by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പെട്രോള്‍ പോലെയുള്ള വസ്തു ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ഒരു ബാഗ് റോഡില്‍ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിലെ വിശദാംശങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജയില്‍ മുന്‍ ഡിഐജി സന്തോഷ് കുമാറിന്റെ വീട്ടില്‍ മോഷണം. കരമന നെടുങ്കാട് പമ്പ് ഹൗസ് റോഡിലെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
മോഷണം നടക്കുമ്പോൾ സന്തോഷ് കുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു വീട്ടിലെ അലമാരകളും മേശകളും വാരി വലിച്ചിട്ട നിലയിലായിരുന്നു. കരമന പോലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Dec 25, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ഒന്നാം റാങ്കില്‍ സ്ഥാനം നിലനിര്‍ത്തി, ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനൊപ്പവും താരമെത്തി.
ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറയും പേരെഴുതി വച്ചത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളാണ് ബുംറ ഇത്തവണ കുറിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബുംറ 9 വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരത്തിന് 14 റേറ്റിങ് പോയിന്റുകള്‍ അധികമായി ലഭിച്ചു. മൊത്തം 904 പോയിന്റുകളോടെയാണ് താരം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലുള്ള കഗിസോ റബാഡയേക്കാള്‍ 48 റേറ്റിങ് പോയിന്റുകളാണ് ബുംറയ്ക്കുള്ളത്.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം റാങ്കില്‍. സമീപ കാലത്ത് വിരമിച്ച ആര്‍ അശ്വിനാണ് നാലാം റാങ്കില്‍.
ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് വന്‍ നഷ്ടം സംഭവിച്ചു. താരം ആറാം സ്ഥാനത്തു നിന്നു നാല് സ്ഥാനമിറങ്ങി പത്തിലേക്ക് വീണു.
by Midhun HP News | Dec 25, 2024 | Latest News, കേരളം
പുഷ്പ 2 പ്രീമിയറിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ച് നടന്‍ അല്ലു അര്‍ജുനും പുഷ്പ 2 ടീമും. യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോടി രൂപ അല്ലു അര്‍ജുനും പുഷ്പ 2 നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയും ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപയുമാണ് നല്‍കുക. രണ്ട് കോടിയുടെ ചെക്ക് അല്ലു അരവിന്ദ് തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവിന് കൈമാറി.
പുഷ്പ 2 കാണാന്‍ അല്ലു അര്‍ജുന്‍ സന്ധ്യ തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. ഇവരുടെ എട്ട് വയസുകാരനായ മകന്‍ ശ്രീതേജ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അല്ലു അരവിന്ദ് വ്യക്തമാക്കി. നേരത്തെ വെന്റിലേറ്ററിലായിരുന്ന കുട്ടി. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്റര്‍ മാറ്റി. എത്രയും വേഗം കുട്ടി സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്ലു അരവിന്ദ് പറഞ്ഞു.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്താണ് കുഞ്ഞിനുളള പേര് തിരഞ്ഞെടുത്തത്. മൂന്ന് കിലോഗ്രാമിനടുത്താണ് തൂക്കം. ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്.
Recent Comments