by Midhun HP News | Dec 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം (2025-26) ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടിയിട്ടുണ്ട്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
തിരുവനന്തപുരം: കിഴക്കെകോട്ടയില് ബസുകള്ക്കിടയില്പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര് മാനേജര് ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
സീബ്രാലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്ക്കിടയില് അകപ്പെട്ട് പോവുകയായിരുന്നു. കെഎസ്ആര്ടിസി ബസ് മുന്നോട്ടെടുക്കുമ്പോള് തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഉടന് തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉല്ലാസിനെ മെഡിക്കല് കോളജില് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല് കോളേജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
മിച്ചല് സ്റ്റാര്ക്കിന്റെ തീ പാറും പന്തുകള്ക്ക് മുന്നില് പിടിച്ചുനില്ക്കാന് കഴിയാതെ ഇന്ത്യന് ടീം ചെറിയ സ്കോറില് പുറത്താകുന്നതാണ് അഡ്ലെയ്ഡില് കണ്ടത്. ബോര്ഡര്- ഗാവസ്കര് ട്രോഫി ടെസ്റ്റ് പരമ്പരയില് ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില് ഇന്ത്യ 180 റണ്സിനാണ് പുറത്തായത്. ആറു വിക്കറ്റുകള് വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല് കൂടി വെളിവാക്കിയിരിക്കുകയാണ് സ്റ്റാര്ക്ക്.
ഇതോടൊപ്പം രണ്ടു റെക്കോര്ഡുകളും ഈ ഇടങ്കയ്യന് പേസര് സ്വന്തമാക്കി. പിങ്ക് പന്തില് നാലുതവണയാണ് അഞ്ചുവിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയത്. പിങ്ക് പന്ത് ഉപയോഗിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില് മറ്റൊരു താരവും രണ്ടു തവണയില് കൂടുതല് അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല.
ഓസ്ട്രേലിയയുടെ തന്നെ താരമായ ജോഷ് ഹെയ്സല്വുഡ് (2), യാസിര് ഷാ (2), ട്രെന്ഡ് ബോള്ട്ട് (2) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നേട്ടം. പിങ്ക് പന്തില് 70ലധികം വിറ്റുകള് നേടുന്ന ആദ്യ താരവും സ്റ്റാര്ക്കാണ്. രണ്ടാം ടെസ്റ്റില് ആദ്യ ഇന്നിംഗ്സില് ഇന്ത്യയുടെ അഞ്ചുവിക്കറ്റുകള് നേടിയതോടെയാണ് സ്റ്റാര്ക്ക് 70 വിക്കറ്റ് തികച്ചത്. നിലവില് 71 വിക്കറ്റുകളാണ് സ്റ്റാര്ക്കിന്റെ സ്വന്തം പേരില് ഉള്ളത്. നാഥന് ലിയോണ് (43), ഹെയ്സല്വുഡ് (37), പാറ്റ് കമ്മിന്സ് (34), ജയിംസ് ആന്ഡേഴ്സണ് എന്നിവരാണ് തൊട്ടുപിന്നില്.
by Midhun HP News | Dec 6, 2024 | Latest News, കേരളം
പത്തനംതിട്ട: അയ്യപ്പഭക്തര്ക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും ഇനി വിരല്ത്തുമ്പില്. പത്തനംതിട്ട ജില്ലാ പൊലീസ് സൈബര് സെല് തയ്യാറാക്കിയ ‘ശബരിമല പൊലീസ് ഗൈഡ്’ എന്ന പോര്ട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്ദേശാനുസരണമാണ് പോര്ട്ടലിന് രൂപം നല്കിയതെന്ന് കേരള പൊലീസ് അറിയിച്ചു.
