ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം

ശബരിമല: മകരവിളക്ക് തീർഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും.

തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു.

വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.

സ്വർണവിലയിൽ ആശ്വാസം

സ്വർണവിലയിൽ ആശ്വാസം

മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ സ്വര്‍ണ വിലയ്ക്ക് ഇന്നലെ സഡന്‍ ബ്രേക്ക് വീണിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 7,435 രൂപയും. പവന് 59,480 രൂപയുമാണ് ഇന്നത്തെ വില.

ജനുവരി 17ന് സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു പവന് 59,600 രൂപയായിരുന്നു, ഗ്രാമിന് 7450 രൂപയും. കഴിഞ്ഞ ദിവസം വരെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായിരുന്നു. ഇന്നലെ വില കുറഞ്ഞതോടെ സ്വര്‍ണം തിരിച്ചിറങ്ങുന്ന പ്രവണത കാണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുമുണ്ട്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന് 1.41 കോടി രൂപ നഷ്ടം, പരാതി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന് 1.41 കോടി രൂപ നഷ്ടം, പരാതി

കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാ​ഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാ​ഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാ​ഗ്ദാനം ചെയ്ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികൻ വീണ്ടും നിക്ഷേപിച്ചു.

എന്നാൽ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെയാണ് പരാതി നൽകിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികൻ പരാതി നൽകിയത്. പ്രശസ്ത കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇന്ന് ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

തിരുവനന്തപുരം: മഹാത്മാ ​ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എല്ലാ ഓഫീസുകളിലും മൗനാചരണം. ഈ മാസം 30ന് ​ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിലാണ് ചടങ്ങ്.രാവിലെ 11 മണിക്കാണ് രണ്ട് മിനിറ്റ് നീളുന്ന മൗനാചരണം. സ്വാതന്ത്ര്യ സമരത്തിൽ വീര മൃത്യു വരിച്ചവരെ അനുസ്മരിച്ചാണ് മൗനാചരണം.