തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.

കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരിക്കേറ്റിരുന്നു.

ലൈംഗിക അധിക്ഷേപ കേസ്; ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ലൈംഗിക അധിക്ഷേപ കേസ്; ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പന്ത്രണ്ടരയോടെ ഓണ്‍ലൈനായാണ് അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്. കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായതാണെന്നും റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസില്‍ 30 മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. പൊലീസ് കസ്റ്റഡി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണം.

ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കും. ജാമ്യാപേക്ഷയുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നായിരുന്നു ഇന്നലെ അഭിഭാഷകന്‍ അറിയിച്ചത്. അങ്ങനെ പോയാല്‍ തീരുമാനം വരാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് അതിവേഗം ഹൈക്കോടതിയെ സമീപിച്ചത്.

നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.

രാജ്യത്ത് ഇന്ധനവില കൂടുമോ?; രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്

രാജ്യത്ത് ഇന്ധനവില കൂടുമോ?; രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്

ഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതില്‍ ആശങ്ക. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളര്‍ കടന്ന് കുതിക്കുകയാണ്. എണ്ണ വില കുതിക്കുന്നത് ഡോളര്‍ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഡോളര്‍ ഒന്നിന് 85.87 എന്ന നിലയിലാണ് രൂപ.

റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞതാണ് എണ്ണവില കൂടാന്‍ കാരണം. പാശ്ചാത്യ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ് റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവിതരണത്തെ ബാധിച്ചത്. ലഭ്യതയിലെ കുറവ് നികത്താന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നത് ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് എണ്ണ വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എണ്ണ വില ഉയരുന്നത് രാജ്യത്ത് ഇന്ധനവിലയെ സ്വാധീനിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. അതേസമയം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു പൈസയുടെ നഷ്ടത്തോടെ 85.87 എന്ന നിലയിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിക്കുന്നത്. ഇതിന് പുറമേയാണ് എണ്ണവില വര്‍ധനയും രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുപൈസയുടെ നേട്ടത്തോടെ 85.86 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

കൈ കിട്ടാ ക്ലബ്ബിൽ വിദ്യാഭ്യാസ മന്ത്രി, രക്ഷിച്ചത് താനാണെന്ന് ടൊവിനോ

കൈ കിട്ടാ ക്ലബ്ബിൽ വിദ്യാഭ്യാസ മന്ത്രി, രക്ഷിച്ചത് താനാണെന്ന് ടൊവിനോ

ഇതാ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയ എൻട്രി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കാണ് ‘ബേസിൽ ശാപം’ ഏൽക്കേണ്ടിവന്നത്. സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം. നടൻ ആസിഫ് അലിക്ക് കൈ കൊടുക്കാനായി കൈ നീട്ടിയെങ്കിലും താരം അത് കാണാതെ പോവുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നിരുന്നത്. വേദിയിലേക്ക് എത്തിയ ആസിഫ് അലിക്ക് മന്ത്രി കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ആസിഫ് ടൊവിനോയ്ക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നു. തുടർന്ന് ടൊവിനോ ആണ് ഹസ്തദാനത്തിനായി മന്ത്രി കൈ നീട്ടി നിൽക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് നടൻ മന്ത്രിക്ക് കൈകൊടുക്കുകയായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ മന്ത്രി തന്നെ ഈ വിഡിയോ പോസ്റ്റ് ചെയ്തു.

‘ഞാനും പെട്ടു’ എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. പിന്നാലെ രസകരമായ കമന്റുകളുമായി ബേസിൽ ജോസഫും ടൊവിനോയും ഉൾപ്പടെയുള്ളവർ രം​ഗത്തെത്തിയിരിക്കുകയാണ്. ‘വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം’- എന്നാണ് ബേസിൽ കുറിച്ചത്. ‘പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട്’- എന്നായിരുന്നു ടൊവിനോയുടെ കമന്റ്.

വൈദ്യുതി ബില്‍ 2,10,42,08,405 രൂപ!!; അന്തംവിട്ട് ഉപഭോക്താവ്

വൈദ്യുതി ബില്‍ 2,10,42,08,405 രൂപ!!; അന്തംവിട്ട് ഉപഭോക്താവ്

ഷിംല: ഇലക്ട്രിസിറ്റി ബില്‍ കണ്ട് അന്തംവിട്ട് ഉപഭോക്താവ്. 210 കോടിയലധികം രൂപയാണ് യുവാവിന് ഇലക്ട്രിസിറ്റി ബില്ലായി ലഭിച്ചത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. 2,10,42,08,405 രൂപയുടെ ഭീമമായ ബില്‍ ലഭിച്ചതോടെ യുവാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് അദ്ദേഹത്തിന് 4,047രൂപയുടെ ശരിയായ വൈദ്യതി ബില്‍ നല്‍കുകയും ചെയ്തു. നേരത്തെ ഗുജറാത്തിലെ തയ്യല്‍ ജോലിക്കാരന് 86ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ വന്നിരുന്നു.