നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്‍റെ മതിലിൽ തകർത്തു

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്‍റെ മതിലിൽ തകർത്തു

പള്ളിക്കൽ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപം ഉച്ചയോടെ ആയിരുന്നു സംഭവം. ആയൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞതോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലും വീടിന്‍റെ മതിലിലും ഇടിച്ചു നിന്നത്. അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മിനി പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ബസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ചില്ലുകളും മുൻഭാഗവും തകർന്നു. പിക്കപ്പിനും കേടുപാടുകളുണ്ട്. ആറ്റിങ്ങൽ ആയൂർ സർവീസ് നടത്തുന്ന റഹ്മാനിയ ബസ് ആണ് അപകടത്തിൽപ്പെട്ടത്

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതിന് തുക അനുവദിച്ചത് പ്രകാരമുള്ള പ്രവർത്തികൾ ആരംഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു. ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നും നിരവധി ആളുകൾ വാമനപുരം ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാശ്രമം നടത്തിയ നിരവധിപേരെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ പാലത്തിന്റെ ഇരുകൈ വരികളിലും സുരക്ഷാ വേലികൾ സ്ഥാപിക്കണം എന്ന് ആവശ്യം ശക്തമായിരുന്നു. ഇതിനെ തുടർന്ന്എംഎൽഎ നൽകിയ നിവേദനത്തിന്റെയും, ജില്ലാ വികസന സമിതി അടക്കമുള്ള വേദികളിൽ നിരന്തരമായി നടത്തിയ ആവശ്യം ഉന്നയിക്കലിന്റെയും ഭാഗമായാണ് സുരക്ഷാവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

15 ലക്ഷത്തി എൺപതിനായിരം രൂപയാണ് അടങ്കൽ തുക. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ് തുക അനുവദിച്ച് നിർമ്മാണ ചുമതല വഹിക്കുന്നത്. ഇതിനെ തുടർന്ന് കൊല്ലംപുഴ പാലത്തിലും സുരക്ഷാ കൈവരികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറുപ്പിൽ അറിയിച്ചു

സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് നാളെ

സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് നാളെ

കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പാരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ കോട്ടക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്.

‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 12 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്.

ഒന്നാം സമ്മാനം അര ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും രണ്ടാം സമ്മാനം കാൽ ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും മൂന്നാം സമ്മാനം പതിനായിരം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്.

താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് 24കാരൻ

താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് 24കാരൻ

കോഴിക്കോട്: താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആഷിക് ലഹരിക്കടിമയാണെന്നാണ് വിവരം. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 689 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KR 584474 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ KN 686700 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.