ഹണിറോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ അറസ്റ്റില്‍

ഹണിറോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ അറസ്റ്റില്‍

കൊച്ചി :നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ കോടതിയില്‍ ഹാജരാക്കും

എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ വയനാട്ടിലെ ഫാം ഹൗസില്‍ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചെലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്.

തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.

കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്

കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്

തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.

1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

മറ്റ് ജില്ലകളുടെ പോയിന്റ് നില –

കോഴിക്കോട് – 1000,

എറണാകുളം – 980

മലപ്പുറം – 980

കൊല്ലം – 964

തിരുവനന്തപുരം – 957

ആലപ്പുഴ – 953

കോട്ടയം – 924

കാസർകോട് – 913

വയനാട് – 895

പത്തനംതിട്ട – 848

ഇടുക്കി – 817

സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാർ‌മൽ‌ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യാതിഥികള്‍. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.

‘ഇതൊരു തുടക്കമാണ്, ഹണിയുടേത് ധീരമായ പോരാട്ടം’; പിന്തുണച്ച് ഫെഫ്ക

‘ഇതൊരു തുടക്കമാണ്, ഹണിയുടേത് ധീരമായ പോരാട്ടം’; പിന്തുണച്ച് ഫെഫ്ക

ഹണി റോസിനെ പിന്തുണച്ച് സിനിമ സംവിധായകരുടെ സംഘടന ഫെഫ്കയും. ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നുവെന്നുവെന്ന് ഫെഫ്ക ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു.

ഹണി റോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണി റോസിന് അഭിവാദ്യങ്ങൾ”- ഫെഫ്ക അറിയിച്ചു.

നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കു നേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മയും ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു

ബോബി ചെമ്മണൂര്‍ നിരീക്ഷണത്തിലായിരുന്നു; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി

ബോബി ചെമ്മണൂര്‍ നിരീക്ഷണത്തിലായിരുന്നു; മെസേജ് അയക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് ഡിസിപി

കൊച്ചി: ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ബോബിയുമായി പൊലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് എത്തിക്കുക. കേസില്‍ ഹണി റോസിന്റെ മൊഴി ഇന്നുതന്നെ രേഖപെടുത്തും. ഹണി റോസ് നല്‍കിയ പരാതിയില്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും ബോബി ചെമ്മണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഡിസിപി പറഞ്ഞു. ബോബിക്കെതിരെ മറ്റ് പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൊച്ചിയില്‍ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. അയാള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ പരാതിയില്‍ ഉണ്ട്. ഇത്തരത്തില്‍ മെസേജ് അയക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ ആയിരം ഏക്കര്‍ എസ്റ്റേറ്റില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. വൈകിട്ടോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും. വയനാട് പൊലീസിനെ അറിയിക്കാതെയായിരുന്നു കൊച്ചി പൊലീസിന്റെ ഓപ്പറേഷന്‍.

ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം പൊലീസ് വയനാട്ടില്‍ എത്തിയത്. രാവിലെ ഏഴരയോടെ റിസോര്‍ട്ടില്‍ എത്തിയ സംഘം ഒന്‍പതു മണിക്ക് ബോബിയെ കസ്റ്റഡിയില്‍ എടുത്തു. എആര്‍ ക്യാംപിലേക്കു കൊണ്ടുവരുന്നതിനിടെയാണു വിവരം പുറത്തറിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ബോബിയെ എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബോബി കൈ ഉയര്‍ത്തിക്കാണിച്ചു. വയനാട്ടില്‍നിന്ന് റോഡു മാര്‍ഗം കൊച്ചിയിലെത്താന്‍ ആറ് മണിക്കൂറെങ്കിലും എടുക്കും. വൈകിട്ട് ആറുമണിയോടെ ബോബിയെ കൊച്ചിയിലെത്തിക്കുമെന്നാണു വിവരം. മേപ്പാടിയിലെ പൊലീസ് ഉദ്യോഗസ്ഥരും എറണാകുളം പൊലീസിനൊപ്പമുണ്ട്.

ജയിലില്‍ എത്തി പെരിയക്കേസ് പ്രതികളെ കണ്ട് പികെ ശ്രീമതി

ജയിലില്‍ എത്തി പെരിയക്കേസ് പ്രതികളെ കണ്ട് പികെ ശ്രീമതി

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്‍. മണികണ്ഠന്‍ ഉള്‍പ്പടെയുള്ള മറ്റ് എല്ലാവരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിചയമുണ്ട്. ആ നിലയ്ക്കാണ് ജയിലില്‍ എത്തിയതെന്ന് ശ്രീമതി പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു.

നാലുപ്രതികളുടെ ശിക്ഷാവിധി മരവിപ്പിക്കുമെന്നത് എല്ലാവരും പ്രതീക്ഷിച്ചതാണ്. മേല്‍ കോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പാര്‍ട്ടി സെക്രട്ടറി നേരത്തെ തന്നെ പറഞ്ഞിരുന്നു. പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടു. ഇവരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നേരത്തെ എല്ലാവര്‍ഷവും ക്രിസ്മസ് ദിവസം താന്‍ ജയിലിലെത്തി പരാമവധി പ്രതികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പികെ ശ്രീമതി പറഞ്ഞു.