‘മധു മുല്ലശ്ശേരിക്ക് ഏത് പാർഎ ട്ടിയിലേക്കും പോകാം, പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനം’; വി ജോയ്

‘മധു മുല്ലശ്ശേരിക്ക് ഏത് പാർഎ ട്ടിയിലേക്കും പോകാം, പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനം’; വി ജോയ്

സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐഎം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി ജോയ്.

പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറിയുടെ വാർത്താകുറിപ്പിൽ പറയുന്നു.സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികൾ ലഭിച്ചിട്ടുണ്ട്. പേരെടുത്ത് പാർട്ടി സഖാക്കൾ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും വി. ജോയ് പറഞ്ഞു.

അതേസമയം മധു മുല്ലശ്ശേരി ഇന്ന് ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന നേതാക്കൾ, മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. മധു മുല്ലശ്ശേരിയെ പൂർണമായും തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു.

പിന്നോട്ടെടുത്ത ബസ് മുന്നോട്ടുകുതിച്ചു; സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി

പിന്നോട്ടെടുത്ത ബസ് മുന്നോട്ടുകുതിച്ചു; സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി

തൊടുപുഴ: സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്റ്റാന്‍ഡിനുള്ളില്‍ കസേരയിലിരുന്ന കുമളി അരമിനിയില്‍ വിഷ്ണു ബസിനടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കുമളി – മൂന്നാര്‍ റൂട്ടില്‍ ഓടുന്ന ദിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.

പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായുള്ള കസേരയില്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയില്‍പെട്ടതിനാലാണു വിഷ്ണുവിനു പരുക്കേല്‍ക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്‍ കുടുങ്ങുകയും ചെയ്തു.

സംഭവത്തില്‍ യുവാവിന് പരിക്ക് ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഇടുക്കി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പില്‍ കേസ്

‘അകലം പാലിച്ചില്ല’; തൃപ്പൂണിത്തുറ ആന എഴുന്നള്ളിപ്പില്‍ കേസ്

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ വനംവകുപ്പ് കേസെടുത്തു. ഹൈക്കോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതിക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

മഴ മൂലമാണ് മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാര്‍ഗരേഖയില്‍ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.

നവീന്‍ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

നവീന്‍ബാബുവിന്റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ തെളിവുകള്‍ സംരക്ഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജില്ലാ കലക്ടറുടേത് അടക്കം കേസില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍ കോളുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി; നാളെ റേഷന്‍ കടകള്‍ക്ക് അവധി

നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി; നാളെ റേഷന്‍ കടകള്‍ക്ക് അവധി

തിരുവനന്തപുരം: നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ചു മുതല്‍ ( വ്യാഴാഴ്ച) വിതരണം ചെയ്തുതുടങ്ങും. നീല കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 5 കിലോ അരിയും 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.