സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 1,14,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് ഉയര്‍ന്നത്. 14,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപയാണ് വര്‍ധിച്ചത്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ സംഘത്തിന്റെ മർദ്ദനം. മേൽവെട്ടൂർ സ്വദേശികളായ ആഷിക് ബാലാജി, ലിബു എന്നിവർക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. ആഷിക് ബാലാജിയുടെ ജ്യേഷ്ഠന്റെ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് പരാതി. തുടർന്ന് മേൽവെട്ടൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സംഘം അടിച്ചുതകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ലിബുവിനെയും സംഘം ആക്രമിച്ചതെന്നാണ് വിവരം.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലിബുവിന്റെ മൂക്കിനേറ്റ പരിക്കിന് മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ യുവാക്കൾ വർക്കല പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്‌കാം അലേര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും.

ഫോണിലെ എഐ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. അപരിചിതരില്‍ നിന്ന് വരുന്ന സന്ദേശങ്ങളിലെ ഭാഷയും സംഭാഷണ രീതികളും ഇത് വിശകലനം ചെയ്യും. സന്ദേശം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് എഐ സംശയിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിങ്ങളുടെ സന്ദേശങ്ങളൊന്നും വാട്സ്ആപ്പിന്റെയോ മെറ്റയുടെയോ സെര്‍വറുകളിലേക്ക് അയക്കില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെയും ഇത് ബാധിക്കില്ല.

അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എഐ മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്.

ഒരു സന്ദേശം തട്ടിപ്പാണെന്ന് വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയാല്‍, ആ സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ അല്ലെങ്കില്‍ മുന്നറിയിപ്പ് അവഗണിച്ച് സംഭാഷണം തുടരാനോ ഉപയോക്താവിന് സാധിക്കും. വാട്സ്ആപ്പ് തെറ്റായി ഒരു സന്ദേശത്തെ തട്ടിപ്പായി കണക്കാക്കിയാല്‍, ആ ചാറ്റിനെ ‘ട്രസ്റ്റഡ്’ എന്ന് മാര്‍ക്ക് ചെയ്യാം. അങ്ങനെ ചെയ്താല്‍ പിന്നീട് ആ ചാറ്റില്‍ മുന്നറിയിപ്പുകള്‍ വരില്ല.

നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്ന കാലത്ത്, വാട്സ്ആപ്പിന്റെ ഈ നീക്കം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുമെന്നാണ് പ്രതീക്ഷ.

പൊന്‍ കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലംനിറ നാളെ, തൃപ്പുത്തരി ഓഗസ്റ്റ് 30ന്

പൊന്‍ കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലംനിറ നാളെ, തൃപ്പുത്തരി ഓഗസ്റ്റ് 30ന്

തൃശൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഇല്ലംനിറ. ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചടങ്ങിനുള്ള കതിര്‍ കറ്റകള്‍ ക്ഷേത്രത്തില്‍ എത്തി.

അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അഴീക്കല്‍ കുടുംബാംഗം വിജയന്‍ നായര്‍, മനയം കുടുംബാംഗം കൃഷ്ണകുമാര്‍, ക്ഷേത്രം അസി.മാനേജര്‍ എ വി പ്രശാന്ത്, സി എസ് ഒ മോഹന്‍കുമാര്‍, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഇല്ലംനിറയുടെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നേരത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.