ക്യൂ ആര് കോഡ് സ്കാന് ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയിലാണ് പോര്ട്ടല്. ഇംഗ്ലീഷില് തയ്യാറാക്കിയ പൊലീസ് ഗൈഡില് തീര്ത്ഥാടകര്ക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തര് ചെയ്യേണ്ടതും ചെയ്യാന് പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിര്ദേശങ്ങളും അടങ്ങിയിരിക്കുന്നു. പൊലീസ് ഹെല്പ്ലൈന് നമ്പറുകള്ക്ക് പുറമെ പൊലീസ് സ്റ്റേഷനുകളുടെയും ഗതാഗതം, ആരോഗ്യം, കെ എസ് ആര് ടി സി, ആംബുലന്സ്, അഗ്നിരക്ഷാസേന, ഭക്ഷ്യസുരക്ഷ, ദേവസ്വം ഓഫീസ് എന്നിവയുടെയും ഫോണ് നമ്പറുകളും ഇതില് കൊടുത്തിട്ടുണ്ട്. തുടര്ന്ന്, പൊതുവിവരങ്ങള് എന്ന തലക്കെട്ടില് ശബരിമലയുടെ ഐതിഹ്യം, ചരിത്രം, വിവിധ ഉത്സവങ്ങള്, ഇരുമുടിക്കെട്ട് എന്നിവയുടെ വിശദമായ വിവരണം നല്കിയിട്ടുണ്ട്.
വാഹനങ്ങളുടെ പാര്ക്കിംഗ് ഗ്രൗണ്ടുകള്, വിവിധ ജില്ലകളില് നിന്നും ശബരിമലയിലേയ്ക്കുള്ള പാതകള് എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ പോര്ട്ടലില് ഉണ്ട്. പത്തനംതിട്ട ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധിയിലും ഇടത്താവളങ്ങളായി പ്രവര്ത്തിക്കുന്ന സ്ഥലങ്ങള്, ഗ്രൗണ്ടുകള്, ദര്ശനവഴി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും വിശദമായി നല്കിയിട്ടുണ്ട്. സോപാനം, മാളികപ്പുറം, ആഴി, അരവണ കൗണ്ടര് തുടങ്ങി അയ്യപ്പന്റെ സന്നിധിയിലേക്കുള്ള അയ്യപ്പഭക്തരുടെ സഞ്ചാരവഴികളിലെ എല്ലാ ഇടങ്ങളും ഗൂഗിള് മാപ്പില് ലഭ്യമാക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം ആശുപത്രികളുടെ സേവനം, നിലയ്ക്കല് പാര്ക്കിംഗ് കേന്ദ്രം എന്നിങ്ങനെ അറിയേണ്ടതെല്ലാം വ്യക്തമാക്കുന്ന പൊലീസ് ഗൈഡ് അവസാനിക്കുന്നത് കാലാവസ്ഥ അറിയിപ്പിലാണ്. വിവരങ്ങള് യഥാസമയം പുതുക്കി നല്കുന്നതിന് സാധിക്കുംവിധമാണ് ഗൈഡ് ഒരുക്കിയിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
by Midhun HP News | Dec 6, 2024 | Latest News, കേരളം
കൊച്ചി: നടന് ദിലീപിന് ശബരിമലയില് വിഐപി പരിഗണന നല്കിയതിനെ രൂക്ഷമായി വിമര്ശിച്ച് ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തില് ദേവസ്വം ബോര്ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള് ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് നടന് ദിലീപ് ശബരിമലയില് ദര്ശനം നടത്തിയത്. ദേവസ്വം ബോര്ഡിന്റെ ഉദ്യോഗസ്ഥര് ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്ശനം നടത്താന് സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്ന്നത്. ഹരിവരാസനം കീര്ത്തനം പൂര്ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
ശബരിമലയില് ആര്ക്കും പ്രത്യേക പരിഗണന നല്കരുതെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. വിര്ച്വല് ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. അതിനാല് ആ രീതിയില് തന്നെ കാര്യങ്ങള് പൂര്ണമായും നടക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്ഷങ്ങളിലും ദിലീപ് ശബരിമലയില് ദര്ശനം നടത്തിയിരുന്നു.
Recent Comments