സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7215 രൂപ നല്‍കണം.

തുടര്‍ച്ചയായ വര്‍ധനവിന് ശേഷം പുതുവര്‍ഷത്തില്‍ ശനിയാഴ്ചയാണ് ആദ്യമായി വിലയില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നും മാറ്റമില്ലാതെ ശനിയാഴ്ചത്തെ വില തന്നെയാണ് തുടരുന്നത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുഷാറ എ ഗ്രേഡ് നേടി അമ്ന ഫാത്തിമ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയും ആലംകോട് തെഞ്ചേരിക്കോണം ബൈത്തുൽ റഹ്മയിൽ സലാഹുദ്ദീന്റെയും റംലയുടെയും മകളുമാണ്.

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും  നടന്നു

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു

എസ് എ ആർ എയുടെ വാർഷിക പൊതുയോഗവും, പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പും എസ് എ ആർ എ പ്രസിഡന്റ് ജയന്തി കൃഷ്ണ യുടെ അധ്യക്ഷതയിൽ എസ് എ ആർ എ ചെയർമാൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ
എ എസ് ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. എസ് എ ആർ എ വൈസ് പ്രസിഡന്റ് രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം തകരുകയായിരുന്നു.

ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗലൂരു: രാജ്യത്ത് ആദ്യമായി ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചിട്ടുള്ളത് എന്നത് പരിശോധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടിക്ക് ബാധിച്ചിട്ടുള്ളത് ഏതു വേരിയന്റ് ആണെന്ന് കണ്ടെത്തുന്നതിനായി കുഞ്ഞിന്റെ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് സാധാരണയായി എച്ച്എംപിവി രോഗബാധ കൂടുതലായി കണ്ടു വരുന്നത്. ചൈനയില്‍ എച്ച്എംപിവി വൈറസ് പടരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു.