കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം

കണ്ണൂരിൽ കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം; പൊലീസിൽ പരാതി നൽകി കുടുംബം

കണ്ണൂരിൽ നവജാത ശിശുവിന്റെ കാലിന്റെ തുട ഭാഗത്ത് നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് ശ്രീജു പരിയാരം പൊലീസിൽ പരാതി നൽകി. പരിയാരം ഗവ മെഡിക്കൽ കോളജിൽ നിന്നായിരുന്നു കുഞ്ഞ് ജനിച്ച് രണ്ടാം ദിവസം കുത്തിവെപ്പ് എടുത്തത്. ശേഷം കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ വീണ്ടും കുഞ്ഞുമായി കുടുംബം എത്തിയെങ്കിലും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. അപ്പോഴായിരുന്നു കുഞ്ഞിന്റെ തുടയിൽ നിന്ന് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടെത്തിയത്.

കുഞ്ഞിന്റെ തുടയിൽ പഴുപ്പ് കണ്ട് തുടങ്ങിയിരുന്നു. പരിയാരം ഗവ.മെഡിക്കൽ കോളജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

കണ്ണന്റെ മുന്നിൽ മകരമാസ മാം​ഗല്യ തിരക്ക്; ​ഗുരുവായൂരിൽ ഇന്നലെ 229 വിവാഹങ്ങൾ

കണ്ണന്റെ മുന്നിൽ മകരമാസ മാം​ഗല്യ തിരക്ക്; ​ഗുരുവായൂരിൽ ഇന്നലെ 229 വിവാഹങ്ങൾ

തൃശൂർ: മകര മാസ മാം​ഗല്യത്തിന്റെ തിരക്കിൽ അമർന്ന് ​ഗുരുവായൂർ അമ്പല നട. ഇന്നലെ മാത്രം കണ്ണന്റെ സന്നിധിയിൽ 229 വിവാഹങ്ങളാണ് നടന്നത്. മൊത്തം 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു. ഇതിൽ 19 എണ്ണം റദ്ദായി.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരൻമാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാ​ഗത്ത് താത്കാലിക പന്തലും സജ്ജമാക്കി. അവിടെയായിരുന്നു വധു, വരൻമാരുടെ രേഖകൾ പരിശോധിച്ചത്.

വലിയ തിരക്കനുഭവപ്പെട്ടതോടെ വധു, വരൻ അടുത്ത ബന്ധുക്കൾ, ഫോട്ടോ​ഗ്രാഫർമാർ എന്നിവരുൾപ്പെടെ ഒരു സംഘത്തിൽ 24 പേരായി നിജപ്പെടുത്തിയാണ് മണ്ഡപത്തിനു സമീപത്തേക്ക് പോകാൻ അനുവദിച്ചത്. ദർശനത്തിനുള്ള വരി വടക്കേ നടയിലേക്ക് മാറ്റി.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മലദൈവങ്ങളുടെ പ്രീതിക്കായി ഗുരുതി പൂജ; ഇന്ന് ശബരിമല നട അടയ്ക്കും

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മലദൈവങ്ങളുടെ പ്രീതിക്കായി ഗുരുതി പൂജ; ഇന്ന് ശബരിമല നട അടയ്ക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്കു തീര്‍ഥാടനകാലത്ത് ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യം നല്‍കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. തീര്‍ഥാടനത്തിനു സമാപനം കുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പില്‍ ഇന്നലെ ഗുരുതി നടന്നു. ഇന്നലെ രാത്രി അത്താഴ പൂജയോടെയാണ് ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയായത്.

തുടര്‍ന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയും പരിവാരങ്ങളുമെത്തി. പിന്നാലെ ദേവസ്വം അധികൃതരും മണിമണ്ഡപത്തിനു മുന്‍പിലെത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ ‘നിണം’ തൂകി. റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തില്‍ ജെ അജിത്കുമാര്‍, ജെ ജയകുമാര്‍, രതീഷ് കുമാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഗുരുതി നടത്തിയ കര്‍മികള്‍ക്കു രാജപ്രതിനിധി ദക്ഷിണ നല്‍കി. ഇന്നു രാവിലെ തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. തുടര്‍ന്ന് തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി പതിനെട്ടാംപടി ഇറങ്ങും.

തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനം. അയ്യപ്പ വിഗ്രഹത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട അടയ്ക്കും. ശ്രീകോവിലിന്റെ താക്കോല്‍ കൈമാറ്റവും നടക്കും.

അര്‍ത്തുങ്കല്‍ തിരുനാള്‍: രണ്ട് താലൂക്കുകള്‍ക്ക് ഇന്ന് അവധി

അര്‍ത്തുങ്കല്‍ തിരുനാള്‍: രണ്ട് താലൂക്കുകള്‍ക്ക് ഇന്ന് അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് ഇന്ന് (തിങ്കളാഴ്ച) ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

മദ്യ നിരോധനം ഏര്‍പ്പെടുത്തി

അര്‍ത്തുങ്കല്‍ പെരുന്നാള്‍ പ്രമാണിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 20, 27 തീയതികളിലാണ് മദ്യനിരോധനം. ചേര്‍ത്തല എക്സൈസ് പരിധിയിലും പള്ളിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള എല്ലാ കള്ളുഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളിലും ബാറുകളിലുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍

പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ ജനുവരി 10 മുതല്‍ 27 വരെയാണ് നടക്കുന്നത്. ഇന്നാണ് തിരുനാള്‍ മഹോത്സവം. 20ന് രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യ കാര്‍മികത്വം നല്‍കും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ ദിവ്യബലി നടക്കും. 4:30ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. ഫാ. സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ കാര്‍മികരാകും. രാത്രി 10ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോസ് പ്രമോദ് ശാസ്താപറമ്പില്‍ മുഖ്യകാര്‍മികനാകും. 27ന് നടക്കുന്ന എട്ടാമിടത്തോടെ 17 ദിവസം നീണ്ട പെരുന്നാളിന് കൊടിയിറങ്ങും.

ട്രംപിന്റെ സത്യപ്രതിജ്ഞ; വിരുന്നില്‍ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും

ട്രംപിന്റെ സത്യപ്രതിജ്ഞ; വിരുന്നില്‍ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും

വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വ്യവസായി മുകേഷ് അംബാനിയും നിതാ അംബാനിയും അമേരിക്കയിലെത്തി. ഇരുവരും ട്രംപിന്റെ വിരുന്നില്‍ പങ്കെടുത്ത് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

ശനിയാഴ്ച യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെത്തിയ ഇരുവരും ട്രംപിന്റെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ പങ്കെടുത്തു. ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴം വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്. നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും ഭാര്യ ഉഷ വാന്‍സുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.

ട്രംപ് കുടുംബവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന അനന്ദ് അംബാനിയുടെ ആഡംബര വിവാഹചടങ്ങില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജറേഡ് കുഷ്‌നറും മകള്‍ അരബെല്ല റോസും പങ്കെടുത്തിരുന്നു.