by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.20 ന് 56,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
by Midhun HP News | Dec 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: : സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി. നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. റിയോ ഡി ജനീറോയിലെ തീര്‍ത്തും അരക്ഷിതമായൊരു ചേരിയില്‍ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ ആത്മബന്ധങ്ങളുടെ കഥ പറയുന്നതാണ് ചിത്രം.
മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’ സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.എഴുത്തുകാരനും സംവിധായകനും നടനുമായ ഫര്‍ഷാദ് ഹാഷ്മിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’. ഈ വര്‍ഷത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമകള്‍.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. സിനിമ പുരസ്‌കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’ എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍,സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവ് പായല്‍ കപാഡിയ, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം,സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശന്‍, ജൂറി ചെയര്‍പേഴ്സണ്‍ ആഗ്‌നസ് ഗൊദാര്‍ഡ്,അര്‍മേനിയന്‍ സംവിധായകന്‍ സെര്‍ജ് സെര്‍ജ് അവെദികിയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി അജോയ്, അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം സോഹന്‍ സീനു ലാല്‍ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ, താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത്.
കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികില്‍സാര്‍ത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാര്‍ അപമാനിച്ചിറക്കി വിട്ടെന്ന പരാമര്‍ശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കുന്നുണ്ടെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണെന്നായിരുന്നു ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പുമായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ ആന്റണി.
വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു ഫൈനൽ മത്സരം. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു.
അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ. മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയിൽ സാനിയ ഫാത്തിമ എന്നിവരെയും തിരഞ്ഞെടുത്തു. ഡിസംബർ ആദ്യ വാരം തുടങ്ങിയ വിവിധ ഓഡിഷനുകളിൽ 300ലധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
Recent Comments