മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.

ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

ഗാന​ഗന്ധർവന് ഇന്ന് 85-ാം പിറന്നാൾ

ഗാന​ഗന്ധർവന് ഇന്ന് 85-ാം പിറന്നാൾ

മലയാളികൾക്ക് യേശുദാസ് എന്നാൽ സം​ഗീതത്തിന്റെ മറ്റൊരു പര്യായമാണ്. ഇന്ന് ​ഗാന​​ഗന്ധർവന്റെ 85-ാം പിറന്നാൾ കൂടിയാണ്. എന്നാൽ ഈ വർഷത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഏറെ ദുഃഖപൂർണമാണ്. തന്റെ സഹോദരതുല്യനായ ​ഗായകൻ‌ പി ജയചന്ദ്രന്റെ വേർപാടിന്റെ വേദനയിലാണ് അദ്ദേഹം. സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ച് സഞ്ചരിക്കുകയും മലയാളികളെ പാട്ടിന്റെ വഴിയെ നടത്തിക്കുകയും ചെയ്ത മഹാപ്രതിഭകളാണ് ഇരുവരും.

1958 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ യുവ​ജനോത്സവ വേദിയിൽവച്ചാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നതു തന്നെ. അതേ തിരുവനന്തപുരത്ത് മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയതിന് പിന്നാലെ, യേശുദാസിന്റെ പിറന്നാൾ ദിനത്തിന് തലേന്ന് ജയചന്ദ്രൻ വിട പറഞ്ഞതും ഒരു യാദൃച്ഛികതയാകാം. അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയുടെയും എലിസബത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനായി ഫോർട്ട് കൊച്ചിയിൽ ജനിച്ച യേശുദാസിനെ സംഗീതത്തിന്റെ വഴിയേ കൈപിടിച്ച് നടത്തിയത് അച്ഛൻ തന്നെയായിരുന്നു.

അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസിൽ ധ്യാനിച്ച യേശുദാസ്‌ 1949 ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജ്‌ എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. എന്നാൽ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌.

ഇതിനോടകം തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു. സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്.

പിന്നീട് അദ്ദേഹത്തിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. ഗാനഗന്ധർവൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ത്യൻ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. 2017- ൽ രാജ്യം പത്മവിഭൂഷണും, 2002-ൽ പത്മഭൂഷണും, 1973-ൽ പത്മശ്രീ നൽകിയും ആദരിച്ചു.

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്.

മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവില്‍ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തില്‍ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.

അതിനിടെ, യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരില്‍; ഏറ്റുപാടി ഭക്തര്‍

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരില്‍; ഏറ്റുപാടി ഭക്തര്‍

തൃശൂര്‍: ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം, അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം … ഭാവ ഗായകന്റെ സ്വരമാധുരിയില്‍ പിറന്ന ഭക്തിസാന്ദ്രമായ ഈ ഗാനം ഏറ്റുപാടാത്ത ഗുരുവായൂര്‍ ഭക്തര്‍ ചുരുക്കമായിരിക്കും. ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്ന പി ജയചന്ദ്രന്റെ അവസാന പൊതുപരിപാടി ഗുരുവായൂരില്‍ വച്ചായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം അവിടെ എത്തിയത്. ഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും അവിടെയെത്തിയ ജയചന്ദ്രന്‍ ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചപ്പോള്‍ ഭക്തര്‍ നിറ കൈയടിയോടെയാണ് ആ ഗാനമാധുരി ഏറ്റുവാങ്ങിയത്.

അന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദര്‍ശന സായൂജ്യം നേടിയ ശേഷം പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ശ്രീഗുരുവായൂരപ്പന്റെ തികഞ്ഞഭക്തനായിരുന്നു ശ്രീ.പി. ജയചന്ദ്രന്‍. ശ്രീഗുരുവായൂരപ്പനേയും ഗുരുവായൂര്‍ ക്ഷേത്രത്തെയും പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ അനശ്വര ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ദേവസ്വം ഭരണസമിതി അദ്ദേഹത്തെയാണ് ക്ഷണിച്ചത്.

ശ്രീഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും അദ്ദേഹമെത്തി. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം

അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം …

എന്ന തന്റെ പ്രിയപ്പെട്ട ഗാനം അദ്ദേഹം ഭക്തര്‍ക്കായി പാടി. അചഞ്ചലമായ തന്റെ ഗുരുവായൂരപ്പ ഭക്തി ഒരിക്കല്‍ കൂടി പ്രകടമാക്കി.

ഭക്തര്‍ നിറ കൈയടിയാല്‍ ആ ഗാനമാധുരി ഏറ്റുവാങ്ങി.. അന്ന് ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുതു. ദര്‍ശന സായൂജ്യത്തിന് പിന്നാലെ ഭഗവാന്റെ പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം. അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയും അതായി.

മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

ഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശാ ലോറന്‍സ് സുപ്രീം കോടതിയല്‍ അപ്പീല്‍ നല്‍കി. നടപ്പാക്കിയത് രാഷ്ട്രീയതീരുമാനമാണെന്ന് ആശയുടെ ഹര്‍ജിയില്‍. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആശ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കളമശേരി മെഡിക്കല്‍ കോളജ്, മകന്‍ എംഎല്‍ സജീവ്, സിപിഎം ഉള്‍പ്പടെ ഹര്‍ജിയില്‍ പത്ത് എതിര്‍കക്ഷികളാണ് ഉള്ളത്.

ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മെഡിക്കല്‍ കോളജില്‍ മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനമായിരുന്നെന്നും ലോറന്‍സിന് ഇത്തരമൊരു ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ ടോം ജോസഫാണ് ആശാ ജോസഫിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എംഎം ലോറന്‍സ് അന്തരിക്കുന്നത്. രലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എംഎല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. തര്‍ക്കത്തെത്തുടര്‍ന്ന് ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ സമ്മതിക്കാതിരുന്ന ആശയെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം ടൗണ്‍ഹാളില്‍ നിന്നും കൊണ്ടുപോകാനായത്.