‘കേരള സ്റ്റോറി 2’ റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

‘കേരള സ്റ്റോറി 2’ റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ട്രെയ്‌ലറിലടക്കം കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കാണിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാൻ അവസരമൊരുക്കുന്നതിൽ നിന്ന് നിർമാതാക്കൾ ഒഴിഞ്ഞു മാറിയെന്നും കോടതി വിമർശിച്ചു.

കേരളത്തിന്റെ മതസൗഹാർദത്തെ ബാധിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും കോടതി വിലയിരുത്തി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. സിനിമക്കെതിരായ ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെ ഒന്നാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ് കേരള സ്റ്റോറി 2’. കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.

തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായൺ സിങ്ങിന്റെ അവകാശവാദം.

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന ദേ കേരള സ്റ്റോറി 2 സൺ ഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ വിപുൽ അമൃതലാൽ ഷാ ആണ് നിർമിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതം മാറ്റത്തിന് വിധേയരാക്കുന്നുവെന്നും സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ ഉയർന്നുവരുന്നത്.

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് രണ്ടിടങ്ങളില്‍. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട് ആണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാ വയലറ്റ് സൂചിക എട്ടുമുതല്‍ പത്ത് വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ആറു മുതല്‍ ഏഴ് വരെയാണ് അള്‍ട്രാവയലറ്റ് സൂചിക.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വർക്കല പാളയംകുന്ന് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആളിനെ എക്സൈസ് സംഘം പിടികൂടി

വർക്കല പാളയംകുന്ന് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആളിനെ എക്സൈസ് സംഘം പിടികൂടി

വർക്കല പാളയംകുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിന് പിൻവശത്ത് തിരുവാതിര എന്ന വാടകവീട്ടിൽ താമസിച്ചു വരുന്ന ഷംനാദിനെയാണ് വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണുവും സംഘവും പിടികൂടിയത്.

സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആറോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഷംനാദിനെതിരെ NDPS സെക്ഷൻ 20 (A)1 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് D സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗിരീശൻ എന്നിവർ പങ്കെടുത്തു.

തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു, അന്നമനട ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു, അന്നമനട ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

തൃശൂര്‍: അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.

രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം . അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിതമായ ആക്രമണം. പരിക്കേറ്റ വിവേകിനെ ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

‘വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി’; പത്മഭൂഷണ്‍ നല്‍കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി

‘വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി’; പത്മഭൂഷണ്‍ നല്‍കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ശ്രീനാരായണ ധര്‍മ പ്രബോധന ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. പത്മ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ രൂപരേഖയുണ്ട്. ഇത്തരം കേസുകള്‍ വന്നപ്പോള്‍ തന്നെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

മാരാരിക്കുളത്ത് ഒരാള്‍ ആത്മഹത്യ ചെയ്ത കേസില്‍ വെളളാപ്പള്ളി നടേശന്‍ നാലാം പ്രതിയാണ്. അതുപോലെ വിജിലന്‍സ് അന്വേഷിക്കുന്ന നിരവധി കേസുകളില്‍ അദ്ദേഹം പ്രതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പശ്ചാത്തലമുളള ഒരാളുടെ കാര്യം പരിശോധിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.