by Midhun HP News | Jan 22, 2025 | Latest News, കേരളം
ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം. മണിവേലിക്കടവ് സ്വദേശി അഭിലാഷ് ആണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന് കുടുംബം ആരോപികുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നു. അഭിലാഷ് ഉദ്യോഗസ്ഥരെ തടയുകയും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ജോലി തടപ്പെടുത്തിയെന്ന വിവരം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിച്ചു. കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതനുസരിച്ച് ചെന്നപ്പോള്‍ സ്‌റ്റേഷനില്‍ വെച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി അഭിലാഷ് കുടുംബത്തോട് പറഞ്ഞിരുന്നു.
സ്റ്റേഷനില്‍ വെച്ച് ചെയ്തത് തെറ്റിപ്പോയെന്ന് മാപ്പ് പറഞ്ഞെങ്കിലും കെഎസ്ഇബി ഓഫീസിലെത്തി എല്ലാവരുടെയും മുന്നില്‍ ചെന്ന് മാപ്പ് പറയണമെന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ആവശ്യം. അവിടെയെത്തി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും മാപ്പ് എഴുതി വായിക്കണമെന്നായി നിബന്ധന. തെറ്റുപറ്റിയെന്ന് എഴുതി വായിച്ച് ജീവനക്കാരുടെ മുന്നില്‍ മാപ്പ് പറഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഭിലാഷ് മാനസികാമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
by Midhun HP News | Jan 22, 2025 | Latest News, കേരളം
പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്.
വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്.പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥി കൊലവിളി നടത്തിയത്.
പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. ഭീഷണി മുഴക്കിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.
പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്നു വിജിലൻസിനു പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശുപാർശ ചെയ്തു. പിന്നാലെയാണ് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിട്ടത്.വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.
കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ സമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 ല്‍ 90,228.84 കോടി രൂപയില്‍നിന്ന് നികുതി വരുമാനം 96,071.93 കോടി രൂപയായതായി നിയമസഭയില്‍ വച്ച വരവു–ചെലവ് സംബന്ധിച്ച ‘അക്കൗണ്ട്‌സ് അറ്റ് എ ഗ്ലാന്‍സ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 71,968.16 കോടി രൂപയില്‍ നിന്ന് 74,329.01 കോടി രൂപയായും കേന്ദ്ര നികുതികളുടെ വിഹിതം 18,260.68 കോടി രൂപയില്‍ നിന്ന് 21,742.92 കോടി രൂപയായും ഉയര്‍ന്നയായി കണക്കുകള്‍ പറയുന്നു. മൊത്തം റവന്യൂ വരുമാനമായ 1,24,486.15 കോടി രൂപയില്‍ നികുതി വരുമാനം 96,071.93 കോടി രൂപയും നികുതിയേതര വരുമാനം 16,345.96 കോടി രൂപയും ഗ്രാന്റ്-ഇന്‍-എയ്ഡ് 12,068.26 കോടി രൂപയുമാണ്.
സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ഗണ്യമായി കുറഞ്ഞു. 2022-23 ല്‍ 27,377.86 കോടി രൂപയായിരുന്ന ഗ്രാന്റുകള്‍ 2023-24 വര്‍ഷം 12,068.26 കോടി രൂപയായി കുറഞ്ഞു. 2023-24 ലെ മൊത്തം ഗ്രാന്റുകളായ ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ 7,245.69 കോടി രൂപയും കേന്ദ്ര സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ 3,918.86 കോടി രൂപയും മറ്റ് ഗ്രാന്റുകള്‍ 903.71 കോടി രൂപയുമാണ്.
റവന്യൂ വരുമാനത്തിന്റെ 73.36%, അതായത് 1,24,486.15 കോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ക്കായി മാറ്റി. ഇതില്‍ ശമ്പളച്ചെലവ് 38,572.84 കോടി രൂപയും പലിശയായി അടച്ചത് 27,106.22 കോടി രൂപയും പെന്‍ഷനായി 25,644.24 കോടി രൂപയുമാണ് ചെലവഴിച്ചത്. ജിഎസ്ഡിപിയുടെ അനുപാതത്തില്‍, 2023-24 ല്‍ റവന്യൂ കമ്മി 1.58% ആയി വര്‍ധിച്ചു, ധനക്കമ്മി 2.99% ആയി വര്‍ദ്ധിച്ചു, മൊത്തം കടബാധ്യതകള്‍ 36.23% ആയി കുറഞ്ഞു. 2022-23 ല്‍ ഇവ യഥാക്രമം 0.88%, 2.44%, 36.80% എന്നിങ്ങനെയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം 12.79% കുറഞ്ഞു. 2022-23 ല്‍ 15,843.71 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചപ്പോള്‍ 2023-24 ല്‍ ഇത് 13,817.96 കോടി രൂപയായി കുറഞ്ഞു. 2023-24 ല്‍ മൊത്തം പദ്ധതിച്ചെലവ്, 34,310.52 കോടി രൂപ, മൊത്തം ചെലവിന്റെ 21.51% ഉം ജിഎസ്ഡിപിയുടെ 2.99% ഉം ആയിരുന്നു. മുന്‍ വര്‍ഷം ഇത് യഥാക്രമം 20.63% ഉം 3.20% ഉം ആയിരുന്നു.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് ആതിര തിങ്കളാഴ്ച പറഞ്ഞിരുന്നു.
എന്നാൽ ഇത് രാജീവ് പുറത്തു പറഞ്ഞിരുന്നില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു.
ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി. അതേസമയം ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി ട്രെയിനിൽ കയറി കടന്നു കളഞ്ഞെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി സംഭവ സ്ഥലത്തു നിന്നും കടന്നത്. സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറു വയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.
ആതിരയെ എട്ട് വർഷം മുൻപാണു രാജീവ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Recent Comments