ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപ; സാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു

ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപ; സാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു

ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യചെയ്ത സാബുവിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. ബാങ്കിന് മുന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം നടക്കുകയാണ്. സാബു ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്ന് ബന്ധു സണ്ണി ട്വന്റി ഫോറിനോട് പറഞ്ഞു. അതിൽ 14 ലക്ഷം രൂപ ബാങ്ക് തിരികെ നൽകിയെന്നും ഭാര്യയുടെ ചികിത്സക്കായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇന്നലെ രാവിലെയും സാബു ബാങ്കിൽ എത്തിയിരുന്നു എന്നാൽ പണം നൽകാതെ ബാങ്കിലെ ജീവനക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതേ തുടർന്ന് തുടര്‍ന്ന് ജീവനക്കാരുമായി സാബു തർക്കത്തിലേർപ്പെട്ടിരുന്നു. ബാങ്കിൽ പ്രശ്നം ഉണ്ടാക്കിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു ആരോപിച്ചു.

ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. തൊടുപുഴയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായിട്ടാണ് സാബു പണം തിരികെ ചോദിച്ചിരുന്നത്. എന്നാൽ പണം ചോദിച്ചെത്തിയ സാബുവിനെ പലതവണ ജീവനക്കാർ പറഞ്ഞയക്കുകയായിരുന്നു.

ഇതേ തുടർന്നാണ് ആത്മഹത്യ. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്

കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായത് ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശനം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായതെന്നും പി രാജീവ് പറഞ്ഞു.

ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളമശ്ശേരിയിലെ 10,12,13 വാര്‍ഡുകളിലാണ് രോഗവ്യാപനം. ഈ വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുമെന്നും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് വാര്‍ഡുകളില്‍ നിന്നുമായി 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ചിലരുടെ നില ഗുരുതമാണ്. പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ അറിയിച്ചു. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.

കൈ കഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തിലാക്കാന്‍ ശീലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു. ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും രോഗവ്യാപനത്തിന് കാരണമായേക്കാം.

നടനും സ്റ്റണ്ട് മാസ്റ്ററുമായ കോതണ്ഡരാമൻ അന്തരിച്ചു

നടനും സ്റ്റണ്ട് മാസ്റ്ററുമായ കോതണ്ഡരാമൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.

25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

‘സംസാരിക്കാനാവുന്നില്ല,’ഓര്‍മ്മ ഉണ്ട് ‘; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി

‘സംസാരിക്കാനാവുന്നില്ല,’ഓര്‍മ്മ ഉണ്ട് ‘; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി. അദ്ദേഹം ഐസിയുവിലാണ്. അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി എംടിക്ക് ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എന്‍ കാരശ്ശേരി.

‘എംടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം ഗുരുതരാവസ്ഥയിലാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്.നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന് പറഞ്ഞു. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു.ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രാണവായു കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’- എം എന്‍ കാരശ്ശേരി പറഞ്ഞു.

ബാറിനെതിരെ നടത്തുന്ന സമരം നൂറാം ദിനം പിന്നിട്ടു

ബാറിനെതിരെ നടത്തുന്ന സമരം നൂറാം ദിനം പിന്നിട്ടു

ബാലരാമപുരം: ബാര്‍ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി, വഴിമുക്കിലെ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ വ്യക്തി ആരംഭിച്ച ബാറിനെതിരെ വഴിമുക്ക് ജനകീയ സമരസമിതി നടത്തുന്ന അനിഞ്ചിത കാല സമരം നൂറാം ദിനം പിന്നിട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ജനവാസ മേഖലയില്‍ ആരാധനാലയത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ബാര്‍ അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും അധികൃതരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് ലൈസന്‍സ് കരസ്ഥമാക്കിയതെന്നും സർക്കാർ ബാറിന് ലൈസൻസ് നൽകിയ നടപടി പരിശോധിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

നാടിനെ നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ വരും ദിവസങ്ങളിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

നൂറാം ദിനത്തിൽ നടന്ന പ്രതിക്ഷേധ സംഗമം വഴിമുക്ക് മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ്
പി.നസീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹക്കീം, എസ് വൈ എസ് സംസ്ഥാന സമിതി അംഗം സുധീർ വഴിമുക്ക്, ഐ എൻ ടി യു സി ജില്ലാ ട്രഷർ സെയ്യദലി, മുഹമ്മദ് അനസ്, നൂറുൽ അമീൻ,മുഹ്സിൻ എന്നീവർ പ്രസംഗിച്ചു.