by Midhun HP News | Dec 14, 2024 | Latest News, കേരളം
പാലക്കാട്: ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ കല്ലടിക്കോട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് രാവിലെ 11.30 ന് അപകടസ്ഥലം സന്ദർശിക്കും.
മരിച്ച നാല് വിദ്യാർഥിനികളുടെ വീടുകളിലും മന്ത്രിയെത്തും. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.
by Midhun HP News | Dec 14, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രളയവും ഉരുള്പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നല്കിയ സേവനത്തിന്റെ കണക്കുകള് അക്കമിട്ട് നിരത്തി കേന്ദ്രസര്ക്കാര്. 2019ലെ രണ്ടാം പ്രളയം മുതല് വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയര്ലിഫ്റ്റ് ചെയ്ത കണക്കാണ് കേന്ദ്രം പുറത്ത് വിട്ടത്.
ഈ വകയില് സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടന് നല്കണമെന്നനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുള് പൊട്ടലിലും വ്യോമസേന എയര്ലിഫ്റ്റിങ് സേവനം നല്കിയിരുന്നു. എസ്ഡിആര്എഫിന്റെ നീക്കിയിരിപ്പില് നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.
വയനാട് ദുരന്തത്തില് പെട്ട നിരവധി പേരെയാണ് സൈന്യം എയര് ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചത്. ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നല്കണമെന്നാണ് കണക്ക് നല്കിയത്. ഇത്തരത്തില് വയനാട്ടില് നടത്തിയ രക്ഷാപ്രവര്ത്തനത്തിന് ആകെ നല്കണ്ടേത് 69,65,46,417 രൂപയാണ്. വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് സഹായം നല്കുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില് വാഗ്വാദം നടക്കുന്നതിനിടക്കാണ് ഇത്രയും തുക ആവശ്യപ്പെട്ടത്.
by Midhun HP News | Dec 14, 2024 | Latest News, കേരളം
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാര്ത്ഥിനികള് മരിച്ച സംഭവത്തില് ലോറി ഡ്രൈവര്മാര്ക്കെതിരെ നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനും, മറിഞ്ഞ സിമന്റ് ലോറിയുടെ ഡ്രൈവര്ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് മറിഞ്ഞ ലോറിയില് ഇടിച്ച ലോറിയുടെ ഡ്രൈവര് പ്രജീഷ് അറിയിച്ചതായി പൊലീസ് പറഞ്ഞു. എതിരെ ഒരു ബൈക്ക് വന്നപ്പോള് അശ്രദ്ധയോടെ വെട്ടിച്ചതാണ് അപകടത്തിനിരയാക്കിയതെന്നാണ് പ്രജീഷ് പറയുന്നത്.
പാലക്കാട് ഭാഗത്തേക്ക് വന്ന മറ്റൊരു ലോറി റോഡില് തെന്നി തന്റെ വണ്ടിയുടെ മുന്നില് ഇടിച്ചെന്ന് അപകടത്തില്പ്പെട്ട ലോറിയുടെ ഉടമ റെജി പറഞ്ഞു. ലോറിയില് രണ്ടു ഡ്രൈവര്മാരാണ് ഉണ്ടായിരുന്നത്. ഇതില് ആശുപത്രിയില് ഉള്ളയാളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മറ്റേയാളായിരുന്നു ലോറി ഓടിച്ചിരുന്നത്.
മറ്റേ വണ്ടി തട്ടിയതിനെത്തുടര്ന്ന് മുന്നിലെ ചില്ലു പൊട്ടിയിരുന്നു. തുടര്ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ള ഡ്രൈവര് പറഞ്ഞത്. പാലക്കാടു നിന്നും സിമെന്റ് എടുത്ത് കണ്ണൂര് ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരെ വന്ന വാഹനം തെന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് തന്നെ അറിയിച്ചതെന്നും ലോറി ഉടമ കൂട്ടിച്ചേര്ത്തു.
കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ സിമന്റ് ലോറിയുടെ ഡ്രൈവര് മഹീന്ദ്ര പ്രസാദിനെതിരെയും മനപൂര്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സിമന്റ് ലോറിയില് ഇടിച്ചെന്ന് പറയപ്പെടുന്ന മഹാരാഷ്ട്ര രജിസ്ട്രേഷന് ലോറിയിലെ ഡ്രൈവര് വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല് ഫോണ് ഉപയോഗിച്ചിരുന്നോ എന്നും അധികൃതര് പരിശോധിക്കുന്നുണ്ട്.
by Midhun HP News | Dec 14, 2024 | Latest News, കായികം
ചെന്നൈ: ചരിത്രമെഴുതി ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിനു പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഗുകേഷിനു സർക്കാർ 5 കോടി രൂപ നൽകും. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഫൈനലിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരൻ സ്വന്തമാക്കിയിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായും ഗുകേഷ് മാറി.
ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നൽകിയെന്നു സ്റ്റാലിൻ വ്യക്തമാക്കി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.
14ാം ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാൻ ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മർദ്ദം കൂട്ടാൻ നിൽക്കാതെ ഡി ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.
by Midhun HP News | Dec 14, 2024 | Latest News, കേരളം
ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ചഞ്ചല്ഗുഡ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാജ്യമൊട്ടാകെ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും ഇൻഡസ്ട്രികളിലുമുള്ള ഓരോരുത്തരോടും, എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ നിയമം അനുസരിക്കുന്ന ആളാണ്, ഒളിച്ചോടിയിട്ടില്ല. നിയമത്തെ ഞാൻ ബഹുമാനിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, രേവതിയുടെ കുടുംബത്തോട് ഒരിക്കൽ കൂടി എന്റെ അനുശോചനം അറിയിക്കുന്നു. അത് ശരിക്കും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഒരിക്കലും കരുതിക്കൂട്ടി ചെയ്ത ഒന്നായിരുന്നില്ല.
അന്ന് സംഭവിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ പറയുന്നു. അത് എന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒരു കാര്യമല്ലായിരുന്നു. കഴിഞ്ഞ 20 വർഷമായി എന്റെയും അമ്മാവൻമാരുടെയുമൊക്കെ സിനിമകൾ തിയറ്ററിൽ വന്ന് കാണുന്ന ആളാണ് ഞാൻ. പക്ഷേ ഇങ്ങനെ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല. ഇത് ശരിക്കും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ്.
ഞാൻ ആ കുടുംബത്തിനൊപ്പം ഉണ്ടാകും. എന്നെക്കൊണ്ട് ചെയ്യാനാകുന്നതെല്ലാം ചെയ്യും. മരിച്ചയാളുടെ നഷ്ടം നികത്താനാകത്തതാണ്, എങ്കിലും ഞാൻ എന്നും ആ കുടുംബത്തിനൊപ്പമുണ്ടാകും. നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഒരിക്കൽ കൂടി എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.”- അല്ലു അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു രാത്രി ജയിലില് കഴിഞ്ഞതിനു ശേഷമാണ് അല്ലു അർജുൻ ഇന്ന് രാവിലെ ജയിൽ മോചിതനായത്. തെലങ്കാന ഹൈക്കോടതിയില് നിന്നുള്ള ജാമ്യ ഉത്തരവ് എത്താൻ വൈകിയതോടെയാണ് നടന് ജയിലില് കഴിയേണ്ടിവന്നത്. അതേസമയം 7697-ാം നമ്പർ തടവുകാരനായ അല്ലു അർജുൻ ഇന്നലെ രാത്രി തറയിലാണ് കിടന്നുറങ്ങിയതെന്നും താരത്തിന്റെ അടുത്തവൃത്തങ്ങൾ പറയുന്നു. ചഞ്ചല്ഗുഡ ജയിലിന് പുറത്ത് നിരവധി ആരാധകരാണ് അല്ലു അർജുനെ കാത്ത് നിന്നത്.
Recent Comments