by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവര് ലീഫ് മോഡൽ നിര്മ്മിതിക്ക് ദേശീയ പാത അതോറിറ്റിയുടെ പച്ചക്കൊടി. സ്ഥലം ഏറ്റെടുക്കൽ ശുപാര്ശകൾ കൂടി പരിഗണിച്ച് നിര്മ്മാണ പ്രവര്ത്തനങ്ങൾക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും. മോഹവിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശുപാര്ശയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗര്ഭ റെയിൽപാതക്കും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ പൂര്ത്തിയാക്കി അംഗീകാരം ആയി.
വിഴിഞ്ഞം തുറമുഖത്തു നിന്ന് കണ്ടെയ്നറുകൾ റോഡ് റെയിൽ മാര്ഗ്ഗം കൊണ്ടുപോകുന്നതിനും നാടിന്റെ വിവിധ മേഖലകളിൽ നിന്ന് വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആണ് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നത്. തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിലേക്കുള്ള കണക്റ്റിവിറ്റിയാണ് സർവീസ് റോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡും സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിര്മ്മിതി. ദേശീയപാതയോട് ചേരുന്ന ഭാഗത്താണ് ഗതാഗതം സുഗമാക്കുന്നതിന് ക്ലോവര് ലീഫ് മാതൃകയിൽ നിര്മ്മാണം നടത്തുന്നത്.
തുറമുഖത്ത് നിന്നു ദേശീയ പാതയിലേക്കും റിംഗ് റോഡിലേക്കും പലവഴി ഗതാഗതം സുഗമമാക്കുന്നതാണ് ഈ മോഡൽ. കൊങ്കൺ റെയിൽ നൽകിയ പ്ലാനാണ് ഭൂഗര്ഭ റെയിൽപാതക്ക് ഏറെ അനുയോജ്യമെന്ന് കണ്ടെത്തിയാണ് തുടര് നടപടി. 10.7 കിലോമീറ്റര് റെയിൽ പാതയിൽ 9.2 കിലോമീറ്ററും നിലവിൽ റോഡിനടിയിൽ നിര്മ്മിക്കുന്ന തുരങ്കം വഴിയാണ്. ബാക്കി വരുന്ന 20 ശതമാനം പണികൾക്കായി 5.5 ഹെക്ടര് ഏറ്റെടുക്കും. റെയിൽ റോഡ് കണക്റ്റിവിറ്റികൾ പൂര്ത്തിയാകാൻ എടുക്കുന്ന കാലതാമസം തുറമുഖത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കാതിരിക്കാനും ബദൽ ക്രമീകരണങ്ങളുണ്ടാക്കുമെന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അധികൃതര് പറയുന്നത്. സര്വ്വീസ് റോഡ് സജ്ജമാക്കാനും ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ കണ്ടെയ്നര് യാർഡ് സജ്ജമാക്കാൻ റെയിൽവെയെ സമീപിക്കാനും തീരുമാനം ആയിട്ടുണ്ട്.
by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത്. പഴയ ചുരിദാറുകൾ, ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്.
പ്രവർത്തിപരിചയ അധ്യാപികയായ അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, ഷാബിമോൻ എസ് എൻ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന എസ്, മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി പകരം തുണിസഞ്ചികൾ നമ്മുടെ വീടുകളിലും സ്കൂളുകളിലും ഉപയോഗിക്കണം എന്നുള്ള സന്ദേശം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.
by Midhun HP News | Dec 7, 2024 | Latest News, ദേശീയ വാർത്ത
പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു.
എക്സിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
‘സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും.’- അല്ലു അർജുൻ പറഞ്ഞു. സന്ധ്യ തിയറ്ററില് രാത്രി 11 മണിക്കാണ് പ്രീമിയര് ഷോ ഒരുക്കിയത്.
തിയറ്ററിന് മുന്നില് മണിക്കൂറുകള്ക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകര് തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്ജുന് കുടുംബ സമേതം സിനിമ കാണാന് എത്തി. താരത്തെ കണ്ടതോടെ ആരാധകര് തിയറ്ററിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടയില് നിന്നും മകൻ ശ്രീതേജിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രേവതി വീണത്. ആളുകള് ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര് വീണു. ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീതേജിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില് അല്ലു അര്ജുനെതിരെയും അദ്ദേഹത്തിന്റെ സുരക്ഷ സംഘത്തിനെതിരെയും, തിയറ്റര് മാനേജ്മെന്റിനെതിരെയും പൊലീസ് കേസെടുത്തു. താരം എത്തുന്നത് പൊലീസിനെ മുന്കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
by Midhun HP News | Dec 7, 2024 | Latest News, കേരളം
പാലക്കാട്: ധോണിയിൽ കുങ്കിയാനയെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് അഗസ്ത്യൻ എന്ന കുങ്കിയാനയെ ഒറ്റയാൻ ആക്രമിച്ചത്. ഒറ്റയാന്റെ കുത്തേറ്റ് കുങ്കിയാനയ്ക്ക് കഴുത്തിനു പരിക്കേറ്റു. നിലവിൽ കുങ്കിയാന ചികിത്സയിലാണ്. ധോണി ആനത്തവാളത്തിലേക്ക് കയറിയാണ് ഒറ്റയാന്റെ ആക്രമണം. സോളാർ വേലി തകർത്തു അകത്തു കയറിയ ഒറ്റയാൻ അഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 7, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: കഴിഞ്ഞ പത്തുവര്ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില് കേരളം മൂന്നാംസ്ഥാനത്ത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല് തൊഴിലാളി സമരങ്ങള് നടന്നത്.
രാജ്യത്താകമാനം നടന്ന1439 തൊഴില് സമരങ്ങളില് 415 എണ്ണം തമിഴ്നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില് 217 (15%) സമരങ്ങള് നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില് നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്നും തൊഴില് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരംമൂലം ഏറ്റവും കൂടുതല് തൊഴില്ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്. സമരങ്ങള്മൂലം ആകെ ഉല്പാദനത്തിന്റെ 1.68 ശതമാനം കേരളത്തിന് നഷ്ടമായി.
Recent Comments