by Midhun HP News | Apr 28, 2026 | Latest News, കേരളം
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-നും, ഹയർ സെക്കൻഡറി (പ്ലസ് ടു) /വിഎച്ച്എസ്ഇ ഫലം മെയ് 22-നും ഔദ്യോഗികമായി പ്രഖ്യാപിക്കും.
പരീക്ഷാ ബോർഡ് യോഗങ്ങൾ പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുന്നു. ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും.
ഏപ്രിൽ മാസത്തിൽ പരീക്ഷകൾ അവസാനിച്ചതിനെത്തുടർന്ന് വളരെ വേഗത്തിലാണ് ഇത്തവണ മൂല്യനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. മെയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

by Midhun HP News | Apr 28, 2026 | Latest News, കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ മലയിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സജി വീട്ടില്‍ നിന്നും ഒളിവില്‍ പോയത്. വീടിന് സമീപത്തു താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി സംസാരിക്കുന്നതിനിടെ, നെടുങ്കണ്ടം പൊലീസും വീട്ടിലേക്കെത്തി.
പൊലീസ് ജീപ്പ് കണ്ടതോടെ, സജി തന്ത്രത്തില്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്നലെ മുഴുവന്‍ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും സജിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഡ്രോണും ഡോഗ് സ്‌ക്വാഡും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തു നിന്നും സജിയുടെ ബാഗ് കണ്ടെടുത്തിരുന്നു. ഇന്നു രാവിലെയും പല സംഘങ്ങളായി തിരിഞ്ഞ് വീടിന് സമീപത്തു പൊലീസ് പരിശോധന നടത്തിയിരുന്നു.
തോട്ടുവക്കടയിലെ സജിയുടെ വീടിന് പിന്നിലെ മലയില്‍ നിന്നാണ് സജിയെ പിടികൂടുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സജിയെ കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ചെക്‌പോസ്റ്റിലും, തമിഴ്‌നാട് പൊലീസിനും സജിയുടെ ചിത്രങ്ങളും വിവരവും നെടുങ്കണ്ടം പൊലീസിന് കൈമാറിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇയാളാണോയെന്ന് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടേയും റെജിയുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിൽ ഇന്നലെയാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ടുമുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസ് കരുതുന്നത്. അവിവാഹിതരായ മൂത്തമകന്‍ റെജി, ഇളയ മകന്‍ സജി (43) എന്നിവര്‍ക്കൊപ്പമാണ് മേരിക്കുട്ടി താമസിച്ചിരുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ ദുരൂഹമായ തിരോധാനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2018 ലാണ് റെജിയുടേയും സജിയുടേയും പിതാവായ മാത്യുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഈ കേസില്‍, അദ്ദേഹം ഒരു ബസില്‍ കയറി പോകുന്നത് കണ്ടുവെന്ന തരത്തിലാണ് അന്വേഷണം വന്നു നിന്നത്. തുടര്‍ന്ന് അന്വേഷണം മുന്നോട്ടുപോയില്ല. വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ, മാത്യുവിനെയും സമാനരീതിയില്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.
by Midhun HP News | Apr 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ ആണ് മരിച്ചത്. വെല്‍ഡിങ്ങ് തൊഴിലാളിയാണ്. കഴിഞ്ഞ 18നാണ് സംഭവം. ഷൈന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

by Midhun HP News | Apr 28, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ 94.37ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.
അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിന്റെ പാതയിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 450ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,150 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. എഫ്എംസിജി, റിയല്‍റ്റി ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്. കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
നിഫ്റ്റി സ്‌മോള്‍കാപ്100 0.89 ശതമാനമാണ് മുന്നേറിയത്. നിഫ്റ്റി മിഡ്കാപ്100 0.38 ശതമാനമാണ് കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

by Midhun HP News | Apr 28, 2026 | Latest News, കേരളം
കൊച്ചി: മലയാറ്റൂർ- നീലീശ്വരം പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു! ഞായറാഴ്ച മുഴുവൻ ഓഫീസ് തുറന്നു കിടന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് അബദ്ധം മനസിലായത്. ശനിയാഴ്ച വൈകീട്ട് ഓഫീസ് പൂട്ടാൻ മറന്നു പോയതാണ്. ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഓഫീസിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്നു വ്യക്തമായി.

Recent Comments