by Midhun HP News | Dec 20, 2024 | Latest News, കേരളം
വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 411 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NT 654969 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ NX 168030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ. പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് പത്തുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അച്ഛന് 50,000 രൂപ പിഴയും ചുമത്തി.
സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
by Midhun HP News | Dec 20, 2024 | Latest News, കേരളം
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.
by Midhun HP News | Dec 20, 2024 | Latest News, സിനിമ
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. 2008ല്‍ പുറത്തിറങ്ങിയ മായ എന്ന നോവലില്‍ നിന്നും കോപ്പിയടിച്ചാണ് ബറോസിന്റെ കഥയെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹർജി തള്ളിയത്. 2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്.
ജോര്‍ജ് തുണ്ടിപറമ്പില്‍ രചിച്ച മായ എന്ന നോവലില്‍ കാപ്പിരി മുത്തപ്പനും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ശാരീരികബന്ധങ്ങളടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും ഇത്തരത്തിലൊരു ഇറോട്ടിക് നോവലിനെ കുട്ടികളുടെ നോവലായ ബറോസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്നും ബറോസ് ടീം കോടതിയില്‍ വാദിച്ചു.
പെണ്‍കുട്ടിയുടെ കഥാപാത്രത്തിന് മാത്രമേ ഭൂതത്തെ കാണാന്‍ കഴിയുള്ളു, ഭൂതത്തിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ കഴിയില്ല എന്നിവ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതാണെന്നും മായയുടെ കഥാകൃത്ത് വാദിച്ചിരുന്നു. എന്നാല്‍ 1984ല്‍ ഇറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ പോലും ഇക്കാര്യങ്ങളുണ്ടെന്നായിരുന്നു ജിജോ പുന്നൂസിന്‍റെ മറുപടി. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Recent Comments