വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

തിരുവനന്തപുരം: മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധിയിയില്‍ മാറ്റം ഉണ്ടായത്.

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ

ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവേ സദസിലിരുന്ന് ‌കയ്യടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ് ജോർജും സദസിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.

കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്കാര വാർത്തയെത്തിയത്. 1998 ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണും പി നാരായണന്‍, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ ടെന്നീസ് കളിക്കാരനായ ഡോ വിജയ് അമൃത്‌രാജ് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഡോ എസ് കെ എം മയിലാനന്ദന്‍, ഡോക്ടര്‍ ദത്രാത്തേയുദു നോരി എന്നിവരും പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ

പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായി നടി തൃഷ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വിജയ്‌യുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയതോതിൽ ചർച്ചയായി മാറി.

പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും വാർത്തയായി. ഇന്നലെ വിജയ്‌‌യുടെ 52-ാം പിറന്നാൾ കൂടിയായിരുന്നു. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയുമൊക്കെ വിജയ്‌ക്ക് പിറന്നാൾ ആശംസകൾ‌ നേർന്നിരുന്നു. ഇത്തവണത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പല സർപ്രൈസുകളും ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

അതിലൊന്ന് ‘ജന നായക’ന്റെ റിലീസ് പ്രഖ്യാപിക്കുമെന്നതായിരുന്നു. മറ്റൊന്ന് ഭാര്യ സം​ഗീതയുമായി വിജയ് വീണ്ടും ഒന്നിക്കുമെന്നതായിരുന്നു. എന്നാൽ ഇത് രണ്ടും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ഉണ്ടായില്ല. തൃഷയിലേക്ക് തന്നെയാണ് ആരാധകരിപ്പോൾ വീണ്ടും ഉറ്റുനോക്കുന്നത്. എല്ലാ വർഷവും മനോഹരമായൊരു ചിത്രവുമായി വിജയ്ക്ക് ആശംസകൾ നേരാറുണ്ട് തൃഷ.

കഴിഞ്ഞവർഷം തൃഷയുടെ വളർത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തൃഷ, ദളപതിക്കുള്ള ആശംസകൾ അറിയിച്ചത്. ‌എന്നാൽ ഇത്തവണ, തൃഷ വിജയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും പങ്കുവച്ചില്ല. എന്തുകൊണ്ടാണ് തൃഷ വിജയ്ക്ക് ആശംസകൾ അറിയിക്കാത്തത് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

അതിനിടെ തൃഷ, വിജയ്‌യെ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതായും ആരാധകർ ചൂണ്ടിക്കാട്ടുന്നു. തൃഷയുടെ ഫോളോയിങ് ലിസ്റ്റിൽ ഇപ്പോൾ വിജയ് ഇല്ല. അടുത്തിടെയാണ് അവർ അൺഫോളോ ചെയ്തതെന്നാണ് ചില നെറ്റിസൺസിന്റെ വാദം.

വിജയ്‌യും തൃഷയും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും അവർ പറയുന്നു. എന്നാൽ, നേരത്തെ തന്നെ തൃഷ മുഖ്യമന്ത്രിയെ അൺഫോളോ ചെയ്തിരുന്നുവെന്ന് ഒരു വിഭാ​ഗം ആരാധകർ വാദിക്കുന്നു. സൂര്യയ്ക്കൊപ്പമെത്തിയ കറുപ്പ് ആണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

‘കഥകള്‍ കേള്‍ക്കുന്നുണ്ട്, ബിജുവേട്ടനാണ് നിര്‍ബന്ധിച്ചത്’; തിരികെ വരാന്‍ തയ്യാറെടുത്ത് സംയുക്ത വര്‍മ

‘കഥകള്‍ കേള്‍ക്കുന്നുണ്ട്, ബിജുവേട്ടനാണ് നിര്‍ബന്ധിച്ചത്’; തിരികെ വരാന്‍ തയ്യാറെടുത്ത് സംയുക്ത വര്‍മ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് സംയുക്ത അഭിനയത്തില്‍ നിന്നും പിന്മാറുന്നത്. വെറും മൂന്ന് വര്‍ഷം മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സംയുക്ത മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിനിടെ 18 സിനിമകളില്‍ അഭിനയിച്ച സംയുക്തയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് വട്ടം എത്തുകയും ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സംയുക്ത വര്‍മ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന് സംയുക്ത വര്‍മ അറിയിച്ചത്.

