കപ്പില്‍ ആര് മുത്തമിടും?, സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

കപ്പില്‍ ആര് മുത്തമിടും?, സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആര് കപ്പില്‍ മുത്തമിടും എന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിന്റെ അവകാശത്തിനായി തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

10 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നില്‍ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. കണ്ണൂര്‍ മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരാണ്. കോഴിക്കോടും പാലക്കാടുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്. ആകെയുള്ള 249 ഇനങ്ങളില്‍ പത്തുമത്സരം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെ ഇരുന്നൂറിലേറെ ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായി. സമാപനദിവസമായ ബുധനാഴ്ച പകല്‍ രണ്ടോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നാലിന് സ്വര്‍ണക്കപ്പ് വേദിയിലെത്തും. നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളാകും.

സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാര്‍മെല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. അവസാന ദിനമായ ഇന്ന് ഹയര്‍ സെക്കന്ററി വിഭാഗം ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, ഹൈസ്‌ക്കൂള്‍ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ട്.

തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു സജീവിന്റെ മരണം പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു സജീവിന്റെ മരണം പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

നവംബര്‍ 15ന് ആയിരുന്നു സംഭവം. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവിനെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണല്‍ നടന്നു. 16ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി. അഴിമതി കേസിന്‍റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു.

അഴിമതി ആരോപണത്തെ മറികടക്കാന്‍ പതിവ് പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്‍ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാന്‍ യോജന, 60 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബിജെപിക്കും ശക്തിയായി. കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിന്‍റെ ചൂടിലേക്ക് ഈ മഞ്ഞു കാലത്തിൽ ദില്ലി നീങ്ങുകയാണ്.

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംങ് 2025 : രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും (ജനുവരി 8)

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംങ് 2025 : രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും (ജനുവരി 8)

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഈ വര്‍ഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സന്ദര്‍ശകര്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. ജനുവരി 20 മുതല്‍ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതല്‍ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21 നും ഫെബ്രുവരി 11 മുതല്‍ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ബുക്കിംങ് ആരംഭിക്കും.

അത്ഭുതപ്പെടുത്തുന്ന ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ച ആരാധ്യ

അത്ഭുതപ്പെടുത്തുന്ന ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ച ആരാധ്യ

അത്ഭുതപ്പെടുത്തുന്ന ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ച 22 മാസം മാത്രം പ്രായമുള്ള ആരാധ്യയ്ക്ക് ആദരമൊരുക്കി തലസ്ഥാനം.
മണികണ്ഠേശ്വരം റോക്ക് ഗാർഡൻസ് ശ്രീകൃഷ്ണയിൽ സുരേഷിൻ്റെയും നിഷയുടെയും മകളാണ് എം.എസ്. ആരാധ്യ.
പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റും ബാഡ്ജും മെഡലും ആരാധ്യയ്ക്ക് കൈമാറി.
പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ പിരപ്പൻകോട് മുരളി, നഗരസഭാ കൗൺസിലർ നന്ദഭാർഗവ്, എം.എസ്. നിഷ എന്നിവർ സംസാരിച്ചു.

ക്യാപ്…
ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൻ്റെ സർട്ടിഫിക്കറ്റ് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആരാധ്യയ്ക്ക് കൈമാറുന്നു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സാഹിത്യകാരൻ പിരപ്പൻകോട് മുരളി, എം.എസ്. നിഷ, കൗൺസിലർ നന്ദഭാർഗവ് എന്നിവർ സമീപം