by Midhun HP News | Dec 17, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കന് ബംഗാള് ഉള്ക്കടലിന്റെ മധ്യഭാഗത്തായി ന്യൂനമര്ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില് കൂടുതല് ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കു കിഴക്കന് അറബിക്കടലിനു മുകളില് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില് കേരളത്തില് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്ദേശം
തമിഴ്നാട് തീരം, അതിനോട് ചേര്ന്ന കന്യാകുമാരി പ്രദേശം, ഗള്ഫ് ഓഫ് മന്നാര്, തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടല് അതിനോട് ചേര്ന്ന മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടല്, തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ പടിഞ്ഞാറന് അറബിക്കടലില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 17, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വില കൂടി. 80 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു ഒരു പവന് സ്വര്ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില് എത്തി. തുടര്ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്ന്ന് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തിലേക്കും സ്വര്ണവില എത്തി. പിന്നീട് ആയിരം രൂപയില്പ്പരമാണ് കുറഞ്ഞത്.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: തിരുവനന്തപുരത്ത് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില് നിയമം ലംഘിച്ചവര് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സിപിഎമ്മിന്റെ സമ്മേളന സ്റ്റേജ് എങ്ങനെയാണ് നാട്ടിയതെന്ന് കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചാണോ സ്റ്റേജിനുള്ള കാല് നാട്ടിയത് ?. റോഡ് കുത്തിപ്പൊളിച്ചെങ്കില് അതിന് കേസ് വേറെയെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില് സിപിഐ പോഷക സംഘടനയായ ജോയിന്റ് കൗണ്സില് വഴി തടഞ്ഞാണ് സമരം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില് എങ്ങനെയാണ് സെക്രട്ടേറിയറ്റിന് മുന്നില് വഴി തടഞ്ഞ് സ്റ്റേജ് കെട്ടുക. ഇത്തരത്തില് പ്രവര്ത്തിക്കുനന്വര്ക്കെതിരെ ക്രിമിനല് നടപടിപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചു.
റോഡ് ഗതാഗതം തടഞ്ഞുള്ള സമരം പലപ്പോഴായി കോടതി വിലക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സമരങ്ങള് എങ്ങനെ നടക്കുന്നുവെന്ന് കോടതി ചോദിച്ചു. കൊച്ചി നഗരസഭയ്ക്ക് മുന്നിലും ഫുട്പാത്തില് അടക്കം സമരം നടക്കുന്നത് കാണാം. കാല്നടയാത്രക്കാര്ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.
റോഡ് തടഞ്ഞുള്ള സമ്മേളനങ്ങള്ക്ക് അനുമതി നല്കരുതെന്ന് സര്ക്കുലര് ഇറക്കിയിരുന്നതാണെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. വഞ്ചിയൂര് സമ്മേളനത്തെക്കുറിച്ച് അറിഞ്ഞപ്പോള് തന്നെ പൊലീസ് ഇടപെട്ടിരുന്നു. പരിപാടി സംഘടിപ്പിച്ചവര്ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട് എന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം 16 പ്രതികൾ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൺ വിജയകുമാർ, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. പന്തലിട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
പുരവൂർ സർക്കാർ വിദ്യാലയം ആയ എ സ്സ്. വി. യു. പി. എസ്സിന്റെ നൂറാം വാർഷികം ശതമുദ്ര എന്ന പേരിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും സഹകരണത്തോടെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ജനുവരി 11, 12 തീയതികളിൽ സ്കൂൾ ഓഡിറ്ററിയത്തിൽ അരങ്ങേറും. ജനപ്രതിനിധികൾ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും ഇതോടെനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച ഓഡിറ്ററിയത്തിന്റെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും 1925ൽ ഭാസ്കരവിലാസം സ്കൂൾ എന്ന പേരിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച പള്ളിക്കുടം പിന്നീട് സർക്കാർ ഏറ്റെടുക്കുക ആയിരുന്നു. നിലവിൽ 7-ാം ക്ലാസ്സ് വരെ ഉണ്ട്. പുരവൂർ ദേശത്തെ സംബന്ധിച്ചു സംസ്കാരത്തിൻ്റെ ബഹു രൂപീയായ ചരിത്രം ഉള്ള നൂറാണ്ട് സമൂചിതം ആയി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ എച്ച്എം ബിന്ദു കെ.ബി യും, ആഘോഷ കമ്മിറ്റി കൺവീനർ ആയ എ.കെ. ശശികുമാറും അറിയിച്ചു.
by Midhun HP News | Dec 16, 2024 | Latest News, കേരളം
കല്പ്പറ്റ: വയനാട് മാനന്തവാടിയില് ആദിവാസി യുവാവിനെ വിനോദസഞ്ചാരികള് റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങള് തമ്മിലുണ്ടായ തര്ക്കത്തില് ഇടപെട്ട കുടല്കടവ് സ്വദേശി മാതന് എന്നയാളെയാണ് കാറില് സഞ്ചരിച്ചിരുന്നവര് റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.
മാതന്റെ അരയ്ക്കും കൈകാലുകള്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. സംഭവത്തില് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര് കണ്ടെത്തിയിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.
മാനന്തവാടി പയ്യംമ്പള്ളി കൂടല് കടവില് ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള് തമ്മിലാണ് വാക്കുതര്ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തില് ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില് ഇരുന്നവര് റോഡിലൂടെ വലിച്ചിഴച്ചത്.
Recent Comments