കൈക്കൂലി ആരോപണം; മരിച്ച നവീൻ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്,

കൈക്കൂലി ആരോപണം; മരിച്ച നവീൻ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്,

കോഴിക്കോട്: കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളോ ഡിജിറ്റൽ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും.

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലൻസ് വ്യക്തമാക്കി.

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോർ‌ട്ട് നൽകിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

കടവന്ത്രയിലെ അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാരായ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കടവന്ത്രയിലെ അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാരായ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടയുള്ള രണ്ട് പൊലീസകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. സാമ്പത്തികമായി എഎസ്‌ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. മറ്റരൊളുടെ പരിചരം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം ബത്തേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ തുടരുന്നു ഇരുവരുടെയും നില അതീവഗുരുതരമാണ്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എന്‍എം വിജയന്‍. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് ആയ കാലത്ത് ദീര്‍ഘകാലം പ്രസിഡന്റായിരുന്നു. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും ബന്ധപ്പെട്ട ചില തര്‍ക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീ കൊളുത്തിയത്. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

വിദേശത്തേക്ക് കടക്കാന്‍ സാധ്യത; ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ക്രൈംബ്രാഞ്ച്

വിദേശത്തേക്ക് കടക്കാന്‍ സാധ്യത; ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊലൂഷ്യന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനായി പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കാനുളള സാധ്യത കൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് നടപടി.

ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നത്, എങ്ങനെ കിട്ടി എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ശാസ്ത്രീയമായി തെളിയിക്കണ്ടെതുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല. ഷുഹൈബിനായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഷുഹൈബിനൊപ്പം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. മറ്റന്നാള്‍ ഹാജരാകാമെന്നാണ് അധ്യാപകര്‍ അന്വേഷണ സംഘത്തെ നിലവില്‍ അറിയിച്ചിരിക്കുന്നത്. ഷുഹൈബ് ഹാജരാകാത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷന്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നുള്ള 32 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നെന്നായിരുന്നു കെ.എസ്.യു ആരോപിച്ചത്.