്‍ പോയത്. പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി തിരികെ ജയിലില്‍ പ്രവേശിക്കാതെ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് വളഞ്ഞു. പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ കാര്‍ അപകടകരമായ വിധത്തില്‍ പിന്നോട്ടെടുത്തു. തുടര്‍ന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആക്രമണവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഷഫീക്ക്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ സ്റ്റീഫന്‍ വി.ജി, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പിഎം മൂസ, എഎസ്‌ഐ വിയു. സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എയു റെജി, എംജെ. ബിനു, ഷിജോ തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

സഹകരണ ബാങ്കുകളിലെ കിട്ടാകടം പിരിക്കൽ  സെയ്ൽ ഓഫീസർമാരെ  പരിശീലനം നൽകി സജ്ജരാക്കുന്നു

സഹകരണ ബാങ്കുകളിലെ കിട്ടാകടം പിരിക്കൽ സെയ്ൽ ഓഫീസർമാരെ പരിശീലനം നൽകി സജ്ജരാക്കുന്നു

സഹകരണ സംഘങ്ങളുടെ കിട്ടാകടം പിരിക്കാൻ സെയ്ൽ ഓഫീസർമാർക്കു പരിശീലനം നൽകുന്നു. സംഘങ്ങളുടെ കുടിശ്ശികയിടക്കാൻ വായ്പക്കാരന്റെ സ്ഥാവരജംഗമവസ്തുക്കൾ ലേലം ചെയ്തെടുക്കാനുള്ള അധികാരം സെയ്ൽ ഓഫീസർക്കാണ്. അർധജുഡീഷ്യൽ അധികാരമുണ്ടെങ്കിലും നിയമവുമായി ബന്ധപ്പെട്ട് പരിശീലനം കിട്ടാത്തതിനാൽ ചിലർക്കെങ്കിലും ഈ ജോലി വേണ്ടവിധം നിർവഹിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ജപ്തിക്ക് അധികാരമുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

രണ്ടു ദിവസത്തെ പരിശീലനം ഈ മാസം തന്നെ എല്ലാ ജില്ലകളിലും പൂർത്തിയാകും.
മൂന്നു മാസം മുൻപ് സഹകരണ രജിസ്ട്രാർ ആയി ചുമതലയേറ്റ ഡി. സജിത്ത് ബാബു ഇതിനോടകം ജോയിന്റ് രജിസ്ട്രാർമാർക്കും സെയ്ൽ ഓഫീസർമാർക്കുമായി രണ്ടു പ്രാവിശ്യം ഓൺലൈനിൽ അവലോകനയോഗം നടത്തി.

കിട്ടാകടം പെരുകുന്നത് അനുവദിക്കാനാകില്ലെന്നും നിയമ നടപടിയിലൂടെ പരമാവധി തിരിച്ചു പിടിക്കണമെന്നും രജിസ്ട്രാർ നിർദേശിച്ചു. ഇതേത്തുടർനാണ് മൂന്നു മേഖലകൾ കേന്ദ്രികരിച്ചു പരിശീലനം നൽകുന്നത് വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊന്ന്.
സഹകരണ മേഖലയിലെ മൊത്തം വായ്പയുടെ 30 ശതമാനം കിട്ടാകടമാണെന്നാണു കണക്കാക്കുന്നത്. വർഷം കഴിയുന്തോറും അത് പെരുക്കുകയാണ്. എന്നിട്ടും 18 വർഷമായി ജപ്തി നടപടി കാര്യക്ഷമല്ല. ഇത് തുടർന്നാൽ സഹകരണമേഖല വലിയ പ്രതിസന്ധിയിലാകുമെന്നു തിരിച്ചറിഞ്ഞാണ് കർശന നടപടി.

തിരിച്ചടവ് മുടക്കുന്നവർ, എല്ലാക്കൊലവും നടത്താറുള്ള ഒറ്റ തവണ തീർപ്പാക്കലിന്റെ മറ പിടിച്ചു ആനുകൂല്യം കൈപ്പറ്റുന്നരീതിക്ക് ഇത്തവണ മുതൽ തടയിട്ടിരിക്കുകയാണ്. ചിലർ, പലിശ മാത്രം അടച്ചു വായ്പ പുതുക്കാറുണ്ടായിരുന്നു ഇതും ഇനി പറ്റില്ല. ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം നേടിയവർക്കും കുടുംബത്തിനും രണ്ടു വർഷത്തേക്ക് പുതിയ വായ്പ നൽകില്ല. ഒരിക്കൽ ആനുകൂല്യം കിട്ടിയാൽ അടുത്ത 5 വർഷത്തേക്ക് ഒറ്റ തവണ തീർപ്പാക്കലിന് അർഹതയുണ്ടാകുകയുമില്ല.

നിയമം കർശനമാക്കിയതിനു പിന്നാലെയാണ് ജപ്തി നടപടിയിലെ കാലത്താമസമൊഴിവാക്കാൻ തീരുമാനിച്ചത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സെയ്ൽ ഓഫീസർമാരായി നിയോഗിക്കുന്നത്. അവരുടെ ചെലവിനത്തിലെ തുക, സംഘം മുൻ‌കൂർ ട്രഷറിയിൽ അടക്കണം. വലിയ സംഘങ്ങളിൽ മുഴുവൻ സമയ സെയ്ൽ ഓഫീസർമാർ ഉണ്ടാകും. ചെറിയ സംഘങൾ താലൂക്ക്തല സെയ്ൽ ഓഫീസർമാരുടെ സേവനം തേടും. സംസ്ഥാനത്തു ആയിരത്തിലതികം സെയ്ൽ ഓഫീസർമാരുണ്ട്.

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്കെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഇപ്പോഴിത് 99.1 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ്‌ കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024-ല്‍ 948 ആയിരുന്നത് 2025-ല്‍ 954 ആയി ഉയര്‍ന്നു. 100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടന്‍ തന്നെ സൃഷ്ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞിരുന്നു.

1950 ല്‍ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ന് എല്ലാ വര്‍ഷവും ദേശീയ വോട്ടര്‍ ദിനം ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായാണ് തെരഞ്ഞെടുുപ്പ് കമ്മീഷന്‍ പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. യുഎന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.