”കഥകള്‍ കേള്‍ക്കുന്നുണ്ട്. ബിജുവേട്ടനാണ് കഥകള്‍ കേള്‍ക്കാന്‍ പറഞ്ഞത്. അതിനാല്‍ കേള്‍ക്കുന്നു. കാരണം ദക്ഷ് പോയതിന് ശേഷം എനിക്ക് ഒന്നും ചെയ്യാനില്ല. ദക്ഷിനെ വല്ലാതെ ഫോക്കസ് ചെയ്ത് ജീവിച്ചതു കൊണ്ട് അവന്‍ ബെംഗളൂരുവിലേക്ക് പോയതിനാല്‍ എനിക്ക് കുക്കിങിലൊന്നും താല്‍പര്യമില്ലാതായി. ഇനി ആര്‍ക്ക് വേണ്ടി കുക്ക് ചെയ്യാനാണ് എന്നൊരു തോന്നലായി. അപ്പോഴാണ് ബിജുവേട്ടന്‍ കഥകള്‍ കേള്‍ക്കാന്‍ പറയുന്നത്.” സംയുക്ത വര്‍മ പറയുന്നു.

”കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്കൊരു ആത്മവിശ്വാസം വന്നിട്ടില്ല. രണ്ടാമത് സിനിമയിലേക്ക് എന്ന് പറയുമ്പോള്‍, സിനിമയില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആളുകള്‍ക്ക് നമ്മളെ ഇഷ്ടമാകുമോ? നമ്മളെ സ്വീകരിക്കുമോ? എന്നൊക്കെയുള്ള ആശങ്കകളുണ്ട്. അഭിനയത്തിന്റെ രീതി തന്നെ മാറിയിട്ടുണ്ട്. എല്ലാം പുതുതാണ്. സമീപനം തന്നെ പുതുതാണ്. ആ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുക എങ്ങനെയാണെന്ന് എനിക്ക് അറിയില്ല” എന്നും സംയുക്ത വര്‍മ പറയുന്നു.

‘എനിക്കൊരു കടം വീട്ടാനുണ്ട്, ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല’; ‘കിരീടം’ റീ റിലീസിൽ പാർവതി

‘എനിക്കൊരു കടം വീട്ടാനുണ്ട്, ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല’; ‘കിരീടം’ റീ റിലീസിൽ പാർവതി

‘കിരീടം’ റീ റിലീസിനെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി നടി പാർവതിയാണ് എത്തിയത്. കഴിഞ്ഞദിവസം കൊച്ചിയിൽ ചിത്രത്തിന്റെ റീ-റിലീസ് ട്രെയ്‌ലർ ലോഞ്ചും നടന്നിരുന്നു.

ട്രെയ്‌ലർ ലോ‍ഞ്ചിൽ പാർവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ഇതുപോലെയൊരു വേഷം തന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് പാർവതി പറഞ്ഞു. നല്ലൊരു സഹതാരമെന്ന നിലയിൽ നൽകിയ പിന്തുണയ്ക്ക് മോഹൻലാലിനോടും പാർവതി നന്ദി പറഞ്ഞു.

തനിക്കൊരു ‘കടം വീട്ടാനുണ്ട്’ എന്നാണ് പാർവതി ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞത്. സിനിമ റിലീസ് ചെയ്ത കാലം മുതൽ ഇന്നുവരെ ആ വലിയ അവസരം നൽകിയവരോട് ഔദ്യോഗികമായി നന്ദി പറയാൻ തനിക്ക് സാധിച്ചിരുന്നില്ല. തന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു അവസരം നൽകിയവരോടുള്ള ആ കടപ്പാട് തീർക്കാനാണ് താൻ ഈ ചടങ്ങിലേക്ക് എത്തിയതെന്ന് നടി വ്യക്തമാക്കി.

വർഷങ്ങൾക്ക് ശേഷം സിനിമയിലെ പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ സാധിച്ചതിലും ആ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് പാർവതി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. “കിരീടം’ എന്ന സിനിമ റിലീസായിട്ട് 37 വർഷമായി.

പക്ഷേ ഇന്നും ഞാൻ എവിടെ പോകുമ്പോഴും അതിലെ ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയും. ഇത്രയും കാലമായി എനിക്ക് അത്രയും അഭിനന്ദനം ലഭിച്ച മറ്റൊരു കഥാപാത്രമില്ല. രണ്ടുദിവസം മുൻപ് സിബി സാർ വിളിച്ച് ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉറപ്പായും വരാമെന്ന് ഞാൻ പറഞ്ഞു.

കാരണം എനിക്കൊരു കടം വീട്ടാനുണ്ട്. ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്, അവസരം തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടനോട്, ദിനേശ് പണിക്കർ, വിജയകുമാർ സാർ, ഏറ്റവും കൂടുതൽ ലാലേട്ടനോട് നന്ദി പറയുന്നു.

ഏറ്റവും നല്ല സഹതാരമായി നിന്നതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടതെന്നറിയില്ല. എന്നെ വിളിച്ചതിനും എല്ലാവരേയും കാണാൻ സാധിച്ചതിലും വളരെയേറെ സന്തോഷമുണ്ട്”.- പാർവതി പറഞ്ഞു.