പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു.

ഇലക്ഷന്‍ (ജനറല്‍) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണ രംഗത്തെ പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല.

റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ ഫ്‌ലൈഓവറുകള്‍, സര്‍ക്കാര്‍ റോഡുകള്‍, സര്‍ക്കാര്‍-പൊതു കെട്ടിടങ്ങള്‍, ബസ്സുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും.

നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാല്‍, അവ ഉടന്‍ നീക്കം ചെയ്യാന്‍ വരണാധികാരി അല്ലെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതിനായി വരുന്ന മുഴുവന്‍ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍ വരയ്ക്കുന്നതോ, വസ്തുക്കള്‍ തറയ്ക്കുന്നതോ, പോസ്റ്ററുകള്‍ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവര്‍ത്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡോ. രത്തന്‍ യു. ഖേല്‍കര്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത്

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; സഞ്ജുവിന്റെ വരവ് കാത്ത് ആരാധകർ, തോറ്റാൽ പുറത്ത്

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത്.

ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല.

എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്.

സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം.

പുതുയുഗ യാത്ര വിജയിപ്പിക്കാൻ തീരുമാനിച്ച് ഐ.എൻ.റ്റി.യു.സി

പുതുയുഗ യാത്ര വിജയിപ്പിക്കാൻ തീരുമാനിച്ച് ഐ.എൻ.റ്റി.യു.സി

പോത്തൻകോട്: ജനവിരുദ്ധ നടപടികളുമായി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെതിരേ പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മാർച്ച് 4 ന് നെടുമങ്ങാട് നടക്കുന്ന സമ്മേളനത്തിൽ ഹെഡ് ലോഡ് മേഖലയിൽ നിന്നും 500 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ പോത്തൻകോട് കോൺഗ്രസ്സ് ഹൗസിൽ കൂടിയ ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി) നെടുമങ്ങാട് മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

മേഖലാ പ്രസിഡൻ്റ് ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി നെടുമങ്ങാട് റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് എ.നൗഷാദ് ഖാൻ, ഹെഡ് ലോഡ് യൂണിയൻ ജില്ലാ സെക്രട്ടറി കുന്നിട അജിത്ത്, ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ, മരുതൂർ വിജയൻ, എം.പി.ഷാജി, റീജിയണൽ കമ്മിറ്റി സെക്രട്ടറിമാരായ ആലിയാട് രാജേന്ദ്രൻ, എം.ബി.നാസറുദ്ദീൻ, മറ്റു ഭാരവാഹികളായ അജയൻ ചെന്തുപ്പൂര്, രാജേന്ദ്രൻ CRP, സുരേഷ്, ഷാജഹാൻ, വിശ്വംഭരൻ നായർ, ബൈജു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ഹെഡ് ലോഡ് യൂണിയൻ മേഖലാ സെക്രട്ടറി എ.ഹക്കിം സ്വാഗതവും എ.നുജൂമുദ്ദീൻ കൃതജ്ഞതയും പറഞ്ഞു.

വീണാ ജോര്‍ജിനെതിരായ ആക്രമണം; അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

വീണാ ജോര്‍ജിനെതിരായ ആക്രമണം; അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രി കോടിയേരിയിലെ പാറാല്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീയിട്ടത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവര്‍ത്തകരെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.

കണ്ണൂരില്‍ വിവിധ വികസന പദ്ധതി കളുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ആരോഗ്യമന്ത്രി. കല്യാട് അന്താരാഷ് ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ഉള്‍പ്പെടെയുള്ള ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാനായി ബുധന്‍ പകല്‍ 3.15 ന് കണ്ണൂര്‍ റെയില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരിലുണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോ മിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസമായാണ് കാണാനാകുക. അനുയായികളെ കയറൂരിവിട്ട് ക്രമസ മാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീ യത്തെ മലിമസമാക്കുന്ന ശൈലിയുടെ പ്രതിഫലനമാണ് കെഎസ് യു അക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് -മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണവിലയില്‍ ഇടിവ്; 1,18,000ന് മുകളില്‍ തന്നെ

സ്വര്‍ണവിലയില്‍ ഇടിവ്; 1,18,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അഞ്ചു ദിവസത്തിനിടെ 3000 ലധികം രൂപ വര്‍ധിച്ച ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായി. പവന് 160 രൂപയാണ് കുറഞ്ഞത്. 1,18,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.