by Midhun HP News | Nov 29, 2024 | Latest News, കേരളം
കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര് പ്രജിത്തിനെയാണ് മോട്ടോര് വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന് തുക പിഴയായും ഈടാക്കി.
കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര് യാത്രാക്കൂലി ഇനത്തില് 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില് നിന്നും പാലാരിവട്ടം സംസ്കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര് ഓടിയതിന് ഡ്രൈവര് 420 രൂപ ആവശ്യപ്പെട്ടു. റോബിന് ഇത് ചോദ്യം ചെയ്തെങ്കിലും ഡ്രൈവര് 400 രൂപ ഓട്ടോക്കൂലി വാങ്ങി. തുടര്ന്ന് യാത്രക്കാരൻ മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്കുകയായിരുന്നു.ഇതിന് പിന്നാലെ എറണാകുളം ആര്ടിഒ ടി എം ജേഴ്സന്റെ നിര്ദേശപ്രകാരം അസി. മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര് എന് എസ് ബിനു ഡ്രൈവറെ വീട്ടിലെത്തി പ്രജിത്തിനെ പിടികൂടുകയായിരുന്നു. ശേഷം 5,500 രൂപ പിഴയും ചുമത്തി. ഓട്ടോയില് നടത്തിയ പരിശോധനയില് അമിത കൂലിക്ക് മാത്രമല്ല, നിയമം ലംഘിച്ച് വണ്ടിയില് രൂപമാറ്റം വരുത്തിയതിന് കൂടിയാണ് പിഴ ഈടാക്കിയത്.
by Midhun HP News | Nov 29, 2024 | Latest News, കേരളം
ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
by Midhun HP News | Nov 29, 2024 | Latest News, സിനിമ
കൊച്ചി: പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറയുന്നു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്മാണ കമ്പനികള്ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്കിയതെന്നും ഇതില് അനധികൃത ഇടപാടുകള് നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.
by Midhun HP News | Nov 29, 2024 | Latest News, ദേശീയ വാർത്ത
ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ മക്കൾ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയൂ. റിസർവേഷൻ കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്ലെെൻ ടിക്കറ്റുകൾക്ക് മാത്രമേ പേര് മാറ്റാനാകൂ. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓപ്ഷൻ ലഭ്യമാകില്ല.
ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയുംഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റാനാകും. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിൽ ബന്ധപ്പെടാം.
ഇതിനായി ആദ്യം അപേക്ഷ നൽകണം. കൂടാതെ ടിക്കറ്റിൽ പേരുള്ള ആളുടെയും ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത് അവരുടെയും ഐഡി പ്രൂഫും നൽകണം.
ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറുമായി ബന്ധപ്പെടണം. തീയതി മാറ്റാനുള്ള അപേക്ഷക്കൊപ്പം യഥാർത്ഥ ടിക്കറ്റും നൽകണം. കൺഫേം ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഒരാൾ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ പേരും തീയതിയും മാറ്റുകയെന്ന ബുദ്ധിമുട്ട് മാറ്റാൻ കൂടിയാണ് ഈ സൗകര്യം കൊണ്ടുവന്നത്.
by Midhun HP News | Nov 29, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കൂടി 57000ന് മുകളില് എത്തി. ഇന്ന് 560 രൂപ വര്ധിച്ചതോടെയാണ് ഒരു പവന് സ്വര്ണത്തിന്റെ വില 57,000 കടന്നത്. 57,280 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്ധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില് 59,080 രൂപയായിരുന്നു സ്വര്ണവില. ഒരുഘട്ടത്തില് സ്വര്ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല് പിന്നീടുള്ള ദിവസങ്ങളില് ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്ണവിലയെ സ്വാധീനിക്കുന്നത്.
Recent Comments