‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ റദ്ദാക്കും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായുണ്ടാകുന്ന നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിങ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് ഇതുവരെ കെഎസ്ആര്‍ടിസിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഉത്തരവ് കേട്ട ബോബി കോടതിയില്‍ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.

ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഹാജാരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശരീരത്തിൽ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. 2 ദിവസം മുൻപ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നു ബോബി അറിയിച്ചു.പൊലീസ് മർദിച്ചിട്ടില്ലെന്നു ബോബി കോടതിയിൽ പറഞ്ഞു.

ബോബി ചെയ്തതു ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയിലും ജാമ്യം നില്‍കിയാല്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12.45 ഓടെയാണ് ബോബിയെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽനിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍ പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടര്‍നടപടിയെന്നും എസിപി ജയകുമാര്‍ പറഞ്ഞു. ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

സംസ്ഥാന കലോത്സവത്തിൽ പളിയനൃത്തത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ

സംസ്ഥാന കലോത്സവത്തിൽ പളിയനൃത്തത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ

സംസ്ഥാന കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്രകലയായ പളിയനൃത്തത്തിൽ സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിനികൾ.

യൂട്യൂബിലെ വീഡിയോ നോക്കി സ്വന്തമായാണ് കുട്ടികൾ നൃത്തം പരിശീലിച്ചത്. ഇടുക്കിയിലെ പളിയ സമുദായക്കാരുടെ തനത് നൃത്തരൂപമാണിത്. ഈഞ്ചയും മുളയും ശേഖരിച്ച് നൃത്തത്തിനാവശ്യമായ വേഷവും ആഭരണങ്ങളും കുട്ടികൾ തന്നെയാണ് നിർമിച്ചത്.

പ്ലസ് ടു വിദ്യാർഥിനികളായ ആദിത്യ, അക്ഷയ, ബീമ, പ്ലസ് വൺ വിദ്യാർഥിനികളായ ആർച്ച, അർഷദ ഫിർസാന, ഫാത്തിമ നസ്രിൻ, വൈഷ്ണവി, ആതിര, ശിവാനി, കൃഷ്ണ, ആസിയ, ദുർഗ എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തിൽ മത്സരിച്ചത്.

ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങലിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ദേശീയപാതയ്ക്കരികിൽ ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിനുള്ളിൽ നിന്നുമാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടിയാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാവ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.

മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

2007ൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വലിയ പള്ളിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ ഇരയായവരെ അഞ്ചുതെങ്ങ് ആറാം വാർഡിൽ പോലീസ് സ്റ്റേഷന് സമീപം കേട്ടുപുരയിലാണ് 97 കുടുംബങ്ങളെ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിച്ചത്. അന്നു നിർമ്മിച്ച പല കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകത കാരണം ജീർണ്ണിച്ച അവസ്ഥയിലാണ്. ഇതിന്റെ മേൽക്കൂര ഇളകിവീണ് പലപ്പോഴും താമസക്കാർക്ക് പരിക്കുകൾ പറ്റുന്നുണ്ട്.

ഈ കോളനിയിലെ ഗിൽബർട്ട്, ട്രീസ എന്നിവരുടെ വീടുകൾ നിരവധി പ്രാവശ്യം മേൽക്കൂര ഇളകി വീണ്താമസക്കാർക്ക് പരിക്കുപറ്റിയിരുന്നു. ഗിൽബർട്ടിന്റെ ഭാര്യയുടെ കൈ ഒടിഞ്ഞു മാസങ്ങളോളം പ്ലാസ്റ്റർ കൈയിൽ ഇട്ടു നടക്കേണ്ടുന്ന അവസ്ഥ വന്നിരുന്നു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് മുഴുവൻ പേരും.

അടിയന്തരമായി ഈ കെട്ടിടങ്ങൾ അറ്റ കുറ്റപ്പണി ചെയ്യുകയോ പൊളിച്ചു നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യജീവനടക്കം അപകടം പറ്റുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഗ്രാമപഞ്ചായത്തും പ്രദേശവാസികളും നിരവധി പരാതികൾ ഫിഷറീസ് വകുപ്പിന് നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. അടിയന്തരമായി ഈ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്രയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.