by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.
by Midhun HP News | Dec 27, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 57000 കടന്ന് കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 57,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ഏഴുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Dec 27, 2024 | Latest News, കേരളം
കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവില്‍ വെച്ചാണ് അപകടം. കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറില്‍ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തടി ലോറി അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു.
ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളവിലെ പ്രശ്‌നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്റെ ഡ്രൈവറായ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ട്രാവലറിന്റെ പകുതിയാളം ഭാഗം പൂര്‍ണമായും തകര്‍ന്നു.
by Midhun HP News | Dec 27, 2024 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു മൻമോഹൻ സിങ്ങെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. “രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.
ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻ്റെ മനസിൽ മായാതെ നിൽക്കും”- വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസനഭാഗധേയം നിശ്ചയിച്ച, പുതിയ സാമ്പത്തിക നയത്തിന്റെ ശില്‍പിയാണ് വിട പറഞ്ഞതെന്ന് രമേശ് ചെന്നിത്തലയും അനുസ്മരിച്ചു. “രാജ്യത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിജീവികളിലൊരാളായിരുന്ന അദ്ദേഹം കര്‍മ്മകുശലതയും രാഷ്ട്രതന്ത്രജ്ഞതയും കൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുയര്‍ന്നു വന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ സിഖ് വംശജനായി. ജവഹാര്‍ലാല്‍ നെഹ്‌റുവിനു ശേഷം രണ്ടു ഫുള്‍ ടേം ഇന്ത്യ ഭരിച്ച ആദ്യ പ്രധാനമന്ത്രിയായി.
ലൈസന്‍സ് രാജിനെ വലിച്ചെറിഞ്ഞും വ്യാപാര നയങ്ങളെ ഉദാരവല്‍കരിച്ചും വിദേശനിക്ഷേപത്തിനായി വാതില്‍ തുറന്നിട്ടും മന്‍മോഹന്‍ സിങ് ഇന്ത്യ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളിലൊന്നില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു. പിന്നീട് ലോക ഭൂപടത്തിലേക്ക് സാമ്പത്തിക ശക്തിയായി ഉയര്‍ന്ന ഇന്ത്യയുടെ തുടക്കം അവിടെ നിന്നായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിങ് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ നേതാവായി.
രാഷ്ട്രത്തലവന്‍മാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈകോര്‍ത്തു. ലോകം മുഴുവന്‍ തകര്‍ന്നു പോയ 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കാര്യമായ പരിക്കില്ലാതെ ഇന്ത്യയെ രക്ഷിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഒന്നു കൊണ്ടുമാത്രമായിരുന്നു. അമേരിക്കയുമായി ഒപ്പുവെച്ച സിവില്‍ ന്യൂക്‌ളിയര്‍ കരാര്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഈ രംഗത്ത് ഇന്ത്യയുടെ ഒറ്റപ്പെടല്‍ അവസാനിപ്പിച്ചു. അന്ന് കനത്ത എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ദീര്‍ഘകാലപ്രയോജനങ്ങള്‍ ഈ കരാര്‍ ഇന്ത്യയ്ക്കു നേടിത്തന്നു.
അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. അടിയുറച്ച മതേതരവാദിയും മിതഭാഷിയും കുലീനനുമായിരുന്നു. മന്‍മോഹന്‍ സിങ് യാത്ര പറയുമ്പോള്‍ ഒരു വലിയ ചരിത്രമാണ് അവസാനിക്കുന്നത്. History will judge me kindly എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള്‍ ഓര്‍ക്കുന്നു. പ്രിയപ്പെട്ട മന്‍മോഹന്‍സിങ് ജി – ചരിത്രം അങ്ങയെ ഇന്ത്യയെ മാറ്റിമറിച്ച മഹാനായി തന്നെ ഓര്‍ക്കും! വിട!”- രമേശ് ചെന്നിത്തല കുറിച്ചു.
ഇത്രയും സമാധാനപരമായി ശാന്തമായി മനുഷ്യത്വപരമായി പെരുമാറാനും ഭരിക്കാനും ജനവിശ്വാസം നേടാനുമായ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. “എല്ലാ രംഗത്തും അദ്ദേഹം ജനങ്ങളെ കീഴടക്കി. നഷ്ടം ഇന്ത്യയ്ക്ക് കനത്തതാണ്. ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കാൻ പറ്റുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം”…- സുധാകരൻ പറഞ്ഞു.
ഡോ മൻമോഹൻ സിങ്, ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണെന്ന് ശശി തരൂരും കുറിച്ചു. മൻമോഹൻ സിങിന് ഇന്ത്യൻ രാഷ്ട്രീയത്തെ ആയിരുന്നില്ല, ഇന്ത്യൻ രാഷ്ട്രീയത്തിന് മൻമോഹൻ സിങിനെയായിരുന്നു ആവശ്യമെന്ന് കെ സി വേണുഗോപാൽ അനുസ്മരിച്ചു.
by Midhun HP News | Dec 27, 2024 | Latest News, കേരളം
തൃശൂര്‍: അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോണ്‍ നതാലെ നടത്തുന്നത്. ബോണ്‍ നതാലെയോടനുബന്ധിച്ച് ഇന്ന് തൃശൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂര്‍ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27ന് രാവിലെ എട്ട് മണി മുതല്‍ 28ന് രാവിലെ എട്ട് മണിവരെ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങള്‍ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആര്‍പിഎസ് പറഞ്ഞു. ഈ മേഖലകളില്‍ ഡ്രോണ്‍ കാമറകളുടെ ചിത്രീകരണം പൂര്‍ണമായും നിരോധിച്ചു.
ഡ്രോണ്‍ കാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2021ലെ ഡ്രോണ്‍ റൂളിലെ റൂള്‍ 24(2) പ്രകാരം ഡ്രോണ്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോണ്‍ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂള്‍ പ്രകാരം ചെയ്യുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസ് വ്യക്തമാക്കി.
ബോണ്‍ നതാലെയില്‍ 60 അടിയോളം നീളമുള്ള ചലിക്കുന്ന എല്‍ഇഡി ഏദന്‍തോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങള്‍ തയ്യാറാക്കുന്ന 21 നിശ്ചലദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകര്‍ഷകമാക്കും. സെന്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിനാണ് നതാലെ ആരംഭിക്കുന്നത്.
Recent Comments