മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് പിടികൂടി. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്.

മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയിരുന്നില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിൻറെ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തുടർന്ന് ചിറയിൻകീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്. ഒരു ബൈക്ക് വർക്ക്ഷോപ്പിന്‍റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സിസി ക്യാമറകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പൊലീസ് പ്രതിയെ പിടികൂടിയത്.

ബൈക്ക് ഉടമകൾ നൽകിയ പരാതി അന്വേഷിക്കുന്നതിനിടെ മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം നൗഫലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഫൽ എന്ന് പൊലീസ് പറഞ്ഞു.

സാക്ഷി മതി, ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല: സുപ്രീംകോടതി

സാക്ഷി മതി, ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. ആയുധം കണ്ടെടുക്കുന്നത് കണ്ടെന്ന മെമ്മോയില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നെങ്കിലും അത് സമ്മര്‍ദം കൊണ്ടാണെന്നും അതിലെന്താണ് എഴുതിയിരുന്നത് എന്ന് അറിയുമായിരുന്നില്ലെന്നുമാണ് കൂറുമാറിയ സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍, ഈ മൊഴികള്‍ വിശ്വസനീയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാത്രവുമല്ല, കൊലപാതകം നേരിട്ടുകണ്ട സാക്ഷികളുണ്ട്. വിശ്വസനീയമായ ദൃക്സാക്ഷിമൊഴികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ലെങ്കില്‍പ്പോലും കേസിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചൂട് കൂടുന്നു; പകല്‍ താപനില മൂന്നുവരെ ഡിഗ്രി വരെ ഉയര്‍ന്നേക്കാം, മുന്നറിയിപ്പ്

ചൂട് കൂടുന്നു; പകല്‍ താപനില മൂന്നുവരെ ഡിഗ്രി വരെ ഉയര്‍ന്നേക്കാം, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. തണുപ്പുകുറഞ്ഞ് പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.

മഴ ലഭിച്ചാലും കേരളത്തില്‍ ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബറില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില (37.4 ഡിഗ്രി സെല്‍ഷ്യസ്) കേരളത്തിലാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കന്‍കേരളത്തിലാണ് ചൂടു കൂടുതല്‍ അനുഭവപ്പെടുന്നത്.അതേസമയം, ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. 14-നും 15-നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലും മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു മരണം.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍ വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

മകരവിളക്ക് നാളെ, ഭക്തിപ്രഭയിൽ തിരുവാഭരണ ഘോഷയാത്ര, ശരണമന്ത്ര ധ്വനിയിൽ വീഥികൾ

മകരവിളക്ക് നാളെ, ഭക്തിപ്രഭയിൽ തിരുവാഭരണ ഘോഷയാത്ര, ശരണമന്ത്ര ധ്വനിയിൽ വീഥികൾ

നാളെ മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ശരണ മന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ ഉൾപ്പെടെ നൂറുകണക്കിനുപേർ ഘോഷയാത്രയെ അനുഗമിക്കുന്നു.

വൃശ്ചികം ഒന്നുമുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനുവച്ചു. വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമ്മ രാജയുടെ അഭാവത്തിൽ ഇളയതമ്പുരാൻ അവിട്ടംനാൾ രവിവർമ്മ രാജയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്

പതിനൊന്നോടെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് രവിവർമ്മ രാജയെ രാജശേഖര മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും ആനയിച്ചു.
മേൽശാന്തി പൂജിച്ചുനൽകിയ ഉടവാൾ പല്ലക്കിൽ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ടുപറന്നു. ഗുരുസ്വാമി ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിൽ നിന്ന് പുറത്തെത്തിയതോടെ ഘോഷയാത്ര പുറപ്പെട്ടു. അടൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഒപ്പമുണ്ട്. ഘോഷയാത്ര ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്നു രാത്രി ളാഹ വനംവകുപ്പ് സത്രത്തിൽ വിശ്രമം.നാളെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും. വൈകിട്ട് പതിനെട്ടാം പടി കയറിയെത്തിക്കുന്ന തിരുവാഭരണം സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തും. ദീപാരാധനയ്ക്കു ശേഷം നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.