ഡോ. ജെ. സി.ഡാനിയൽ നാഷണൽ അവാർഡ് കവലയൂർ എസ്. താണുവൻ ആചാരിക്ക്

ഡോ. ജെ. സി.ഡാനിയൽ നാഷണൽ അവാർഡ് കവലയൂർ എസ്. താണുവൻ ആചാരിക്ക്

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ഡോ. ജെ.സി.ഡാനിയലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വച്ച് സുപ്രസിദ്ധ സിനിമാ നടൻ പ്രേംകുമാറിൽ നിന്നും ജെ.സി. ഡാനിയേൽ ‘ഗുരുരത്ന’ നാഷണൽ അവാർഡ് കവിയും അധ്യാപകനുമായ കവലയൂർ എസ് താണുവാൻ ആചാരി ഏറ്റുവാങ്ങി. ഗാന്ധി സ്മാരക വൈസ് ചെയർമാൻ വി.കെ.മോഹൻ അധ്യക്ഷനായ സമ്മേളനം ഹൈക്കോടതി ജഡ്ജി ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയൽ ഉൾപ്പെട്ട ഡാനിയൽ കുടുംബത്തിന്റെ സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടി.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 2280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,20,640 രൂപയാണ്. ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15080 രൂപ.

ഇന്നലെ രാവിലെ പവന് 360 രൂപ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ വീണ്ടും കുത്തനെ ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1760 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രാവിലെയും വൈകീട്ടുമായി രണ്ടായിരത്തില്‍പ്പരം രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

‘വസ്ത്രങ്ങള്‍ വിലക്കുറവില്‍’, സുഡിയോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം

‘വസ്ത്രങ്ങള്‍ വിലക്കുറവില്‍’, സുഡിയോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം

കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ സുഡിയോയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് പ്രചരിപ്പിച്ചും സൗജന്യ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമുള്ള തട്ടിപ്പില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്/ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് പൊലീസ് പറയുന്നു. യഥാര്‍ഥ വെബ്‌സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ് വ്യക്തമാക്കി.

ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങള്‍ നല്‍കുന്നതും അപകടമാണ്. വ്യാജ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ വൈറസോ മാല്‍വേറുകളോ ലിങ്ക് തുറക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണത്തില്‍ കയറാം. വിവരങ്ങള്‍ നല്‍കുന്ന ഉടന്‍ തട്ടിപ്പുകാര്‍ ഒടിപി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. തട്ടിപ്പ് ലിങ്കുകളാണെങ്കില്‍ ചിലപ്പോള്‍ കമ്പനിയുടെ പേരില്‍ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോള്‍ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.

ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുകയോ അതിന് ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന് വിധേയനായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാകും സേവനം നല്‍കുക. അത്യാഹിത വിഭാഗങ്ങളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കൂ. വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാര്‍ വിട്ടു നില്‍ക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും.

ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. നഴ്‌സുമാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കി.

വി. ശിവപ്രസാദ് (92) അന്തരിച്ചു

വി. ശിവപ്രസാദ് (92) അന്തരിച്ചു

ആറ്റിങ്ങൽ: വീരളം ക്ഷേത്രത്തിന് പുറകു വശം രാഗത്തിൽ (വി.വി.എം.ആർ.എ:3) വി. ശിവപ്രസാദ് (92)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ:എച്ച്.എസ്.എസ്, വക്കം,മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) അന്തരിച്ചു.

ഭാര്യ: എൻ ഇന്ദിര (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്).
മക്കൾ: എസ് സജിത്ത് (ശ്രീരാഗം പേപ്പർമാർട്ട്, ആറ്റിങ്ങൽ), എസ് പ്രേംജിത്ത് (യു.എസ്.എ), എസ് മഞ്ജിത്ത്
(ടെക്നിക്കൽ യൂണിവേഴ്സിറ്റി, തിരുവന്തപുരം).
മരുമക്കൾ: ദീപ ആർ വിജയൻ, ഡി അനുപമ, ഡോ:എസ് ജിഷ (പ്രിൻസിപ്പൽ സയിന്റിഫിക്ക് ഓഫീസർ, ബയോഡൈവേഴ്സിറ്റി ബോർഡ്,തിരുവനന്തപുരം)

സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്