സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ എ ഗ്രേഡ് നേടി ശ്രീദേവ് ഹരീഷ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ എ ഗ്രേഡ് നേടി ശ്രീദേവ് ഹരീഷ്

സംസ്ഥാന സ്കൂൾ ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ചിത്രരചന (പെൻസിൽ), ചിത്രരചന (ജലച്ചായം) എന്നീ രണ്ട് ഇനങ്ങളിൽ ‘A’ ഗ്രേഡ് നേടി ശ്രീദേവ് ഹരീഷ്. തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷം ചിത്രരചന (ജലച്ചായം) ‘A’ഗ്രേഡ് നേടിയിരുന്നു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഡിജിറ്റൽ പെയിൻ്റിംഗിൽ ശ്രീദേവ് ഹരീഷ് ‘A’ ഗ്രേഡ് നേടിയിരുന്നു.

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി ആരാധ്യ

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി ആരാധ്യ

അത്ഭുതപ്പെടുത്തുന്ന ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ച 22 മാസം മാത്രം പ്രായമുള്ള ആരാധ്യയ്ക്ക് ആദരമൊരുക്കി തലസ്ഥാനം. മണികണ്ഠേശ്വരം റോക്ക് ഗാർഡൻസ് ശ്രീകൃഷ്ണയിൽ സുരേഷിൻ്റെയും നിഷയുടെയും മകളാണ് എം.എസ്. ആരാധ്യ. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റും ബാഡ്ജും മെഡലും ആരാധ്യയ്ക്ക് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ പിരപ്പൻകോട് മുരളി, നഗരസഭാ കൗൺസിലർ നന്ദഭാർഗവ്, എം.എസ്. നിഷ എന്നിവർ സംസാരിച്ചു.

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റ് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആരാധ്യയ്ക്ക് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സാഹിത്യകാരൻ പിരപ്പൻകോട് മുരളി, എം.എസ്. നിഷ, കൗൺസിലർ നന്ദഭാർഗവ് എന്നിവർ പങ്കെടുത്തു.

സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി അനന്യ ഗോപു

സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി അനന്യ ഗോപു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ഉപന്യാസ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് ലഭിച്ചു എം.എസ്.പി എച്ച്.എസ്.എസ് ലെ വിദ്യാർത്ഥി എ.അനന്യ ഗോപു. എം.എസ്.പിയിൽ നിന്ന് ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത എസ്.ഗോപകുമാരൻ നായരുടെയും, എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എച്ച്.എം ടി.ജി.അനിതയുടെയും മകളാണ്. കലാനികേതന്റെ ഉപഹാരം മംഗലപുരം എസ് എച്ച് ഒ കെ.ഹേമന്ത്കുമാറും, കെ പി ആർ എ, കലാനികേതൻ ചെയർമാൻ എം. എ ലത്തീഫ് എന്നിവർ ചേർന്ന് ആദരിച്ചു.

അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ കൗതുകമായി

അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ കൗതുകമായി

അമ്മയുടെയും മകളുടെയും നൃത്ത സന്ധ്യ ശ്രദ്ദേയമായി. ചെമ്പകമംഗലം കുടവൂർ ശിവ ക്ഷേത്രത്തിലാണ് ആലിയാരുകോണം കൈലാസത്തിൽ സസുനാ തമ്പിയും മകൾ സ്വാതി എസ്സും കൂടി നൃത്ത സന്ധ്യ അവതരിപ്പിച്ചത്. മകൾ സ്വാതി 5 വർഷമായി നൃത്തം പഠിച്ചുവരുകയാണ്. അമ്മയുടെ അരങ്ങേറ്റം കൂടിയായിരുന്നു. സുധീർ ഭർത്താവും സ്വാതിഷ് മകനുമാണ്. വിജു ശങ്കർ എന്ന അധ്യാപകന്റെ കീഴിലാണ് ഇരുവരും നൃത്തം അഭ്യസിക്കുന്നത്.

പെരിയ ഇരട്ടക്കൊല: കെ വി കുഞ്ഞിരാമന്‍ അടക്കം സിപിഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

പെരിയ ഇരട്ടക്കൊല: കെ വി കുഞ്ഞിരാമന്‍ അടക്കം സിപിഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികളാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇവർക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.

പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 10 പ്രതികൾക്കും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.