വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ഭൂകമ്പം, വ്യാപക നാശനഷ്ടം

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് ശക്തമായ രണ്ട് ഭൂചലനങ്ങൾ സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. കരീബിയൻ തീരമേഖല കേന്ദ്രീകരിച്ചാണ് ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് കാരക്കാസിലെ പ്രമുഖ ജനവാസ മേഖലകളായ അൽതാമിറ, കാരിക്വാവോ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയൻ തീരത്തായിരുന്നു ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു. ഭൂചലനത്തിന് പിന്നാലെ വെനിസ്വേല, അരൂബ, ബോണയർ, കുറകാവോ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമി തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

മെക്‌സിക്കോ സിറ്റി: ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് നോക്കൗട്ടില്‍. ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്നത്.

തപെലോ മാസെക്കോയാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിജയഗോള്‍ നേടിയത്. 2010ല്‍ ആതിഥേയത്വം വഹിച്ച ശേഷം വീണ്ടും ഇത്തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് എത്തുന്നത്. ആദ്യമത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ചെക്കിനെ സമനിലയില്‍ തളയ്ക്കുകയും കരുത്തരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് നോക്കൗട്ട് പ്രവേശം.

ദക്ഷിണ കൊറിയന്‍ കോച്ച് ഹോങ് മ്യുങ് ബോ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ്-മിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനം ആരാാധകരെ ഞെട്ടിക്കുന്നതായിരുന്നു. ദക്ഷിണ കൊറിയ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒത്തിണക്കത്തോടെയും ആത്മവിശ്വാസത്തോടെയു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കൊറിയന്‍ വല വീണ്ടും വീണ്ടും കുലുങ്ങുമായിരുന്നു.

ആതിഥേയരായ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് എ ചാംപ്യന്‍മാരായി നോക്കൗട്ടില്‍ എത്തി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോയുടെ നോക്കൗട്ട് പ്രവേശനം. നോക്കൗട്ടില്‍ എത്താന്‍ തെക്കന്‍ കൊറിയ ഇനിയും കാത്തിരിക്കണം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കൊറിയക്ക് നോക്കൗട്ടില്‍ എത്താന്‍ കഴിയുകയുള്ളു.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ്

മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല.

കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്.

വന്‍തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. 10,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസില്‍ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു പ്രസംഗിച്ചിരുന്നു.

ക്ലിഫ് ഹൗസിലെ വീട്ടുപകരണങ്ങളും നീന്തല്‍ക്കുളങ്ങളും എല്ലാം മികച്ച നിലവാരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്. നന്ദന്‍കോട് 6 ഏക്കര്‍ 25 സെന്റിലാണ് ക്ലിഫ് ഹൗസ്.

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍  തീരുമാനം യുഡിഎഫിന് വിട്ട് തലയൂരി മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ തീരുമാനം യുഡിഎഫിന് വിട്ട് തലയൂരി മുഖ്യമന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
തീരുമാനിച്ചത് നികുതി ഘടനമാത്രമെന്നും വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നുമാണ് വി ഡി സതീശന്‍റെ വിശദീകരണം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപന നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചാൽ ഈ നികുതി ഘടന നിലവിൽ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എൽഡിഎഫിന്റെ കാലത്താണെന്നും വി ഡി സതീശൻ സഭയില്‍ പറഞ്ഞു. ബക്കാർഡി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.

വീര്യം കുറഞ്ഞ മദ്യനികുതിയില്‍ പ്രതിഷേധം ഫലം കണ്ടു. വിഷയത്തില്‍ അന്തിമതീരുമാനം യുഡിഎഫ് എടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നികുതിയിളവ് നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനം യുഡിഎഫിന് വിട്ടത്. വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. അപേക്ഷകൾ ആദ്യം പരിഗണിച്ചത് പിണറായി സർക്കാരിന്റെ കാലത്താണ്.

ആരാണ് ബക്കാഡി കമ്പനിയുമായി സംസാരിച്ചത്. എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് ബക്കാർഡി കമ്പനിക്കായി വിദേശ മദ്യ നയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫാണെന്നും സതീശന്‍ വിമര്‍ശിച്ചു. ടാക്സ് നിശ്ചയിക്കുന്ന നടപടികൾ വേഗത്തിൽ തന്നെയാണ് നടക്കാറുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം നിശ്ചയിച്ചത് നിങ്ങളാണ്. ഞങ്ങൾ നികുതി നിരക്ക് നിശ്ചയിച്ചു എന്ന് മാത്രമെന്നാണ് മുഖ്യമന്ത്രി വീശദീകരണം.

മദ്യനയം തീരുമാനിക്കേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. ഇത് യുഡിഎഫിൽ എല്ലാവരുമായും സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.