വാഹനാപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

വാഹനാപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

ആറ്റിങ്ങൽ: അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് യുവാവ് മരിച്ചു. മറ്റൊരു വാഹനത്തിലെ യാത്രക്കാരനും പരുക്ക്. ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപം, ജാരിസ് (ദാറുൽ ബൈത്തിൽ)മൻസിലിൽ അഷ്റഫിൻ്റെ മകൻ ഷംസീർ (37) ആണ് മരിച്ചത്. ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപ(24), മാമം ജി.വി.ആർ.എം.യു.പി സ്കൂളിന് സമീപം കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ മകൻ അമ്പാടി(22) എന്നിവർക്കാണ് പരുക്കേറ്റത്.

മാമം സൺ ആഡിറ്റോറിയത്തിന് സമീപം എൻ.എച്ച് റോഡിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. മാമം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് ആണ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഷംസീറിന് പരുക്കേറ്റത്. തുടർന്ന്‌ ഇതേ ബൈക്ക് അവനവഞ്ചേരി ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപയുടെ ഇരുചക്ര വാഹനത്തിലും ഇടിച്ചു. പരിക്ക് പറ്റിയ അനുപ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഷംസീറിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ പൾസർ മോട്ടോർസൈക്കിൾ ഓടിച്ചു വന്ന അമ്പാടിക്ക് പരിക്കുപറ്റി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. പൾസർ ബൈക്കിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7215 രൂപ നല്‍കണം.

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം പുതുവര്‍ഷത്തില്‍ ശനിയാഴ്ചയാണ് ആദ്യമായി വിലയില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നും മാറ്റമില്ലാതെ ശനിയാഴ്ചത്തെ വില തന്നെയാണ് തുടരുന്നത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയും ആലംകോട് തെഞ്ചേരിക്കോണം ബൈത്തുൽ റഹ്മയിൽ സലാഹുദ്ദീന്റെയും റംലയുടെയും മകളുമാണ്.

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും  നടന്നു

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും എസ് എ ആർ എ പ്രസിഡന്റ് ജയന്തി കൃഷ്ണ യുടെ അധ്യക്ഷതയിൽ എസ് എ ആർ എ ചെയർമാൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ
എ എസ് ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. എസ് എ ആർ എ വൈസ് പ്രസിഡന്റ് രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം തകരുകയായിരുന്നു.