by Midhun HP News | Dec 14, 2024 | Latest News, കേരളം
തൊടുപുഴ: മൂന്നാറിൽ ഷൂട്ടിങ് സംഘത്തെ വിറപ്പിച്ച് പടയപ്പ. സീരിയൽ സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആന ആക്രമണം നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. സീരിയല് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്.
സൈലന്റ് വാലി റോഡില് കുറ്റിയാര്വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. ഓടിയെത്തിയ ആന വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. വാഹനത്തില് ഉണ്ടായിരുന്നവര് ഓടി രക്ഷപ്പെട്ടതിനാല് കൂടുതല് അപകടം ഒഴിവായി. ആനയുടെ പരാക്രമത്തില് രണ്ട് കാറുകള്ക്കും ഒരു ബൈക്കിനും കേടുപാടുകള് സംഭവിച്ചു. സംഭവത്തെ തുടര്ന്ന് വനംവകുപ്പ് ആര്ആര്റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.
അടുത്തിടെയായി പടയപ്പ അക്രമാസക്തനാകുന്നത് ആശങ്ക വര്ധിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.
by Midhun HP News | Dec 14, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് വന് ഇടിവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ വില 57,120 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 7140 ആയി.
ഇന്നലെ പവന് വില 440 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപ.
കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പവന് വില വര്ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വയും ബുധനുമായി 1240 രൂപയാണ് കൂടിയത്.
by Midhun HP News | Dec 14, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: പി വി അൻവർ എംഎൽഎ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടിസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്.
സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണു ഫോൺ ചോർത്തിയതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഫോൺ ചോർത്തൽ. ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്കു വിദഗ്ധ ഏജൻസി വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.
by Midhun HP News | Dec 14, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
by Midhun HP News | Dec 14, 2024 | Latest News, കേരളം
കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പത്ത് കിലോമീറ്റര് ചുറ്റളവില് പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര് അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര് തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള് നിരീക്ഷണ മേഖലയില് ഉള്പ്പെടും.
2022 ലാണ് കേരളത്തില് ആദ്യമായി ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി മുന്സിപ്പാലിറ്റിയിലും തവിഞ്ഞാല് ഗ്രാമപഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര് ജില്ലയിലെ കാണിച്ചാര് ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില് രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില് 702 പന്നികളെയും കണ്ണൂര് ജില്ലയില് 247 പന്നികളെയും കൊന്നിരുന്നു.
Recent Comments