പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ കഴുത്തറുത്ത് ജീവനൊടുക്കി

പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; പുരോഹിതന്‍ കഴുത്തറുത്ത് ജീവനൊടുക്കി

വാരാണസി: 24 മണിക്കൂറും പൂജ ചെയ്തിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് പുരോഹിതന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാല്‍പ്പതുകാരനായ പുരോഹിതന്‍ അമിത് ശര്‍മയാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്.

പൂജാമുറിയില്‍ നിന്ന് ‘അമ്മേ കാളി പ്രത്യക്ഷപ്പെടൂ’ എന്ന നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിയെത്തിയപ്പോഴാണ് ഇയാളെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്ന് പുരോഹിതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളി പ്രത്യക്ഷപ്പെടുമെന്ന് കരുതി പൂജാമുറി പൂട്ടിയിട്ട് ഭര്‍ത്താവ് കഠിനമായ പൂജകള്‍ ചെയ്തിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു. കഠിനമായ പൂജകള്‍ നടത്തിയിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം. കട്ടര്‍ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന ആരോപണം ശ്രീലേഖ ഉന്നയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതേ കേസില്‍ ദിലീപിന് അനുകൂലമായ തരത്തില്‍ ശ്രീലേഖ പറഞ്ഞ പ്രസ്താവനകള്‍ വിവാദമായി കാലങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ശ്രീലേഖ മറ്റൊരു അഭിമുഖത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ദിലീപ് ഈ കേസില്‍ ശിക്ഷിക്കപ്പെടില്ലെന്ന് ശ്രീലേഖ ഐപിഎസ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശ്രീലേഖ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതി നടപടികളോടുള്ള അനാദരവാണെന്നാണ് അതിജീവിത ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വര്‍ഷങ്ങള്‍ക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസില്‍ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാണ് സാധ്യത.

മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.

വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില.

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ ഹില്‍സ്‌റ്റേഷന്‍. അവിടുത്തെ തണുത്ത കാലാവസ്ഥയാണ് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നത്. 2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7% ആയിരുന്നു. ഈ വര്‍ഷം വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ഇത്തവണ വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം പറയുന്നു. ‘സ്‌കൂള്‍ പരീക്ഷകള്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും, അവധിക്കാലം ആരംഭിച്ചാല്‍, ടൂറിസം സീസണ്‍ നല്ലരീതിയിലേക്ക് മാറും, ജനുവരി പകുതി വരെ തിരക്ക് തുടരും,’ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് ഹില്‍ സ്റ്റേഷനില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുകയാണെന്നും മൂന്നാറിലെ സ്ഥിഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

കുതിച്ചു കുതിച്ച് സ്വര്‍ണ വില; രണ്ടു ദിവത്തിനിടെ ഉയര്‍ന്നത് 1240 രൂപ

കുതിച്ചു കുതിച്ച് സ്വര്‍ണ വില; രണ്ടു ദിവത്തിനിടെ ഉയര്‍ന്നത് 1240 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 7285ല്‍ എത്തി.

ഇന്നലെ പവന്‍ വില അറുന്നൂറു രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1240 രൂപയുടെ വര്‍ധന. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് വില താഴ്‌ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

നാട്ടിക പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്‍മുഖന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3 എന്നിങ്ങനെയായിരുന്നു. 9-ാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയര്‍ന്നു. തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ വാർഡ് കോൺ​ഗ്രസും, കൊടുങ്ങല്ലൂർ ന​ഗരസഭ വാർഡ് ബിജെപിയും നിലനിർത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.

കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 130 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് ( മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് സിപിഎമ്മിന്റെ പക്കല്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.