മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം 17 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു; മരണം 17 ആയി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രാകേഷ് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.

വെടിക്കെട്ടു പുര സ്‌ഫോടനത്തില്‍ രാകേഷിന് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ രാകേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചിരുന്നു. എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞദിവസം മരിച്ചു.

ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

കിടക്കയില്‍ പാമ്പ്, പൂനൂരില്‍ 22 കാരന് പാമ്പുകടിയേറ്റു; കിളിമാനൂരില്‍ യുവതിക്കും കടിയേറ്റു

കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കിളിമാനൂരില്‍ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം കാലതാമസമില്ലാതെ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 8 ജില്ലകളിലായി 23 പാമ്പുകടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്തതായി 108 ആംബുലന്‍സ് സംഘത്തിന്റെ ഡാറ്റയില്‍ വ്യക്തമാക്കുന്നു. പാമ്പുകടിയാണെന്ന് സംശയിച്ച് 108 ആംബുലന്‍സിന്റെ സഹായം തേടിയ ഒമ്പതു കേസുകള്‍ ഉണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും; വടക്കുംനാഥ സന്നിധിയിൽ ഉപചാരം ചൊല്ലിപ്പിരിയും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും; വടക്കുംനാഥ സന്നിധിയിൽ ഉപചാരം ചൊല്ലിപ്പിരിയും

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പൂരത്തിന് ഇന്ന് സമാപനമാകും. പൂരത്തിന് സമാപനം കുറിച്ച്‌ പകൽ 12:30ന്‌ ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി.

ഇനി അടുത്തപൂരത്തിന് കാണാമെന്ന് ജനാവലി പ്രഖ്യാപിക്കും. ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ, കരിമരുന്നിൽ കത്തിയമർന്ന 16 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട്‌ ഉപേക്ഷിച്ചതിനാൽ ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ട്‌ ഉണ്ടാവില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും.

വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും തൃശൂര്‍ പൂരത്തിന് മാറ്റുകുറഞ്ഞില്ല. ഇന്നു പുലര്‍ച്ചെനടക്കേണ്ടിയിരുന്ന വെടിക്കെട്ടിനു പകരം ആചാരപരമായി കതിനകള്‍ പൊട്ടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍. വടക്കുന്നാഥനിലെ നേമവെടിപൊട്ടിയ ശേഷം, വെടിക്കെട്ടിന് ഇക്കുറി ആദ്യം തിരികൊളുത്താന്‍ അവകാശമുള്ള പാറമേക്കാവ് വിഭാഗം മൂന്നു കതിനകള്‍ പൊട്ടിച്ചു. പിറകേ തിരുവമ്പാടിയും ആചാരമനുസരിച്ച് ഒരു കതിന പൊട്ടിച്ചു.

സാധാരണയായി ദിഗന്തങ്ങള്‍ വിറപ്പിക്കുന്ന വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിന്റേത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പുലര്‍ച്ചെ മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ നീളും വെടിക്കെട്ട്. ഇത്തവണ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് പ്രയോഗം പൂര്‍ണ്ണമായും ഒഴിവാക്കി. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്ന ബാബുവാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനാറായി ഉയര്‍ന്നു.

മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

മാസങ്ങളുടെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്.

യുവതിയുടെ പിതാവായ പുണ്യമൂര്‍ത്തിയും (53) സുഹൃത്തുക്കളായ എം ലോകേഷ്, ഡി രാമലിംഗം, എ കറുപ്പയ്യ എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന അജിത് കുമാറിനെ സംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പുണ്യമൂര്‍ത്തിയും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പെയ്ന്റിങ് തൊഴിലാളിയായിരുന്നു അജിത് കുമാര്‍. ഇയാളും പുണ്യമൂര്‍ത്തിയുടെ മകള്‍ കാവ്യയും പ്രണയത്തിലായിരുന്നു. അധ്യാപികയായിരുന്നു കാവ്യ. അജിത്തുമായുള്ള കാവ്യയുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടർന്ന്, ബന്ധുവായ യുവാവുമായി കാവ്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെ പ്രണയബന്ധം തകര്‍ന്നു.

2025 നവംബര്‍ 23 ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ അജിത് തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നു. കേസില്‍ അകത്തായ അജിത് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങുന്നത്. വിവരമറിഞ്ഞ പുണ്യമൂര്‍ത്തി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പകരം വീട്ടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് അജിത് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നത്. കൊലപാതകത്തിന് ശേഷം ആയുധങ്ങളോടെ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഇസ്ലാമാബാദിലേക്ക് യാത്ര തിരിക്കും മുമ്പ് മടങ്ങിയിരുന്നു. നേരെ ഒമാനിലേക്ക് പോയ അരാഗ്ചി, ഒമാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അവിടെ നിന്നാണ് ഇസ്ലാമാബാദില്‍ തിരിച്ചെത്തിയത്.

വെള്ളിയാഴ്ച മധ്യസ്ഥശ്രമത്തിന് നേതൃത്വം നല്‍കുന്ന പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍, സേനാ മേധാവി അസിം മുനീര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കാര്യത്തില്‍ ഇറാന്റെ നിലപാട് പാകിസ്ഥാനെ അറിയിച്ചിരുന്നു.

ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാർസ് ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ചർച്ചകൾ വേണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഇറാനോട്, ഒമാൻ വിദേശകാര്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി, ഫ്രാൻസ് വിദേശകാര്യ മന്ത്രി എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിക്കും.

ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള യു എസ്. പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ സംഘം ‍ഞായറാഴ്ച തിരിച്ചെത്തിയിരിക്കുന്നത്. യു.എസ്. പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്‌നർ എന്നിവർ ഇറാൻസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച പാകിസ്താനിലേക്കു പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാൽ ഇറാൻ സംഘം ഇസ്ലാമാബാദിൽ നിന്നും മടങ്ങിയതോടെ യുഎസ് സംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കുകയായിരുന്നു.