by Midhun HP News | Dec 24, 2024 | Latest News
കൊച്ചി: സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്ണോയിയെ ആണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിക്കാരിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരാണ് തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്ണോയിയെ പൊലീസ് കൊല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
by Midhun HP News | Dec 24, 2024 | Latest News
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത മരിച്ചീനിയുടെ രണ്ടാംഘട്ട വിളവെടുപ്പ് എൻഎസ്എസ് ക്യാമ്പിലേക്ക് കുട്ടികൾ നൽകി. കുട്ടികളുടെ കൃഷിയോടുള്ള താല്പര്യം, അർപ്പണ മനോഭാവം, കഠിനാധ്വാനം ഇവ ഒരുമിച്ചപ്പോൾ നൂറ് കിലോയോളം മരിച്ചീനി വിളവെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
പഠനത്തോടൊപ്പം മണ്ണിനെ അറിയുക എന്ന എന്ന ലക്ഷ്യത്തോടെ മണ്ണിൽ പൊന്നു വിളയിക്കാൻ സീഡ് ക്ലബ്ബ് പലതരം കൃഷി രീതികൾ നിരന്തരം കുട്ടികളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. പി ടി എ പ്രസിഡന്റ് നസീർ ഇ, എച്ച് എം സുജിത്ത് എസ്, ഇ വി യു പി എസ് എച്ച് എം അനീല,എസ് എം സി അംഗം വിനയ് എം എസ്, എൻ എസ് എസ് കോർഡിനേറ്റർ ദേവദാസ് ചെട്ടിയാർ, അധ്യാപകർ, സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Dec 24, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബിഹാർ പറ്റ്‌ന സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്.
കഠിനംകുളത്ത് നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിച്ച ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
by Midhun HP News | Dec 24, 2024 | Latest News, കേരളം
തൊടുപുഴ: കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റ് സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ മൂവരുടെയും പേരുകള്‍ ഉണ്ടായിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ ഇതുവരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല. അതിനിടെയാണ് ആരോപണവിധേയരായവരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഭരണസമിതിയുടെ നടപടി.
സംഭവത്തില്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. അതിനിടെ ഭരണസമിതിയംഗം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് സാബുവിന്റെ കുടുംബം ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. കട്ടപ്പന എഎസ്പിയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സാബുവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു.ഭീഷണിസന്ദേശം പുറത്തുവന്ന പശ്ചാത്തലത്തില്‍ സാബുവിന്റെ ഫോണും പരിശോധനയ്ക്കു വിധേയമാക്കി. സൊസൈറ്റിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
by Midhun HP News | Dec 24, 2024 | Latest News
ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ എം എസ് സൊല്യൂഷൻസ് സി ഇ ഒ എം ഷുഹൈബ് ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇന്ന് 11 മണിക്ക് ഹാജരാവാൻ ആയിരുന്നു ഷുഹൈബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത്. ഷുഹൈബിനെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.
ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ ഉൾപ്പടെയുള്ളവും രേഖകളും സംഘം പരിശോധിച്ചു. നിലവിൽ ഷുഹൈബ് ഉൾപ്പടെ ഏഴു പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പ് ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നത്.
എസ് എസ് എൽ സി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠ ഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്നു ആരോപണം. എം എസ് സൊല്യൂഷൻസിനെ കൂടാതെ മറ്റു ചില ട്യൂഷൻ സ്ഥാപനങ്ങളുമായി ചില സർക്കാർ, എയ്ഡഡ് അധ്യാപകർ സഹകരിക്കുന്നുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കർശന നടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. ടേം പരീക്ഷ ചോദ്യപേപ്പർ ഉൾപ്പടെ സാങ്കേതിക രീതിയിൽ തയ്യാറാക്കും. ഗുണനിലവാരം നിലനിർത്തി മുന്നോട്ടു പോകും. വകുപ്പ് തല സമിതിയുടെ അന്വേഷണത്തിന് അനുസരിച്ച് തുടർ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Recent Comments