by Midhun HP News | Dec 6, 2024 | Latest News, കേരളം
കൊച്ചി: നടന് ദിലീപിന് ശബരിമലയില് വിഐപി പരിഗണന നല്കിയതിനെ രൂക്ഷമായി വിമര്ശിച്ച് ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തില് ദേവസ്വം ബോര്ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള് ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് നടന് ദിലീപ് ശബരിമലയില് ദര്ശനം നടത്തിയത്. ദേവസ്വം ബോര്ഡിന്റെ ഉദ്യോഗസ്ഥര് ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്ശനം നടത്താന് സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്ന്നത്. ഹരിവരാസനം കീര്ത്തനം പൂര്ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.
ശബരിമലയില് ആര്ക്കും പ്രത്യേക പരിഗണന നല്കരുതെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. വിര്ച്വല് ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. അതിനാല് ആ രീതിയില് തന്നെ കാര്യങ്ങള് പൂര്ണമായും നടക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്ഷങ്ങളിലും ദിലീപ് ശബരിമലയില് ദര്ശനം നടത്തിയിരുന്നു.
by Midhun HP News | Dec 6, 2024 | Latest News, ദേശീയ വാർത്ത
ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി. വ്യാഴം ഗ്രഹത്തിൻ്റെ ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ചയായിരിക്കും ശനിയാഴ്ച നിരീക്ഷകർക്ക് സമ്മാനിക്കുക. ശനിയാഴ്ച വൈകിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ നിന്നും വ്യാഴം ശോഭയേറിയ ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയരും. പിറ്റേന്ന് രാവിലെ സൂര്യൻ കിഴക്കുദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ ശനിയാഴ്ച രാത്രി മുഴുവൻ സമയവും ആകാശത്ത് വ്യാഴത്തെ വ്യത്യസ്ത സ്ഥാനങ്ങളിലായി കാണാം.
പാതിരാത്രി വ്യാഴം നമ്മുടെ ഉച്ചിയിലെത്തുമ്പോൾ കാഴ്ച കൂടുതൽ മനോഹരമാകും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും നേർരേഖയിൽ വരുന്ന ഓപ്പോസിഷൻ എന്ന പ്രതിഭാസമാണിത്. എല്ലാ ഗ്രഹങ്ങൾക്കും ഓപ്പോസിഷനുകൾ ഉണ്ടാകാറുണ്ട്. ഓപ്പോസിഷൻ ദിവസങ്ങളിൽ ഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നതിനാൽ അവയെ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും കാണാനാകും.
ടെലിസ്കോപ്പിലൂടെ നോക്കി വ്യാഴത്തിൻ്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യ സമയമാണ്
ഓപ്പോസിഷൻ കാലം.
by Midhun HP News | Dec 6, 2024 | Latest News, കേരളം
തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില് നടന് സിദ്ദിഖ് അറസ്റ്റില്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്കോട്ടിക് സെല് അസിസ്റ്റന്റ് കമ്മീഷണര്ക്ക് മുന്നില് ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന് ഷഹീന് സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
നേരത്തേ സുപ്രീം കോടതിയില് നിന്ന് സിദ്ദിഖ് മുന്കൂര് ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില് ഹാജരാക്കി ജാമ്യം നല്കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും.
2016ല് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില് സിദ്ദിഖ് താമസിച്ച മുറിയില്വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇത് പ്രകാരം സെക്ഷന് 376 ബലാത്സംഗം, 506 ക്രിമിനല് ഭീഷണിപ്പെടുത്തല് എന്നിവ പ്രകാരമുള്ള കുറ്റങ്ങള് സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.
by Midhun HP News | Dec 6, 2024 | Latest News, കായികം
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്ക് 4 വിക്കറ്റുകള് നഷ്ടമായി. ആദ്യ പന്തില് തന്നെ ഓപ്പണര് യശസ്വി ജയ്സ്വാളിനെ നഷ്ടമായി ഞെട്ടല് തുടക്കമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. താരം ഗോള്ഡന് ഡക്കായി മടങ്ങുകയായിരുന്നു. യശസ്വി ജയ്സ്വാളിനെ മിച്ചല് സ്റ്റാര്ക്ക് വിക്കറ്റിനു മുന്നില് കുരുക്കി.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില് 82 റണ്സെന്ന നിലയില്. നിലവില് ഋഷഭ് പന്തും ക്യാപ്റ്റന് രോഹിത് ശര്മയുമാണ് ക്രീസില്. യശസ്വി പുറത്തായ ശേഷം ക്രീസില് ഒന്നിച്ച കെഎല് രാഹുല്- ശുഭ്മാന് ഗില് സഖ്യം ഇന്നിങ്സ് നേരെയാക്കാന് ശ്രമം നടത്തുന്നതിനിടെ സ്റ്റാര്ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്ക്ക് ലാബുഷെയ്നിന്റെ കൈയില് എത്തിച്ചു. രാഹുല് 37 റണ്സുമായി മടങ്ങി.
പിന്നാലെ വന്ന വിരാട് കോഹ്ലിയും തിളങ്ങിയില്ല. താരം 7 റണ്സുമായി കൂടാരം കയറി. സ്റ്റാര്ക്കിന്റെ പന്തില് കോഹ്ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്സുമായി ശുഭ്മാന് ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്സാണ് എടുത്തത്. ഗില്ലിനെ സ്കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില് കുരുക്കുകയായിരുന്നു.
by Midhun HP News | Dec 6, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: ഈട് രഹിത കാര്ഷിക വായ്പയുടെ പരിധി റിസര്വ് ബാങ്ക് ഉയര്ത്തി. ഈട് നല്കാതെ തന്നെ കര്ഷകര്ക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില് പരിധി 1.6 ലക്ഷം രൂപയായിരുന്നു.
പണ വായ്പാനയ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് ആണ് കേന്ദ്രബാങ്കിന്റെ തീരുമാനം അറിയിച്ചത്. പണപ്പെരുപ്പവും കാര്ഷിക ചെലവ് വര്ധിച്ചതും കണക്കിലെടുത്താണ് കര്ഷകര്ക്ക് അനുകൂലമായ തീരുമാനം ആര്ബിഐ സ്വീകരിച്ചത്.
നിലവില്, ബാങ്കുകള് ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാര്ഷിക വായ്പയായി നല്കുന്നുണ്ട്. 2010ല് നിശ്ചയിച്ച ഒരു ലക്ഷം രൂപയില് നിന്ന് 2019ലാണ് 1.6 ലക്ഷം രൂപയായി പരിധി ഉയര്ത്തിയത്. പുതിയ തീരുമാനം അംഗീകൃത വായ്പാ സംവിധാനത്തില് ചെറുകിട നാമമാത്ര കര്ഷകരുടെ പരിരക്ഷ വര്ദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
Recent Comments