നായക്കുട്ടിയുമായി ബസില്‍ കയറി; യുവാക്കളും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം

നായക്കുട്ടിയുമായി ബസില്‍ കയറി; യുവാക്കളും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം

കൊല്ലം: കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. കൊല്ലത്തേക്ക് പോയ ബസില്‍ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. യുവാക്കളെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലാണ് നായക്കുട്ടിയുമായി രണ്ടു യുവാക്കള്‍ കയറിയത്. വിദ്യാര്‍ത്ഥികളും ഒട്ടേറെ യാത്രക്കാരും അടക്കം തിരക്കുള്ള സമയമായതിനാല്‍ നായക്കുട്ടിയുമായി കയറരുതെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുവകവെയ്ക്കാതെ ഇവര്‍ ബസില്‍ കയറി.

ബസില്‍ വെച്ച് നായ ബഹളം വെച്ചതോടെ തര്‍ക്കമായി. ഇതേത്തുടര്‍ന്ന് നായക്കുട്ടിയുമായി ഇറങ്ങണെന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയിലുമെത്തുകയായിരുന്നു. യുവാക്കള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് യുവാക്കളെയും നേരിട്ടു. ബസിനുള്ളിലും പുറത്തിറങ്ങിയും പരസ്പരം ഏറ്റുമുട്ടി. നാട്ടുകാര്‍ കൂടി ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെത്തു. വൈദ്യപരിശോധന അടക്കം നടത്തിയ ശേഷം ഇരുവരേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 32 കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 32 കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതില്‍ 11 കേസുകളും ഒരൊറ്റ അതിജീവിതയുമായി ബന്ധപ്പെട്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണസംഘത്തിന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് അന്വേഷണ പുരോഗതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണ്. നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചു. 4 കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയിരിക്കുകയാണ്. ഭീഷണി നേരിടുന്ന അതിജീവിതകളുടെ സംരക്ഷണത്തിന് നോഡല്‍ ഓഫീസറായി പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ജി.പൂങ്കഴലിയെ നിയമിച്ച കാര്യവും സര്‍ക്കാര്‍ അറിയിച്ചു.

സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേർത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് പൊലീസിന്‍റെ തീരുമാനം. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി ജോയ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റിക്ക് പിശക് ഉണ്ടായിട്ടുണ്ട്. ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങൾ പാർട്ടി ചെയ്യുമെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യു- എസ്എഫ്‌ഐയും തമ്മില്‍ വന്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്

കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യു- എസ്എഫ്‌ഐയും തമ്മില്‍ വന്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ് എഫ് ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കൊടി കെട്ടിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കെഎസ് യു പ്രവര്‍ത്തകര്‍ കെട്ടിയ കൊടി തകര്‍ത്തതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പുറത്തു നിന്നും കൂടുതല്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. കെഎസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കെ എസ് യു ക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് ക്യാംപസില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയായിരുന്നു.

ഗുരുവായൂരിലെ പൂജാസമയ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ്

ഗുരുവായൂരിലെ പൂജാസമയ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ്

ഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശി നാളില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദേവസ്വം ഭരണസമിതിക്കെതിരെയും തന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തന്ത്രിക്ക് ഏകപക്ഷീയമായി പൂജാ സമയം മാറ്റാന്‍ കഴിയുമോയെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാസമയത്തില്‍ മാറ്റം വരുത്താനാകുമോയെന്നും കോടതി ചോദിച്ചു.

തിരക്ക് നിയന്ത്രിക്കുകയെന്നത് ഭരണപരമായ കാര്യമാണ്. അതിന്റെ പേരില്‍ ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോയെന്നും കോടതി ചോദിച്ചു. ആചാരങ്ങളില്‍ മാറ്റം ഉണ്ടാകാന്‍ പാടില്ലെന്ന നിരീക്ഷണവും സുപ്രീംകോടിയുടെ ഭാഗത്തുനിന്നുണ്ടായി. കേസില്‍ എതിര്‍ കക്ഷിയായ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് അയച്ചുയ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്ന പൂജ അതുപോലെ നിലനിര്‍ത്തണം. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി വേണമെന്നും കോടതി നിര്‍ദേശിച്ചു.

ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമന പൂജ ആചാരത്തിന്റെ ഭാഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു.