by Midhun HP News | Jan 9, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…. ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
2008 ല്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ.
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആൽബം ഗാനവും ശ്രദ്ധിക്കപ്പെട്ടു.
by Midhun HP News | Jan 9, 2025 | Latest News, ദേശീയ വാർത്ത
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. 52 വയസ്സായിരുന്നു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.
തിരുപ്പതി വൈകുണ്ഠ ഏകാദശക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
by Midhun HP News | Jan 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഭക്തര്‍ക്കും ജീവനക്കാര്‍ക്കും പുറമെ ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്കായി പ്രത്യേകഅപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വം ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തര്‍ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.
വിശുദ്ധി സേനാംഗങ്ങള്‍ക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്കും താല്‍പര്യമുള്ള ഡോളി തൊഴിലാളികള്‍ക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ റദ്ദാക്കും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായുണ്ടാകുന്ന നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിങ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് ഇതുവരെ കെഎസ്ആര്‍ടിസിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Recent Comments