മാധ്യമപ്രവർത്തകൻ, ചലച്ചിത്ര നിർമാതാവ്; പ്രിതീഷ് നന്ദി അന്തരിച്ചു

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര നിർമാതാവ്; പ്രിതീഷ് നന്ദി അന്തരിച്ചു

മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയും ചലച്ചിത്ര നിർമാതാവുമായ പ്രിതീഷ് നന്ദി അന്തരിച്ചു. 73 വയസായിരുന്നു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. മകനും ചലച്ചിത്ര നിർമാതാവുമായ കുഷൻ നന്ദിയാണ് വാർത്ത സ്ഥിരീകരിച്ചത്. അന്തിമചടങ്ങുകള്‍ ദക്ഷിണമുംബൈയില്‍ നടന്നു.

മനുഷ്യാവകാശ പ്രവർത്തകനും കവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷില്‍ നാൽപ്പതോളം കവിതകള്‍ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി, എന്നിവയില്‍ നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. 1977-ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. 1990-കളിൽ ദൂരദർശനിൽ ദ ‘പ്രിതീഷ് നന്ദി ഷോ’ എന്ന പേരിൽ ഒരു ടോക്ക് ഷോ നടത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തിൽ നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമാതാവായിരുന്നു പ്രിതീഷ് നന്ദി. 2008-ല്‍ അദ്ദേഹത്തിന് കര്‍മവീര്‍ പുരസ്‌കാരം ലഭിച്ചു. 2006-ല്‍ യുണൈറ്റഡ് നേഷന്‍സ് ഹെറിറ്റേജ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നടൻ അനുപം ഖേർ പ്രിതീഷ് നന്ദിയെ അനുസ്മരിച്ച് കൊണ്ട് വികാരനിർഭരമായ കുറിപ്പ് സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത സുഹൃത്തതായ പ്രിതീഷ് നന്ദിയുടെ വിയോഗം ഞെട്ടലും അഗാധമായ ദുഖവും ഉണ്ടാക്കുന്നതാണ്. അദ്ദേഹം ഒന്നിനെയും ഭയപ്പെടാത്ത വ്യക്തിയായിരുന്നുവെന്നും ഖേർ കുറിച്ചു.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് വില 58,080 രൂപയായി. 7260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77816 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,657.95 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ശബരിമല ദർശനം കഴിഞ്ഞുവന്ന തീർത്ഥാടകന് ദാരുണാന്ത്യം

ശബരിമല ദർശനം കഴിഞ്ഞുവന്ന തീർത്ഥാടകന് ദാരുണാന്ത്യം

കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകൻ ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍(28) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശബരിമല ദർശനത്തിന് ശേഷം ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദൻകുമാർ പുനലൂരിലെത്തിയത്. ഇവിടെ ദേശീയപാതയോരത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥിതി ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുമരണം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത്.

രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.

നാല് കോച്ചുകൾ കൂട്ടി, തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് നാളെ മുതൽ

നാല് കോച്ചുകൾ കൂട്ടി, തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് നാളെ മുതൽ ആരംഭിക്കും. 20 കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍ (20633) റൂട്ടിലാണ് സര്‍വീസ്.

നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസര്‍കോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.

പുതിയ ട്രെയിനില്‍ 16 ചെയര്‍കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍കാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്. നാലുകോച്ചുകള്‍ അധികം വരുമ്പോള്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആകും.