‘നെല്‍കര്‍ഷകരെ കൈവിട്ട ബജറ്റ്, വാഗ്ദാനങ്ങള്‍ വിഴുങ്ങി സര്‍ക്കാര്‍’

‘നെല്‍കര്‍ഷകരെ കൈവിട്ട ബജറ്റ്, വാഗ്ദാനങ്ങള്‍ വിഴുങ്ങി സര്‍ക്കാര്‍’

പാലക്കാട്: നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി. നെല്‍ സംഭരണത്തിനായി ഒരു രൂപ പോലും പ്രത്യേകമായി വകയിരുത്താതെയും കര്‍ഷകരോട് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ നെല്‍കൃഷി മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് സമിതിയുടെ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ആരോപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ‘തുഗ്ലക്ക് മാതൃകയിലുള്ള’ നെല്‍ സംഭരണ നയത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെല്‍ സംഭരണത്തിനായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാക്കളാണ് ഇപ്പോള്‍ അധികാരത്തിലേറി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും, എന്നാല്‍ അതിനായി ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞവരാണ് ഇന്ന് അവരെ പൂര്‍ണമായും അവഗണിക്കുന്നത്. നെല്‍ സംഭരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാത്തത് കര്‍ഷകരോടുള്ള വഞ്ചനയാണ്’ -പ്രഭാകരന്‍ പറഞ്ഞു. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 40 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും സര്‍ക്കാര്‍ മറന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തുന്നതിന് മുമ്പ് ശക്തമായി ഉന്നയിച്ചിരുന്ന ആവശ്യം ഭരണത്തിലേറിയതോടെ വിസ്മരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ആറോളം മോഡേണ്‍ റൈസ് മില്ലുകള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇതുവരെ ഗൗരവമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍ സംഭരണവും സംസ്‌കരണവും കാര്യക്ഷമമാക്കുന്നതില്‍ ഈ മില്ലുകള്‍ക്ക് നിര്‍ണായക പങ്കുള്ളപ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കര്‍ഷകക്ഷേമ ബോര്‍ഡിന് പുനര്‍ജീവന്‍ നല്‍കാനുള്ള നടപടികളും ബജറ്റില്‍ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ട ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നെല്‍കൃഷി വിസ്തൃതി കുറയുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

‘നെല്‍കൃഷിയെ സര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കൈവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൊതുവെ സ്വാഗതാര്‍ഹവും കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുന്നതുമാണെന്ന് ദേശീയ കര്‍ഷകസമാജം നേതാവ് മുതലാംതോട് മണി അഭിപ്രായപ്പെട്ടു.

റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയതും ക്ഷീരമേഖലയുടെ വികസനത്തിനായി 102 കോടി രൂപ അനുവദിച്ചതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയില്‍ ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിനും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനും സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു

ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ജയിൽ വകുപ്പിന് കീഴിലെ വിവിധ ജയിലുകളിലേക്ക് കൗൺസിലർ / സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലാ ജയിലുകളിലേക്കാണ് നിയമനം. നാല് ഒഴിവുകളാണുള്ളത്. ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം, വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16.

യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് MSW (സൈക്യാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ MA സൈക്കോളജി യോഗ്യത ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം
യോഗ്യത നേടിയ ശേഷം കൗൺസിലിംഗ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

കുറ്റവാളികളെ കൗൺസലിംഗ് ചെയ്ത പരിചയവും ക്രിമിനോളജി മേഖലയിലെ പ്രവർത്തന പരിചയവും അഭികാമ്യമാണ്.

ജയിൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയിലോ സമാന മേഖലകളിലോ ജോലി ചെയ്തവർക്കും മുൻഗണന ലഭിക്കും.

ശമ്പളവും പ്രായപരിധിയും
പ്രതിമാസം 32,580 രൂപയാണ് ശമ്പളം. പരമാവധി 40 വയസ് വരെയാണ് പ്രായപരിധി.

നിയമന കാലാവധി
കരാർ വേതന വ്യവസ്ഥയിൽ 12 മാസത്തേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. യോഗ്യതയും മൂല്യനിർണയവും അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

മറ്റ് വ്യവസ്ഥകൾ
തൊഴിൽ സ്വഭാവം: ജയിലിലെ അന്തേവാസികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കൗൺസലിംഗ് സേവനം നൽകുന്നതിനുള്ള താൽക്കാലിക നിയമനമാണ് ഇത്.

നിയമനത്തിന്റെ സ്വഭാവം: ഈ ജോലി പൂർണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്. ഭാവിയിൽ ഈ തസ്തികയിലോ ജയിൽ വകുപ്പിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരനിയമനം ലഭിക്കുന്നതിനോ സേവനം സ്ഥിരപ്പെടുത്തുന്നതിനോ യാതൊരു അവകാശവാദവും ഉന്നയിക്കാൻ സാധിക്കില്ല.

തെരഞ്ഞെടുപ്പ് രീതി: അപേക്ഷകരുടെ അപേക്ഷകളുടെ പ്രാഥമിക പരിശോധന (Screening)യും അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജയിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaprisons.gov.in ൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അല്ലെങ്കിൽ keralaprisons@gov.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക് ചെയ്യുക

വിലാസം:
ഡയറക്ടർ ജനറൽ,
പ്രിസൺസ് & കറക്ഷണൽ സർവീസസ്,
ജയിൽ ആസ്ഥാന കാര്യാലയം,
പൂജപ്പുര, തിരുവനന്തപുരം – 695012.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2026 ജൂലൈ 16 വൈകിട്ട് 5.15 വരെ.

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

കോട്ടയം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്. കാലാവധി കഴിഞ്ഞപ്പോൾ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും എന്‍എസ്എസില്‍ ജനാധിപത്യമില്ലെന്ന് ആരും പറയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഗണേഷ് കുമാറിന് കോടതിയില്‍ പോകാവുന്നതാണ്. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിപ്പറയാത്തത് വേലയാണെന്നും അത്തരത്തില്‍ ആരെങ്കിലും തള്ളിപ്പറയാന്‍ ശ്രമിച്ചാല്‍ അഡ്രസ് കാണില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

‘കെ ബി ഗണേഷ് കുമാര്‍ 12 പേരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്നത് വാലിഡ് ആണോ? ഇവര്‍ കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങള്‍ അല്ല. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റിക്കാര്‍ രാജിവെച്ചിരുന്നു. രാജിവെച്ചതോടെ ക്വാറം നഷ്ടപ്പെട്ടു. യഥാര്‍ഥ കമ്മിറ്റിയില്‍ ഉണ്ടായ ആളുകളാണ് ക്വാറം നഷ്ടപ്പെടുന്ന തരത്തില്‍ രാജി നല്‍കിയത്. തുടര്‍ന്ന് യൂണിയന്റെ പ്രവര്‍ത്തനത്തിന് പുതിയ ഒരു സംവിധാനം ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ കൂടെ പിന്നീട് വന്നവര്‍ ആരാണ് എന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ കേസ് കൊടുക്കാല്ലോ. എന്‍എസ്എസിന് ജനാധിപത്യമില്ല എന്ന് ആരെങ്കിലും പറയുമോ?ജനറല്‍ സെക്രട്ടറിയെ തള്ളുന്നില്ല എന്ന് ഗണേഷ് കുമാര്‍ പറയുന്നത് വേലയാണ്. അത് അവരുടെ തൊഴില്‍ ആണ്. ജനറല്‍ സെക്രട്ടറിയെ തള്ളാന്‍ കഴിയില്ല ആര്‍ക്കും. ജനറല്‍ സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അഡ്രസ് കാണില്ല.’- ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതിനിടെ അംഗത്വം പുതുക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മരിക്കും വരെ പദവിയില്‍ തുടരാന്‍ ആഗ്രഹമില്ല. താന്‍ ജനറല്‍ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. എന്നാല്‍ പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ ഒരു ടേം അല്ലേ ഉണ്ടായിരുന്നത്. ഇപ്രാവശ്യം ഇല്ല. എന്നെ സംബന്ധിച്ച് എന്‍എസ്എസില്‍ ഞാന്‍ മരിക്കുന്നത് വരെ സ്ഥാനത്ത് ഇരിക്കുന്ന ആളാണോ. അല്ലല്ലോ. മാറിയും തിരിഞ്ഞുമൊക്കേ വരും.അതൊന്നും കുഴപ്പമില്ല. നമ്മള്‍ ജനങ്ങളോടൊപ്പം ഉണ്ട്. എന്‍എസ്എസിനോട് ഒപ്പമുണ്ട്. പുതുക്കി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. മറ്റുള്ളവര്‍ അത് ആവശ്യപ്പെട്ട് കാണും. പത്തനാപുരത്ത് പ്രാദേശികമായി ഉണ്ടായ വിഷയങ്ങളൊക്കെ ഇതിന് ഘടകമായിട്ടുണ്ടാകാം. അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണ്. ഭൂരിപക്ഷം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഉറപ്പിച്ച് പറയാം. രേഖകള്‍ എന്റെ കൈവശമുണ്ട്. 18 അംഗ കമ്മിറ്റിയില്‍ 12 പേരുടെ പിന്തുണ എനിക്ക് ഉണ്ട്. അതാണ് ഡെമോക്രസി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥാനമാനങ്ങള്‍ എനിക്ക് പ്രശ്‌നമല്ല. എന്‍എസ്എസില്‍ വന്നത് അതിന് വേണ്ടിയിട്ടല്ല’- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ ജനറല്‍ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ല. രജിസ്റ്റാര്‍ ചെയ്തത് ശരിയല്ല എന്ന അഭിപ്രായക്കാരന്‍ തന്നെയാണ്. അതു തെളിയിക്കാന്‍ എനിക്ക് കഴിയും. നിയമനടപടിയില്ല. എന്‍എസ്എസിനെതിരെ കേസ് ഒന്നും കൊടുക്കില്ല. ജനറല്‍ സെക്രട്ടറിക്ക് കാര്യങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ എന്നെ വച്ചത് ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല. ജനറല്‍ സെക്രട്ടറി തന്നെയാണ് എന്നെ വെച്ചത്. ഇത്തവണ വേറെ ആളാണ് നല്ലത് എന്ന് തോന്നി കാണും. അതില്‍ എന്താണ് കുഴപ്പം?’- ഗണേഷ് കുമാര്‍ വ്യക്തമാക്കി.

‘ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്’; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന, കസേരകളി തുടരുന്നു

‘ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്’; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന, കസേരകളി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ( ഡിഎച്ച്എസ്) ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ( കെഎടി) ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തി. അതിനിടെ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചുമതല ഏറ്റെടുത്ത ഡോ. വി മീനാക്ഷ ഭരണം തുടങ്ങി. വകുപ്പിലെ ദീര്‍ഘാവധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ഡോ. വി മീനാക്ഷിയുടെ ആദ്യ സര്‍ക്കുലര്‍ പുറത്തുവന്നു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്ന അടിയന്തര സാഹചര്യത്തിലാണ് നിര്‍ദേശം.

അതിനിടെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി താന്‍ തള്ളിക്കയറാന്‍ ഇല്ലെന്ന് റീന പറഞ്ഞു. ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയ റീന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.’ കോടതി വിധി അനുസരിച്ചാണ് വന്നത്. ഹൈക്കോടതി വരേണ്ട എന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞിട്ടുണ്ട്. അത് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.’- റീന പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിയുമായി ബന്ധപ്പെട്ട് മറ്റൊരു ഉത്തരവ് ഇറക്കിയാല്‍ മാത്രമേ സാങ്കേതികമായി ഡിഎച്ച്എസ് പദവിയില്‍ തുടരാന്‍ കഴിയുകയുള്ളൂ എന്ന സര്‍ക്കാര്‍ വാദം ചോദിച്ചപ്പോള്‍ അത് പറയേണ്ടത് താനല്ലെന്നും കെഎടിയിലാണ് പറയേണ്ടതെന്നും റീന മറുപടി പറഞ്ഞു.

‘കോടതി വിധിക്ക് മീതെ നൂലാമാലകള്‍ ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല. വിധി നടപ്പിലാക്കിയ ഉദ്യോഗസ്ഥന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കെഎടിയുടെ വിധിയെയാണ് മറ്റെന്തിനേക്കാളും വില കൊടുക്കുന്നത്. ആരും ഇല്ലാത്തവര്‍ക്ക് നീതിന്യായവ്യവസ്ഥ കൂടെ ഉണ്ടാവുമെന്ന് കരുതുന്ന ആളാണ് ഞാന്‍. നീതിന്യായവ്യവസ്ഥ പറയുന്നതില്‍ മുഴുവനായി കീഴ്‌പ്പെട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥയാണ് ഞാന്‍. അതിന് മുകളില്‍ സാങ്കേതികത്വം ഉണ്ടോ എന്ന് പറയേണ്ടത് കെഎടിയാണ്. ഞാനല്ല’- റീന കൂട്ടിച്ചേര്‍ത്തു.

‘ഒരു പ്രത്യേക സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്ന ശീലം എനിക്ക് പണ്ടുമുതലേ ഇല്ല, ഇപ്പോഴുമില്ല. ഈ ഓഫീസിലെ ക്ലര്‍ക്കുമാരുടെ സീറ്റിലും ഞാന്‍ ഇരുന്നിട്ടുണ്ട്. മറ്റു ഉദ്യോഗസ്ഥരുടെ സീറ്റിലും ഇരുന്നിട്ടുണ്ട്. എനിക്ക് എവിടെയെങ്കിലും ഇരിക്കാന്‍ സാധിച്ചാല്‍ എന്റെ കുറെയധികം പെന്റിങ് വര്‍ക്കുകള്‍ ഉണ്ട്. അത് ഞാന്‍ തീര്‍ക്കും. തീര്‍ച്ചയായി ഞാന്‍ തള്ളിക്കയറാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റൊരാളാണ് ഡിഎച്ച്എസ് എന്ന് സര്‍ക്കാര്‍ പറയുന്നു. ആ ഡിഎച്ച്എസിനോട് നിര്‍ദേശങ്ങള്‍ ഉണ്ടാവും. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം അസന്നിഗ്ധ ഘട്ടമാണ്. ഈ സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു കല്ലുകടിയായി ഇടയില്‍ കയറി തള്ളിക്കയറാന്‍ ഞാനില്ല. പെന്റിങ് വര്‍ക്ക് പൂര്‍ത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരോഗ്യവകുപ്പ് നീണ്ട് പരന്ന് കിടക്കുന്ന വകുപ്പാണ്. എനിക്ക് ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്’- കെ ജെ റീന വ്യക്തമാക്കി.

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരായ പോരാട്ടത്തിൽ 3-0ത്തിനു തകർപ്പൻ ജയം സ്വന്തമാക്കി ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ആരാധകർക്ക് ആവേശം നിറയ്ക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിനെ തുടർന്നു ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ സൂപ്പർ താരം നെയ്മർ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ക​ളിക്കാനുള്ള സാധ്യത കൂടി. ബുധനാഴ്ച മയാമി ഗാർഡൻസിൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തും.

നെയ്മർ ശനിയാഴ്ച ഒറ്റയ്ക്ക് പ്രത്യേക പരിശീലനം നടത്തും. തുടർന്ന് തിങ്കളാഴ്ചയോടെ ടീമിനൊപ്പം പൂർണ പരിശീലനത്തിലും പങ്കുചേരും. സ്കോട്ലൻഡിനെതിരെയുള്ള ബ്രസീലിന്റെ അവസാന മത്സരത്തിൽ താരം കളിക്കാൻ പൂർണ സജ്ജനായിരിക്കും- ആഞ്ചലോട്ടി വ്യക്തമാക്കി. ആൻസലോട്ടി സ്ഥിരീകരിച്ചു.

മെയ് 17ന് സാന്റോസ് എഫ്സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മർക്കു പരിക്കേറ്റത്. വലതു കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മറെ അലട്ടിയിരുന്നത്. കൂടാതെ 2023 ഒക്ടോബറിൽ ഉണ്ടായ എസിഎൽ പരിക്കിൽ നിന്നു താരം പൂർണമായി മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് ടീമിലേക്കു ആഞ്ചലോട്ടി നെയ്മറെ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ കളിപ്പിക്കാൻ സാധിക്കുമെന്ന പൂർണ വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നില്ല. നോക്കൗട്ട് മുതൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടി ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർക്കു വിശ്രമം നൽകിയത്.

മൂന്നാം പോരാട്ടത്തിലും നെയ്മർ കളിക്കാൻ സാധ്യത കുറവാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അടുത്ത മത്സരം മുതൽ നെയ്മർ ബ്രസീൽ ടീമിലുണ്ടാകുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മറുടെ തിരിച്ചുവരവ്, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന കാനറികൾക്ക് വലിയ ആത്മവിശ്വാസം നൽകും. സ്കോട്ലൻഡിനെതിരെ വിജയം തുടർന്ന് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. നെയ്മറുടെ അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും ടീമിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്